ബിന്യമിൻ നെതന്യാഹു
തെൽ അവീവ്: യൂറോപ്പിലെ ഏറ്റവും അടുത്ത സഖ്യകക്ഷി രാജ്യങ്ങളിലൊന്നായ യു.കെയെ (യുനൈറ്റഡ് കിങ്ഡം) പരിഹസിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ‘ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടൻ’ എന്നാണ് യു.കെയെ നെതന്യാഹു വിശേഷിപ്പിച്ചത്.
ബ്രിട്ടീഷ് മാധ്യമങ്ങളുടെ ഇസ്രായേൽ വിരുദ്ധ വാർത്തകളെ വിമർശിച്ചാണ് വ്യാഴാഴ്ച സംപ്രേഷണം ചെയ്ത ‘മെലെക് ബ്ലിറ്റ്സർ ഹൈം’ എന്ന ഇസ്രായേലി പോഡ്‌കാസ്റ്റിൽ നെതന്യാഹുവിന്‍റെ പരാമർശം. 1967ലെ ആറു ദിന യുദ്ധത്തിൽ ഇസ്രായേലിന് അനുകൂലമായി വാർത്ത നൽകിയ ബ്രിട്ടീഷ് എഴുത്തുകാരൻ റാൻഡോൾഫ് ചർച്ചിലിനെ പ്രശംസിച്ച നെതന്യാഹു, ഇന്ന് ബ്രിട്ടനിൽ ചെന്നാൽ അത് കാണാനാകില്ലെന്നും ഇപ്പോൾ അതിനെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടൻ എന്ന് വിളിക്കാം എന്നുമാണ് പരിഹസിച്ചത്.
യു.കെ ആദ്യത്തെ ഇസ്ലാമിക ആണവായുധ രാജ്യമായേക്കാം എന്ന് ജെ.ഡി. വാൻസ് 2022ൽ നടത്തിയ പരാമർശവും പോഡ്കാസ്റ്റിൽ നെതന്യാഹു എടുത്തുപറയുന്നുണ്ട്. ഇറാനെ ആണവായുധ ശേഷി കൈവരിക്കുന്നതിൽനിന്ന് തടയുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. അതേസമയം, ഇസ്രായേൽ പ്രധാനമന്തിയുടെ പ്രസ്താവനയെ അപലപിച്ച് ബ്രിട്ടീഷ്-ഐറിഷ് ജൂത സംഘടനകൾ രംഗത്തെത്തി. ഇത് വെറുപ്പുളവാക്കുന്നതും ഭിന്നിപ്പുണ്ടാക്കുന്നതുമാണെന്ന് അവർ പ്രതികരിച്ചു. “യഹൂദവിരുദ്ധതയും മുസ്ലീം വിദ്വേഷവും സാമൂഹിക ഭിന്നതയും നമ്മുടെ രാജ്യത്തുടനീളം ഭീതി പരത്തുന്ന ഈ സമയത്ത്, ഇത്തരം ഭാഷ അപകടകരവും ഉത്തരവാദിത്തമില്ലാത്തതുമാണെന്ന് മൂവ്‌മെന്റ് ഫോർ പ്രോഗ്രസീവ് ജൂദായിസത്തിന്റെ നേതാക്കളായ റാബ്ബി ചാർലി ബാഗിൻസ്‌കിയും റാബ്ബി ജോഷ് ലെവും പറഞ്ഞു.
പ്രധാനമന്ത്രി നെതന്യാഹു ബ്രിട്ടീഷ് ജൂതന്മാർക്ക് വേണ്ടി സംസാരിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ വാക്കുകൾ തങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. 2024ൽ യു.കെയിൽ ലേബർ പാർട്ടി അധികാരത്തിൽ വന്നതിനു പിന്നാലെയാണ് ഇസ്രായേൽ-ബ്രിട്ടീഷ് ബന്ധത്തിൽ വിള്ളലുകളുണ്ടാകുന്നത്. മുൻ പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ കീഴിൽ, യു.കെ ഇസ്രായേലുമായുള്ള സ്വതന്ത്ര വ്യാപാര ചർച്ചകൾ താൽക്കാലികമായി നിർത്തിവെക്കുകയും ഏതാനും ആയുധ കയറ്റുമതി ലൈസൻസുകൾ മരവിപ്പിക്കുകയും ചെയ്തിരുന്നു.
കൂടാതെ, ഫ്രാൻസിനു സമാനമായി ഇസ്രായേലിലെ തീവ്രവലതുപക്ഷ മന്ത്രിമാരായ ഇറ്റാമർ ബെൻഗ്വിർ, ബെസാലെൽ സ്‌മോട്രിച്ച് എന്നിവർക്ക് മേൽ യു.കെ ഉപരോധവും ഏർപ്പെടുത്തി. കഴിഞ്ഞ വർഷം ഫ്രാൻസ്, കാനഡ തുടങ്ങിയ സഖ്യകക്ഷികൾക്കൊപ്പം യു.കെയും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.