ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല തടഞ്ഞ സംഭവം: ഇസ്രായേൽ മന്ത്രി ഇതാമർ ബെൻഗ്വിറിനെതിരെ കേസെടുത്ത് ഇറ്റലി

റോം: ഗസ്സയിലേക്ക് പുറപ്പെട്ട ഫ്ലോട്ടില്ല കപ്പലിലെ സമാധാന പ്രവർത്തകരെ പീഡിപ്പിച്ച സംഭവത്തിൽ ഇസ്രായേലിലെ തീവ്രവലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ-ഗ്വീറിനെതിരെ ഇറ്റാലി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം നടന്ന സംഭവത്തിൽ ഇറ്റാലിയൻ പൗരന്മാരെ തട്ടിക്കൊണ്ടുപോകൽ, പീഡിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ബെൻ-ഗ്വീറിനെതിരെ അന്വേഷണം നടത്തുന്നതെന്ന് ഇറ്റാലിയൻ നീതിന്യായ വകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പ്രാഥമിക അന്വേഷണത്തിൽ കുറ്റം തെളിഞ്ഞാൽ മന്ത്രിക്കെതിരെ ഔദ്യോഗികമായി വിചാരണ നടപടികളിലേക്ക് കടക്കാനാണ് ഇറ്റലിയുടെ നീക്കം.

കഴിഞ്ഞ മേയ് മാസാവസാനം അന്താരാഷ്ട്ര ജലാതിർത്തിയിൽ വെച്ച് ഗസ്സ സഹായക്കപ്പൽ ഇസ്രായേൽ സൈന്യം തടഞ്ഞിരുന്നു. ഇതിന് പിന്നാലെ കപ്പലിലുണ്ടായിരുന്ന സമാധാന പ്രവർത്തകരുടെ കൈകൾ പിന്നോട്ട് കെട്ടി നിലത്തു മുട്ടുകുത്തിച്ചു നിർത്തിയിരിക്കുന്ന ദൃശ്യങ്ങൾ മന്ത്രി ബെൻ-ഗ്വീർ തന്നെ എക്സിൽ പങ്കുവെച്ചതോടെയാണ് സംഭവം അന്താരാഷ്ട്ര തലത്തിൽ വൻ വിവാദമായത്. 'ഫ്രീ ഫലസ്തീൻ' എന്ന് മുദ്രാവാക്യം വിളിച്ച വനിതാ പ്രവർത്തകയെ സുരക്ഷാ ഉദ്യോഗസ്ഥർ ബലമായി നിലത്തു കിടത്തുന്ന ദൃശ്യങ്ങളും ഇതിലുണ്ടായിരുന്നു. ഇസ്രായേൽ പൊലീസ് കസ്റ്റഡിയിലെടുത്ത 430 പ്രവർത്തകരിൽ ഇറ്റലി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ പൗരന്മാരും ഉൾപ്പെടുന്നുണ്ടെന്ന് കപ്പലിന്റെ സംഘാടകർ വ്യക്തമാക്കി.

സമാധാന പ്രവർത്തകരോടുള്ള ഇസ്രായേലിന്റെ പെരുമാറ്റം "അംഗീകരിക്കാൻ കഴിയാത്തതാണെന്ന്" ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ സർക്കാർ പ്രതികരിച്ചു. സംഭവത്തിൽ വിശദീകരണം തേടി ഇറ്റലിയിലെ ഇസ്രായേൽ അംബാസഡറെ സർക്കാർ വിളിച്ചുവരുത്തുകയും ചെയ്തു. മന്ത്രി ബെൻ-ഗ്വീറിനെതിരെ ഉപരോധം ഏർപ്പെടുത്താൻ ഇറ്റലി യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഫ്രാൻസ് ഇതിനോടകം തന്നെ ബെൻ-ഗ്വീറിന് തങ്ങളുടെ രാജ്യത്തേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുകയും യുദ്ധക്കുറ്റത്തിന് അന്വേഷണം ​പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഇറ്റലിയുടെ അന്വേഷണ വാർത്തകളോട് കടുത്ത ഭാഷയിലാണ് ഇസ്രായേൽ മന്ത്രി പ്രതികരിച്ചത്. "ഒരു അന്വേഷണത്തെയും ഭയന്ന് ഞാൻ ഒളിച്ചോടില്ല. ഞങ്ങളുടെ സൈനികർക്കൊപ്പം അഭിമാനത്തോടെ ഞാൻ ഉറച്ചുനിൽക്കും."ഇതാമർ ബെൻ-ഗ്വീർ പറഞ്ഞു.

മേയ് 18നാണ് ഗസ്സക്ക് മേലുള്ള ഇസ്രായേലിന്റെ നിയമവിരുദ്ധ ഉപരോധം ലംഘിച്ച് സഹായ സാമഗ്രികളുമായി നീങ്ങിയ കപ്പൽ രാജ്യാന്തര സമുദ്ര അതിർത്തിയിൽ വെച്ച് ഇസ്രായേൽ സൈന്യം തടഞ്ഞത്. ഐക്യരാഷ്ട്രസഭയും വിവിധ മനുഷ്യാവകാശ സംഘടനകളും കൂട്ടശിക്ഷയായി പ്രഖ്യാപിച്ച ഇസ്രായേൽ ഉപരോധത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച 40 രാജ്യങ്ങളിൽ നിന്നുള്ള 430ഓളം പ്രവർത്തകരെയാണ് അന്ന് ഇസ്രായേൽ തട്ടിക്കൊണ്ടുപോയി തടവിലാക്കിയത്.

Tags:    
News Summary - Israeli minister Ben-Gvir under investigation in Italy over Gaza flotilla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.