സൊഹ്റാൻ മംദാനിയുടെ അറസ്റ്റ് ആഹ്വാനത്തിനിടെ നെതന്യാഹു ന്യൂയോർക്കിലേക്ക്; 24 മണിക്കൂർ നീളുന്ന മിന്നൽ സന്ദർശനം നടത്തുമെന്ന് ഇസ്രായേൽ
തെൽഅവീവ്: സൊഹ്റാൻ മംദാനിയുടെ അറസ്റ്റ് ആവശ്യപ്പെടലിനും യുദ്ധക്കുറ്റ ആരോപണങ്ങൾക്കും ഇടയിൽ, ഈ മാസം നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ വാർഷിക പൊതുസഭ സമ്മേളനത്തിൽ പ്രസംഗിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ന്യൂയോർക്കിലെത്തും. 24 മണിക്കൂർ മാത്രം നീളുന്ന മിന്നൽ സന്ദർശനമായിരിക്കും ഇതെന്ന് യു.എന്നിലെ ഇസ്രായേൽ പ്രതിനിധി ഡാനി ഡാനോൺ സ്ഥിരീകരിച്ചു. ഗസ്സ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ കടുത്ത പ്രതിഷേധം നിലനിൽക്കുന്നുണ്ടെങ്കിലും, യു.എൻ വേദിയിൽ പ്രധാനമന്ത്രി സംസാരിക്കുക എന്നത് തങ്ങൾക്ക് ഒഴിവാക്കാനാകാത്ത കാര്യമാണെന്ന് ഡാനി ഡാനോൺ വ്യക്തമാക്കി.
നേരത്തേ അമേരിക്കൻ സന്ദർശനത്തിയ നെതന്യാഹുവിനെ ‘യുദ്ധക്കുറ്റവാളി’ എന്ന് വിശേഷിപ്പിക്കുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി ആവശ്യപ്പെട്ടിരുന്നു. പിന്നീട് നെതന്യാഹുവിനെ കസ്റ്റഡിയിലെടുക്കാൻ ന്യൂയോർക്ക് സിറ്റി ഭരണകൂടത്തിന് നിയമപരമായ അധികാരമില്ലാത്തതിനാൽ മംദാനിക്ക് പിന്നീട് ഈ പ്രസ്താവനയിൽ അയവുവരുത്തിയിരുന്നു. മംദാനിയുടെ ഈ ആഹ്വാനത്തിനെതിരെ ഡാനോൺ രൂക്ഷ വിമർനം ഉന്നയിച്ചു. ഇസ്രായേലിനെ കുറ്റപ്പെടുത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നത് ഇപ്പോൾ ഒരു ട്രെൻഡായി മാറിയിരിക്കുകയാണെന്ന് ഡാനോൺ പരിഹസിച്ചു.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന സൈനിക നീക്കങ്ങളിൽ മാനുഷിക സഹായങ്ങൾ തടഞ്ഞുകൊണ്ട് പട്ടിണിയെ ഒരു ആയുധമായി ഉപയോഗിച്ചു എന്നാരോപിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി നെതന്യാഹുവിനെതിരെ മുൻപ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. അന്താരാഷ്ട്ര കോടതിയുടെ ഈ വാറന്റ് ചൂണ്ടിക്കാട്ടിയാണ് മംദാനി നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാൻ അമേരിക്കൻ ഫെഡറൽ ഗവൺമെന്റിനോട് ആവശ്യപ്പെട്ടത്. എന്നാൽ അമേരിക്കയും ഇസ്രായേലും ഐ.സി.സിയിലെ അംഗങ്ങളല്ല. മാത്രമല്ല, ട്രംപ് ഭരണകൂടം അന്താരാഷ്ട്ര ക്രിമിനൽ കോടതി ജീവനക്കാർക്കെതിരെ ഉപരോധം ഏർപ്പെടുത്തി കോടതിയുടെ പ്രവർത്തനം തടസ്സപ്പെടുത്താൻ നീക്കങ്ങൾ നടത്തുന്നുമുണ്ട്.
യു.എൻ വക്താവ് നൽകുന്ന വിവരമനുസരിച്ച് സെപ്റ്റംബർ 23ന് രാത്രിയോടെ നെതന്യാഹു ന്യൂയോർക്കിൽ എത്തും. സെപ്റ്റംബർ 24ന് യു.എൻ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിച്ച് ശേഷം നെതന്യാഹു അന്നുരാത്രി തന്നെ ഇസ്രായേലിലേക്ക് മടങ്ങും. ജൂതന്മാരുടെ വിശേഷദിവസങ്ങളും ഇസ്രായേലിൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് പ്രചാരണങ്ങളും കണക്കിലെടുത്താണ് ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ സന്ദർശനം പൂർത്തിയാക്കുന്നത്.
സെപ്റ്റംബർ 22 മുതൽ 28 വരെ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ന്യൂയോർക്ക് തെരുവുകളിൽ നെതന്യാഹുവിനെതിരെ നടക്കാൻ സാധ്യതയുള്ള പ്രതിഷേധങ്ങൾ ഗതാഗതക്കുരുക്കിനും ക്രമസമാധാന പ്രശ്നങ്ങൾക്കും കാരണമായേക്കാമെന്ന് ഡാനോൺ ആശങ്ക പ്രകടിപ്പിച്ചു. കഴിഞ്ഞ വർഷം നെതന്യാഹു പ്രസംഗിക്കാൻ വേദിയിലെത്തിയപ്പോൾ ഭൂരിഭാഗം രാജ്യങ്ങളിലെയും പ്രതിനിധികൾ ഹാളിൽ നിന്ന് ഇറങ്ങിപ്പോയി പ്രതിഷേധിച്ചിരുന്നു. ഇത്തവണയും സമാനമായ പ്രതിഷേധങ്ങൾ അരങ്ങേറാൻ സാധ്യതയുണ്ടെങ്കിലും, നെതന്യാഹു ഈ വെല്ലുവിളികളെയെല്ലാം അതിജീവിച്ച് പ്രസംഗം പൂർത്തിയാക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഡാനോൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.