അധിനിവേശ വെസ്റ്റ് ബാങ്ക് തായ്‌ബെയിലെ കന്യാമറിയത്തിന്റെ പ്രതിമ

ഫലസ്തീനിലെ ഏക ക്രിസ്ത്യൻ ഗ്രാമം വെട്ടിപ്പിടിച്ച് ഇസ്രായേൽ കുടിയേറ്റക്കാർ; യേശുക്രിസ്തു കാലുകുത്തിയ ഈ മണ്ണ് വിട്ടുപോകില്ലെന്ന് ​പ്രദേശവാസികൾ

തയ്ബ: യേശുക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും ഒരു വലിയ ചിത്രത്തിന് താഴെയായി, സാന്ദ്ര ബസീറും ഭർത്താവ് റോളണ്ടും തങ്ങളുടെ വീട് സംരക്ഷിക്കാൻ കരുതിയിരിക്കുന്ന ആ സാധനങ്ങൾ എടുത്തു കാണിച്ചു – രണ്ട് തീ അണക്കുന്ന ഉപകരണങ്ങൾ. വീടിന് പുറത്ത് അയൽക്കാരന്റെ കാറിന് ഇസ്രായേലി കുടിയേറ്റക്കാർ തീയിട്ടപ്പോൾ ആരും സഹായിക്കാൻ എത്തിയിലെന്ന് ഇരുവരും പരിഭവം പറഞ്ഞു.

വർഷങ്ങളായി കുടിയേറ്റക്കാരുടെ ആക്രമണങ്ങളും രാത്രികാല സൈനിക റെയ്ഡുകളും നേരിടുന്ന മുസ്‍ലിം ഭൂരിപക്ഷ ഗ്രാമങ്ങളിലെ ജനജീവിതത്തിന് സമാനമായി മാറിയിരിക്കുന്നു ഈ ഫലസ്തീൻ ക്രിസ്ത്യൻ ഗ്രാമത്തിലെയും അവസ്ഥ. കിടക്കുന്നതിന് മുമ്പ് സാന്ദ്ര പലതവണ വാതിലുകൾ അടച്ചുറപ്പിച്ചു എന്ന് ഉറപ്പുവരുത്തും. അപരിചിതരുടെ സാന്നിധ്യം അറിയിക്കാൻ അവർ ഒരു വളർത്തുനായയെയും കൂടെക്കൂട്ടിയിട്ടുണ്ട്. ഉറങ്ങിക്കിടക്കുന്ന തങ്ങളുടെ നാല് ചെറിയ മക്കളെ തേടി ആരെങ്കിലും വരുമോ എന്ന ഭയത്തിൽ എപ്പോഴും പകുതിയുണർന്നിരിക്കുന്ന അവസ്ഥയിലാണ് അവർ.

പുറത്തിറങ്ങി കളിക്കുന്നത് അവരുടെ ഏഴുവയസ്സുകാരനായ മകൻ പോലും ഇപ്പോൾ നിർത്തിയിരിക്കുന്നു. അച്ഛൻ ജോലിക്ക് പോയാൽ തിരികെ വരില്ലയോ എന്ന ഭയത്തിൽ മാസങ്ങളോളം മകൻ അദ്ദേഹത്തോട് പണിക്കു പോകരുതെന്ന് കരഞ്ഞുപറയുമായിരുന്നു. ‘അതാണ് ഞങ്ങളുടെ ജീവിതം. ആ പ്രായത്തിലുള്ള ഒരു കുട്ടി വെറുതെ കളിച്ചുല്ലസിച്ച് നടക്കേണ്ടതാണ്’-കരച്ചിലടക്കി സാന്ദ്ര പറയുന്നു.

കഴിഞ്ഞ 20 വർഷത്തിലേറെയായി ഗ്രാമത്തിന്റെ അതിർത്തിയിൽ കോൺക്രീറ്റ് ബ്ലോക്ക് ഫാക്ടറിയും മറ്റും പടുത്തുയർത്താൻ റോളണ്ട് ഏകദേശം അഞ്ച് ദശലക്ഷം ഡോളറാണ് നിക്ഷേപിച്ചത്. 40 ഓളം പ്രാദേശിക ഫലലസ്തീനികൾക്ക് തൊഴിൽ നൽകിയിരുന്ന അദ്ദേഹത്തിന്റെ ജീവിതാധ്വാനമാണ് ആയുധമേന്തിയ കുടിയേറ്റക്കാരും കഷ്ടിച്ച് കൗമാരം പിന്നിട്ടവരും ചേർന്ന് തകർത്തെറിഞ്ഞത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ സ്ഥിതി കൂടുതൽ വഷളായി. കുടിയേറ്റക്കാർ തോക്കുചൂണ്ടി അദ്ദേഹത്തെയും തൊഴിലാളികളെയും ഓടിക്കുകയും ക്വാറിയിലെ ഭാരമേറിയ യന്ത്രസാമഗ്രികൾക്ക് തീയിടുകയും ചെയ്തു. ഏറ്റവും ക്രൂരമായ ആക്രമണം നടന്നത് കഴിഞ്ഞ മാർച്ചിലാണ്. 30 മുതൽ 40 വരെ കുടിയേറ്റക്കാർ സംഘടിച്ചെത്തി ക്വാറി കയ്യേറി. ഇസ്രായേൽ പതാകകൾ ഉയർത്തി അവർ അവിടെ പ്രാർഥനകൾ നടത്തി. പോകുന്നതിന് മുമ്പ് ഓഫിസ് അടിച്ചുതകർക്കുകയും ഇലക്ട്രിക്കൽ പാനലുകളും കാമറകളും നശിപ്പിക്കുകയും ചെയ്തു.

 

എല്ലാ തെളിവുകളും വീഡിയോയിൽ പകർത്തി പൊലീസിലും ലെയ്സൺ ഓഫീസിലും പരാതി നൽകിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. പിറ്റേ ദിവസവും കുടിയേറ്റക്കാർ തിരിച്ചെത്തി. ആക്രമണം ഇപ്പോഴും തുടരുന്നു. കുടിയേറ്റക്കാരുടെ സംഘടനകൾക്കായി ഓൺലൈൻ ഫണ്ട് ശേഖരണം നടക്കുന്നതും തന്റെ ഭൂമിയിൽ നിന്ന് വെട്ടിയെടുക്കുന്ന കല്ലുകൾ മറ്റൊരാളുടെ പേരിൽ രജിസ്റ്റർ ചെയ്ത് വിൽക്കുന്നതും റോളണ്ട് ചൂണ്ടിക്കാണിക്കുന്നു. ഒടുവിൽ കഴിഞ്ഞയാഴ്ചയോടെ തന്റെ ക്വാറി പ്രവർത്തനം പൂർണമായി നിർത്താൻ അദ്ദേഹം നിർബന്ധിതനായി.

ബൈബിളിൽ പറയുന്ന എഫ്രേം എന്ന് വിശ്വസിക്കപ്പെടുന്ന തയ്ബ ഗ്രാമം, ജറുസലേമിലേക്കുള്ള അവസാന യാത്രക്ക് മുമ്പ് യേശു പിൻവാങ്ങിയ ഇടമായാണ് അറിയപ്പെടുന്നത്. വെസ്റ്റ് ബാങ്കിൽ മുഴുവനായും ക്രിസ്ത്യൻ ജനസംഖ്യയുള്ള ഏക ഫലസ്തീൻ നഗരമാണിത്. നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളികളും മനോഹരമായ വീടുകളും മേരി മാതാവിന്റെയും യേശുവിന്റെയും പ്രതിമകളുമുള്ള ഈ ഗ്രാമം രണ്ടാം ഇൻതിഫാദയുടെയും അറബ് വസന്തിന്റെയും കാലത്ത് പോലും സുരക്ഷിതമായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറിമറിഞ്ഞിരിക്കുന്നു.

തയ്ബയെ ചുറ്റിപ്പറ്റി ഏഴ് കുടിയേറ്റ ഔട്ട്പോസ്റ്റുകൾ നിലവിലുണ്ടെന്ന് മേയർ സുലൈമാൻ ഖൂരിയ പറയുന്നു. ഇതിൽ നാലോ അഞ്ചോ എണ്ണം തയ്ബയുടെ സ്വന്തം മുനിസിപ്പൽ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. കർഷകരുടെയും ഇടയന്മാരുടെയും ഭൂമി കയ്യേറുന്ന കുടിയേറ്റക്കാർ കൃഷിയിടങ്ങൾക്ക് തീയിടുകയും ഫയർ എഞ്ചിനുകൾ എത്തുന്നത് തടയുകയും ചെയ്യുന്നതായി നാട്ടുകാർ പറയുന്നു.

ഗ്രാമത്തിലെ ജലസ്രോതസ്സായ ഐൻ സാമിയ നീരുറവയുടെ നിയന്ത്രണവും ഇപ്പോൾ കുടിയേറ്റക്കാരുടെ കൈയിലാണ്. തയ്ബ ബ്രൂവറിക്കും മറ്റ് പ്രദേശങ്ങൾക്കും വെള്ളം നൽകിയിരുന്ന ഈ നീരുറവ പൂർണമായും അവർ കയ്യേറി. ഫെബ്രുവരിയിൽ, തങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യ ഭൂമിയിലുണ്ടായിരുന്ന കുതിരയെയും കുഞ്ഞിനെയും ഇസ്രായേൽ സിവിൽ അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കുടിയേറ്റക്കാർ ബലമായി കൊണ്ടുപോയ സംഭവം തയ്ബ ബ്രൂവറി നടത്തിപ്പുകാരിൽ ഒരാളായ മേഡീസ് ഖൂരിയ ഓർക്കുന്നു.

മേയർ സുലൈമാൻ ഖൂരിയയുടെ മുന്തിരിത്തോട്ടവും അതിലെ കിണറും കുടിയേറ്റക്കാർ കയ്യേറിയിരിക്കുകയാണ്. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഏരിയ ബിയിലുള്ള ഔട്ട്പോസ്റ്റുകൾ ഒഴിപ്പിക്കുമെന്ന് പറഞ്ഞെങ്കിലും, തീവ്രവലതുപക്ഷ സർക്കാരിന്റെ എതിർപ്പ് കാരണം നടപടികൾ ഒന്നും നടപ്പായിട്ടില്ല. പീസ് നൗവിന്റെ കണക്കുപ്രകാരം വെസ്റ്റ് ബാങ്കിലെ 390 അനധികൃത ഔട്ട്പോസ്റ്റുകളിൽ 21 എണ്ണമെങ്കിലും ഏരിയ ബിയിലാണ് ഉള്ളത്.

ആക്രമണങ്ങൾ രൂക്ഷമായതിനെ തുടർന്ന് ആഗസ്റ്റ് ഒമ്പതിന് ഇസ്രായേൽ സൈന്യം തയ്ബയെയും തൊട്ടടുത്തുള്ള റമ്മുൻ ഗ്രാമത്തെയും അടച്ചുപൂട്ടിയ സൈനിക മേഖലയായി പ്രഖ്യാപിച്ചു. ഇസ്രായേലികൾക്കും പ്രത്യേക അനുമതിയില്ലാത്ത വിദേശികൾക്കും പ്രവേശനം വിലക്കിയെങ്കിലും, യഥാർഥത്തിൽ അക്രമികളായ കുടിയേറ്റക്കാരെ തടയാൻ ഈ ഉത്തരവിന് കഴിഞ്ഞിട്ടില്ല. സമാധാന പ്രവർത്തകരെ മാത്രം തടയാനാണ് ഇത് ഉപയോഗിക്കുന്നതെന്ന് ഗ്രാമവാസികൾ കുറ്റപ്പെടുത്തുന്നു.

കുടിയേറ്റക്കാരുടെ നിരന്തരമായ ഭീഷണിയെത്തുടർന്ന് ഫലസ്തീൻ ക്രിസ്ത്യൻ ജനസംഖ്യ വെസ്റ്റ് ബാങ്കിൽ ആകെ ജനസംഖ്യയുടെ ഒരു ശതമാനമായി (ഏകദേശം 40,000 പേർ) ചുരുങ്ങിയിരിക്കുന്നു. തയ്ബയിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ 15 കുടുംബങ്ങളും നിരവധി വ്യക്തികളും അമേരിക്കയിലേക്കും യൂറോപ്പിലേക്കും കുടിയേറി.

എന്നിരുന്നാലും, ബാക്കി നിൽക്കുന്ന ജനങ്ങൾ ഒരേ സ്വരത്തിൽ പറയുന്നു, ‘ഞങ്ങൾ എവിടേക്ക് പോകാൻ? ഈ ഭൂമി ഞങ്ങളുടേതാണ്. യേശുക്രിസ്തു കാലുകുത്തിയ ഈ മണ്ണ് ഞങ്ങൾ വിട്ടുപോകില്ല’. 

Tags:    
News Summary - Settlers Attack West Bank's Only Christian Town

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.