ഇറാൻ പ്രസിഡന്റ് ഡൽഹിയിലെത്തുന്നു; സെപ്റ്റംബറിൽ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ സെപ്റ്റംബറിൽ ന്യൂഡൽഹിയിലെത്തുമെന്ന് ഇറാൻ വൃത്തങ്ങൾ അറിയിച്ചു. 2026ലെ ബ്രിക്സ് അധ്യക്ഷസ്ഥാനം വഹിക്കുന്ന ഇന്ത്യയാണ് 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. സെപ്റ്റംബറിൽ ദേശീയ തലസ്ഥാനമായ ന്യൂഡൽഹിയിലാണ് ഉച്ചകോടി നടക്കുക. ‘പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവയ്‌ക്കായുള്ള നിർമ്മാണം’ എന്ന പ്രമേയത്തിലാണ് ഇന്ത്യ ബ്രിക്സ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. 2026ന്റെ തുടക്കത്തിൽ ബ്രസീലിൽ നിന്നാണ് ഇന്ത്യ ബ്രിക്സ് അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്.

2024 ഒക്ടോബറിൽ റഷ്യയിലെ കസാനിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പെസെഷ്കിയാനും കൂടിക്കാഴ്ച നടത്തിയിരുന്നു. ഉഭയകക്ഷി ബന്ധങ്ങൾക്കും പ്രാദേശിക വിഷയങ്ങൾക്കും പുറമെ വിവിധ അന്താരാഷ്ട്ര വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തിരുന്നു.

2024ലാണ് ഇറാൻ ബ്രിക്സിൽ പൂർണ അംഗമായി ചേർന്നത്. ഈജിപ്ത്, എത്യോപ്യ, യു.എ.ഇ എന്നീ രാജ്യങ്ങളും ഇതേ വർഷം ബ്രിക്സിൽ അംഗങ്ങളായി. 2025ൽ ഇന്തോനേഷ്യ കൂടി ചേർന്നതോടെ ബ്രിക്സിലെ പൂർണ അംഗങ്ങളുടെ എണ്ണം 11 ആയി.

ജൂണിൽ ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലെത്തിയിരുന്നു. യോഗത്തിന് ശേഷം ന്യൂഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആഗോള സമാധാനശ്രമങ്ങളിൽ ഇന്ത്യയുടെ വർധിച്ചുവരുന്ന സ്വാധീനം അദ്ദേഹം ചൂണ്ടിക്കാട്ടി. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കുറക്കുന്നതിൽ ഇന്ത്യക്ക് കൂടുതൽ പങ്ക് വഹിക്കാനാകുമെന്നും അരാഗ്ചി അഭിപ്രായപ്പെട്ടിരുന്നു. നിലവിലെ പ്രതിസന്ധിക്ക് സൈനിക പരിഹാരമില്ലെന്നും ചർച്ചകളിലൂടെ ധാരണയിലെത്തുന്നതാണ് ഏക പ്രായോഗിക മാർഗമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ക്രിയാത്മക ഇടപെടലിനെ ഇറാൻ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും അരാഗ്ചി കൂടിക്കാഴ്ച നടത്തുകയും വാണിജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടെ പ്രാദേശിക സാഹചര്യങ്ങൾ ഇരുവരും ചർച്ച ചെയ്യുകയും ചെയ്തു. ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇറാൻ ചരിത്രപരമായ ഉത്തരവാദിത്തം തുടർന്നും നിർവഹിക്കുമെന്നും അരാഗ്ചി വ്യക്തമാക്കി.

സൗഹൃദ രാജ്യങ്ങളുടെ വാണിജ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇറാൻ വിശ്വസനീയ പങ്കാളിയാണെന്നും അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. അതേസമയം, ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഇറാന്റെ നിലപാട് അരാഗ്ചി അവതരിപ്പിച്ചതായി ഇറാൻ സർക്കാർ അറിയിച്ചു. പാശ്ചാത്യ ആധിപത്യം അവസാനിപ്പിക്കേണ്ടതിന്റെയും അന്താരാഷ്ട്ര സ്ഥാപനങ്ങൾ രാഷ്ട്രീയ ഇടപെടലുകളിൽ നിന്ന് സ്വതന്ത്രമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടിയതായി ഇറാൻ സർക്കാർ വ്യക്തമാക്കി.

ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ സൈനിക നീക്കങ്ങൾ ആരംഭിച്ചതിനെ തുടർന്ന് പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെയാണ് പെസെഷ്കിയാന്റെ ഇന്ത്യാ സന്ദർശനം സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവരുന്നത്

Tags:    
News Summary - Iran President to India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.