ബെയ്റൂത്: ലബനാനിൽ പത്ത് ദിവസത്തെ വെടിനിർത്തലിന് സമ്മതിച്ച് തൊട്ടുപിന്നാലെ തെക്കൻ ലബനാനിലെ ഖഫർക്കേല മേഖലയിൽ ഇസ്രായേൽ സൈന്യത്തിന്റെ ബോംബാക്രമണം. ആക്രമണത്തിന് തയാറാക്കി നിർത്തിയിരുന്ന ഒരു റോക്കറ്റ് ലോഞ്ചർ തകർത്തതായാണ് ഇസ്രായേൽ സൈന്യത്തിന്റെ അവകാശവാദം.
തെക്കൻ ലബനാനിൽ ഇസ്രായേൽ ഏകപക്ഷീയമായി സ്ഥാപിച്ച 'യെല്ലോ ലൈൻ' അതിർത്തിക്ക് വടക്കുഭാഗത്താണ് ഈ ലോഞ്ചർ കണ്ടെത്തിയതെന്ന് സൈനിക വക്താവ് അറിയിച്ചു. വെടിനിർത്തൽ കരാർ നിലനിൽക്കെ ഉണ്ടായ ആക്രമണം മേഖലയിൽ വീണ്ടും ആശങ്ക പടർത്തിയിരിക്കുകയാണ്.
കരാർ ലംഘിച്ച് ഇസ്രായേൽ നടത്തുന്ന പ്രകോപനങ്ങൾ സമാധാന ചർച്ചകളെ ബാധിക്കുമെന്ന് ലബനാൻ വൃത്തങ്ങൾ പ്രതികരിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അതിർത്തിയിൽ താരതമ്യേന ശാന്തമായ അന്തരീക്ഷം നിലനിൽക്കെയാണ് രാത്രിയോടെ വീണ്ടും സ്ഫോടനങ്ങൾ ഉണ്ടായത്.
ലബനാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാൻ ഹുർമുസ് കടലിടുക്ക് തുറന്നിരുന്നത്. എന്നാൽ, ഇറാൻ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധവും ഇറാൻ ചരക്കുകപ്പൽ പിടിച്ചെടുക്കുകയും ചെയ്തതോടെ മേഖലയിൽ സംഘർഷം രൂക്ഷമായിരിക്കുകയാണ്. തങ്ങളുടെ കപ്പൽ പിടിച്ചെടുത്തതിന് പിന്നാലെ അമേരിക്കൻ കപ്പലിലേക്ക് ഐ.ആർ. ജി.സി ഡ്രോൺ പതിപ്പിച്ചിട്ടുണ്ട്. യു.എസ് ഉപരോധത്തെ തുടർന്ന് ഇറാൻ ഹുർമുസ് അടച്ചിട്ടുണ്ട്. ഇതോടെ നിലവിലുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രതിസന്ധിയിലായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.