വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ ആക്രമണം; അൽഅഖ്സ ബ്രിഗേഡ് കമാൻഡർ കൊല്ലപ്പെട്ടു

ജറൂസലം: ഗസ്സയിൽ മരണം വിതച്ച് മൂന്നു ദിവസത്തെ ബോംബിങ്ങിനു പിറകെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും ഇസ്രായേൽ സൈനിക നീക്കം. നാബുൽസിലെ വീടു വളഞ്ഞ് നടത്തിയ ആക്രമണത്തിൽ അൽഅഖ്സ ബ്രിഗേഡ് കമാൻഡർ ഇബ്രാഹിം നാബുൽസി ഉൾപ്പെടെ മൂന്നുപേരെ ഇസ്രായേൽ സേന കൊലപ്പെടുത്തി. ഓൾഡ് സിറ്റിയിലെ കെട്ടിടം വളഞ്ഞ് മണിക്കൂറുകൾ നീണ്ട വെടിവെപ്പിനൊടുവിലായിരുന്നു 30കാരനായ നാബുൽസിയെയും ഇസ്‍ലാം സബ്ബൂഹ്, ഹുസൈൻ താഹ എന്നിവരെയും വധിച്ചത്. 40 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ നാലു പേരുടെ നില അതിഗുരുതരമാണ്.

നിരവധി തവണ ഇസ്രായേൽ വധശ്രമത്തിൽനിന്ന് രക്ഷപ്പെട്ടയാളാണ് നാബുൽസി. ഫെബ്രുവരിയിൽ നടന്ന റെയ്ഡിൽ ഇദ്ദേഹത്തിന്റെ മൂന്നു സഹായികൾ കൊല്ലപ്പെട്ടെങ്കിലും അദ്ദേഹം രക്ഷപ്പെട്ടിരുന്നു.

ഫലസ്തീനിൽ ഭരണം കൈയാളുന്ന ഫതഹിന്റെ സായുധ വിഭാഗമാണ് അൽഅഖ്സ ബ്രിഗേഡ്. സംഘടനയുടെ പ്രാദേശിക നേതാവായ നാബുൽസിയോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ചെറുത്തുനിൽക്കുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച മുതൽ മൂന്നു ദിവസം ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 16 കുട്ടികൾ ഉൾപ്പെടെ 46 പേർ കൊല്ലപ്പെട്ടിരുന്നു. 360 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈജിപ്തിന്റെ മധ്യസ്ഥതയിൽ ചർച്ചകൾക്കു ശേഷം വെടിനിർത്തൽ നിലവിൽവന്നതിനിടെയാണ് വെസ്റ്റ് ബാങ്കിൽ ആക്രമണവുമായെത്തിയത്.

Tags:    
News Summary - Israeli forces kill al-Aqsa Brigades commander in Nablus raid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.