ഫലസ്തീൻ കുട്ടിയെ 18 വർഷം തടവിന് ശിക്ഷിച്ച് ഇസ്രായേൽ കോടതി; 72.31 ലക്ഷം രൂപ പിഴയും -VIDEO

തെൽഅവീവ്: 15 വയസ്സ് മാത്രം പ്രായമായ ഫലസ്തീനി ബാലന് 18 വർഷം തടവ് ശിക്ഷ വിധിച്ച് ഇസ്രായേൽ കോടതി. വെസ്റ്റ് ബാങ്കിൽ നടന്ന ഒരു ആക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് 15കാരനായ മുഹമ്മദ് ബാസിൽ സൽബാനിയെ ജറൂസലം ജില്ല കോടതി ശിക്ഷിച്ചത്. കൂടാതെ 300,000 ഷെക്കൽ (72.31 ലക്ഷം ഇന്ത്യൻ രൂപ) പിഴയും കുട്ടിക്ക് മേൽ ചുമത്തിയിട്ടുണ്ട്.

13ാം വയസ്സിലാണ് മുഹമ്മദ് ബാസിൽ സൽബാനിയെ ഇസ്രായേൽ അറസ്റ്റ് ചെയ്തത്. ശേഷം രണ്ട് വർഷം തടവിലിട്ടാണ് കോടതി വിചാരണ പ്രഹസനം പൂർത്തിയാക്കിയത്. അന്യായമായും അനധികൃതമായും ഇസ്രായേൽ തടവിലിട്ട ഫലസ്തീനികളുടെ വിഷയം കൈകാര്യം ചെയ്യുന്ന ഫലസ്തീനിയൻ പ്രിസണർ സൊ​സൈറ്റി ഇക്കാര്യം സ്ഥിരീകരിച്ചു.

ജറുസലേമിന് കിഴക്കുള്ള ഷുഫാത്ത് അഭയാർഥി ക്യാമ്പിലാണ് മുഹമ്മദ് ബാസിൽ സൽബാനിയും കുടുംബവും കഴിഞ്ഞിരുന്നത്. ഇസ്രായേൽ അധിനിവേശ സൈന്യത്തിന്റെ ആക്രമണ​ത്തെ ചെറുത്തുവെന്ന പേരിൽ 2023 ഫെബ്രുവരി 13 നാണ് സൽബാനിയെ ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ, കുട്ടിയുടെ കുടുംബത്തിന്റെ വീടും ഇസ്രായേൽ തകർത്തതായി ഫലസ്തീനിയൻ പ്രിസണർ സൊ​സൈറ്റി പ്രസ്താവനയിൽ പറഞ്ഞു. 2023ൽ ഷുഫാത്ത് ക്യാമ്പിലെ ചെക്ക് പോയിന്റിൽ ഇസ്രായേലി സൈനികൻ കൊല്ലപ്പെട്ട കേസിലാണ് സൽബാനിയെ പ്രതിചേർത്തത്.

1,115 കുട്ടികൾ ഉൾപ്പെടെ കുറഞ്ഞത് 14,500 ഫലസ്തീനികൾ നിലവിൽ ഇസ്രായേൽ ജയിലുകളിൽ കഴിയുന്നുണ്ടെന്ന് സൊസൈറ്റി പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2023 ഒക്ടോബർ 7 ന് ഗസ്സ വംശഹത്യ ആരംഭിച്ചശേഷം ഇസ്രായേൽ സൈന്യത്തിന്റെയും അനധികൃത ജൂത കുടിയേറ്റക്കാരുടെയും ആക്രമണങ്ങളിൽ കുറഞ്ഞത് 915 ഫലസ്തീനികൾ വെസ്റ്റ് ബാങ്കിൽ മാത്രം കൊല്ലപ്പെട്ടു. 7,000 ത്തോളം പേർക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സ വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷം അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളം ഇസ്രായേൽ ആക്രമണം രൂക്ഷമായിരിക്കുകയാണ്.



Tags:    
News Summary - Israeli court sentences Palestinian child for 18 years in prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.