ഫലസ്തീൻ പൗരന്മാരുട വീടുകൾ ഇസ്രായേൽ സേന മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തകർക്കുന്നു

വെസ്റ്റ് ബാങ്കിൽ വീണ്ടും ഇസ്രായേൽ അതിക്രമം; 80 ഫലസ്തീൻ പൗരന്മാരുടെ വീടുകൾ തകർത്തു

റാമല്ല: അധിനിവേശ വെസ്റ്റ് ബാങ്കിൽ വീണ്ടും ഇസ്രായേൽ സൈന്യത്തിന്‍റെ അതിക്രമം. വെസ്റ്റ് ബാങ്കിൽ താമസിച്ചിരുന്ന പ്രായപൂർത്തിയാകാത്ത 41 പേരടക്കം 80 ഫലസ്തീൻ പൗരന്മാരുടെ വീടുകളും മറ്റ് ജീവിത സാമഗ്രികളും ഇസ്രായേൽ സൈന്യം തകർത്തു.

കിർബത്ത് ഹംസയിലെ വടക്കൻ ഗ്രാമങ്ങളിൽ ബുൾഡോസറും മണ്ണുമാന്ത്രിയന്ത്രവും ഉപയോഗിച്ച് ചൊവ്വാഴ്ച രാത്രിയാണ് ഇസ്രായേൽ അതിക്രമം അഴിച്ചുവിട്ടത്. 11 കുടുംബങ്ങൾ താമസിച്ചിരുന്ന 18 താൽകാലിക ഷെഡുകൾ, പോർട്ടബിൾ ടോയ് ലറ്റ്, വെള്ളം നിറക്കുന്ന പാത്രങ്ങൾ, സോളാർ പാനൽ അടക്കമുള്ളവയാണ് വീണ്ടും ഉപയോഗിക്കാൻ സാധിക്കാത്തവിധം സൈന്യം നശിപ്പിച്ചത്.

ഖിർബത്ത് ഹംസയിലെ പൗരന്മാരെയും സമാനമായ പതിനായിരക്കണക്കിന് ആളുകളെയും അവരുടെ വീടുകളിൽ നിന്നും രാജ്യത്ത് നിന്നും ആട്ടിപ്പായിക്കാനുള്ള ഇസ്രായേൽ നീക്കത്തിനെതിരെ രാജ്യാന്തര സമൂഹം ഇടപെടണമെന്ന് പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷെയ്ഹ് അഭ്യർഥിച്ചു. അമേരിക്കൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ലോകം ശ്രദ്ധ കേന്ദ്രീകരിച്ച സമയത്താണ് ഇസ്രായേൽ സേന കൊടും കുറ്റകൃത്യം ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇസ്രായേൽ സൈന്യം തകർത്ത സാമഗ്രികളിൽ നിന്ന് ഉപയോഗിക്കാൻ സാധിക്കുന്നവ ഫലസ്തീൻ പൗരന്മാർ നീക്കം ചെയ്യുന്നു

ഐക്യരാഷ്ട്രസഭയുടെ കണക്ക് പ്രകാരം ജോർദാൻ താഴ്‌വരയിൽ ഏകദേശം 60,000 ഫലസ്തീൻ പൗരന്മാരുണ്ട്. ഇവിടത്തെ 90 ശതമാനം ഭൂമിയും ഏരിയ സി എന്നറിയപ്പെടുന്നു. വെസ്റ്റ് ബാങ്കിന്‍റെ മൂന്നിൽ അഞ്ചും ഇസ്രായേൽ നിയന്ത്രണത്തിലാണ്. ഇസ്രായേൽ സൈന്യത്തിന്‍റെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് 12,000 ഇസ്രായേലികളുടെ താമസസ്ഥലവും 50ഓളം കൃഷിസ്ഥലങ്ങളും ഉണ്ട്.

ഫലസ്തീനികളെ ഈ പ്രദേശങ്ങളിൽ നിന്നും അവരുടെ ഉടമസ്ഥതയിലുള്ള മറ്റ് സ്ഥലങ്ങളിൽ നിന്നും ഇസ്രായേൽ വിലക്കിയിട്ടുണ്ട്. കിണർ കുഴിക്കുന്നതിനോ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനോ ഇസ്രായേൽ സൈന്യത്തിന്‍റെ അനുമതി വേണം. അനുമതിയില്ലാതെ നിർമിക്കുന്ന ടെന്‍റുകൾ, കന്നുകാലി ഷെഡുകൾ, കുടിവെള്ള പദ്ധതികൾ അടക്കമുള്ള സൈന്യം തകർക്കാറുണ്ട്.

ഇസ്രായേൽ സൈന്യം തകർത്ത സോളാർ പാനൽ പരിശോധിക്കുന്ന ഫലസ്തീൻ പൗരൻ

ഈ വർഷം മാത്രം പ്രായപൂർത്തിയാകാത്ത 404 പേരടക്കം 800ഓളം ഫലസ്തീൻ പൗരന്മാരുടെ വീടുകൾ ഇസ്രായേൽ തകർത്തു. 2017ൽ 521ഉം 2018ൽ 387ഉം 2019ൽ 677ഉം വീടുകളാണ് ഇസ്രായേൽ സൈന്യം നശിപ്പിച്ചിട്ടുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.