വെസ്റ്റ്ബാങ്ക്: അധിനിവേശ വെസ്റ്റ്ബാങ്കിൽ ആറ് ഫലസ്തീനികളെ കൊലപ്പെടുത്തി ഇസ്രായേൽ സൈന്യം. ഫലസ്തീൻ ആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. ഇസ്രായേൽ വെടിവെപ്പിൽ ജെനിനിലാണ് നാല് ഫലസ്തീനികൾ കൊല്ലപ്പെട്ടതെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.
25കാരനായ ഡോക്ടർ ജെനിന് സമീപം സ്വന്തം വീടിന് പുറത്തുവെച്ച് കൊല്ലപ്പെട്ടു. മറ്റൊരു ഫലസ്തീൻ പൗരൻ റാമള്ളക്ക് സമീപമാണ് കൊല്ലപ്പെട്ടതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ ആക്രമണം ശക്തമാക്കിയിരുന്നു. ഒക്ടോബർ ഏഴിലെ ആക്രമണത്തിന് ശേഷം ഇതുവരെ വെസ്റ്റ് ബാങ്കിൽ 229 ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. ഇതിൽ 52 കുട്ടികളും ഉൾപ്പെടും.
വെടിനിർത്തൽ കരാർ പ്രകാരം ഇസ്രായേൽ ജയിലിൽ നിന്നും വിട്ടയച്ച 39 ഫലസ്തീനികൾക്കും നാട്ടിൽ വൻ വരവേൽപ്പ് ലഭിച്ചിരുന്നു. ജയിൽ മോചിതരായ ഫലസ്തീനികളെ കാണാൻ നൂറ് കണക്കിനാളുകളാണ് എത്തിയത്. ഇവരെ സ്വീകരിക്കാൻ കുടുംബാംഗങ്ങൾക്കൊപ്പം നാട്ടുകാരും എത്തിയിരുന്നു. വൈകാരികമായിരുന്നു ഫലസ്തീനികൾക്ക് നാട്ടിൽ ലഭിച്ച വരവേൽപ്പ്.
അതേസമയം കരാർ പ്രകാരം 17 ബന്ദികളെ ഹമാസും മോചിപ്പിച്ചു. ശനിയാഴ്ചയാണ് രണ്ടാം ബാച്ച് ബന്ദികളെ ഹമാസ് മോചിപ്പിച്ചത്. ഇതിൽ 13 ഇസ്രായേൽ പൗരൻമാരും നാല് തായ്‍ലാൻഡ് പൗരൻമാരും ഉൾപ്പെടുന്നുണ്ട്. ബന്ദികളെ മോചിപ്പിച്ച വിവരം ഇസ്രായേൽ പ്രതിരോധസേനയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ ആശുപത്രിയിലേക്കുള്ള യാത്രയിലാണെന്ന് ഇസ്രായേൽ അറിയിച്ചു.
തടവുകാരുടെ കൈമാറ്റത്തിനായി ധാരണയിലെത്തിയ വെടിനിർത്തൽ വ്യവസ്ഥകൾ ഇസ്രായേൽ ലംഘിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ബന്ദികളുടെ മോചനം ഹമാസ് വൈകിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ചർച്ചകൾക്കൊടുവിലാണ് ബന്ദികളുടെ മോചനം സാധ്യമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.