ന്യൂയോർക്ക്: ഗസ്സയിലെ യു.എൻ സ്കൂളിന് നേരെ ഇസ്രായേലിന്‍റെ വ്യോമാക്രമണം. ഗസ്സ മുനമ്പിൽ നൂറുകണക്കിന് കുടുംബങ്ങൾ താമസിച്ചിരുന്ന ഐക്യരാഷ്ട്ര സംഘടനയുടെ സ്കൂൾ കെട്ടിടത്തിന് നേരെയാണ് വ്യോമാക്രമണം നടത്തിയത്.
യു.എൻ ആസ്ഥാനത്ത് നടന്ന ദൈനംദിന വാർത്തസമ്മേളനത്തിൽ യു.എൻ ജനറൽ സെക്രട്ടറി വക്താവ് സ്റ്റെഫാൻ ഡുജാറികാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗസ്സയിലെ നുസൈറത്തിൽ അഭയാർഥി ക്യാമ്പായി പ്രവർത്തിക്കുന്ന യു.എൻ സ്കൂളിന്റെ മേൽക്കൂരയിലാണ് ഇസ്രായേലിന്റെ മിസൈൽ പതിച്ചത്. ആക്രമണത്തിൽ കെട്ടിടത്തിന് കനത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നും ഭാഗ്യംകൊണ്ടു മാത്രമാണ് ആരും പരിക്കേൽക്കാതെ രക്ഷപ്പെട്ടതെന്നും ഡുജാറിക് വ്യക്തമാക്കി.
വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ അധിനിവേശ പ്രദേശങ്ങളിലെ ദയനീയ സാഹചര്യങ്ങളെക്കുറിച്ചുള്ള യു.എൻ ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് കോർഡിനേഷൻ ഓഫിസിന്റെ പുതിയ റിപ്പോർട്ടും അദ്ദേഹം വാർത്തസമ്മേളനത്തിൽ പങ്കുവെച്ചു. ഉപജീവനത്തിനായി ജോലി തേടി ഇസ്രായേൽ അതിർത്തി കടന്ന് കിഴക്കൻ ജറുസലേമിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച പലസ്തീൻ സ്വദേശിയെ ഇസ്രായേൽ സൈന്യം വെടിവെച്ചുകൊന്നുവെന്ന വാർത്തയും അദ്ദേഹം സ്ഥിരീകരിച്ചു. അതിർത്തിയിലെ ഇസ്രായേലിന്റെ സുരക്ഷാ മതിൽ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഈ ക്രൂരത അരങ്ങേറിയത്.
യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഫലസ്തീൻകാർക്ക് കിഴക്കൻ ജറുസലേമിലേക്കോ ഇസ്രായേലിലേക്കോ ജോലി ആവശ്യങ്ങൾക്കായി പ്രവേശിക്കാനുള്ള പെർമിറ്റുകൾ ഇസ്രായേൽ റദ്ദാക്കിയിരുന്നു. ഇതിനുശേഷം മേഖലയിൽ തുടരുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെയും വെടിവെപ്പുകളുടെയും തുടർച്ചയാണ് ഈ പുതിയ സംഭവമെന്നും യു.എൻ വക്താവ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.