തെൽ അവീവ്: ഗസ്സ വെടിനിർത്തൽ കരാറിന്റെ ഭാഗമായി വിട്ടയച്ച തടവുകാരുടെ അൽ അഖ്സ പള്ളിയിലെ പ്രവേശനം തടയാനൊരുങ്ങി ഇസ്രായേൽ. റമദാനിൽ പള്ളിയിലേക്കുള്ള പ്രവേശനം തടയുന്നതിനാണ് ഇസ്രായേൽ ഒരുങ്ങുന്നത്. മാർച്ച് ഒന്നിനാണ് റമദാൻ മാസം തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നത്.
ഇസ്രായേൽ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുടെ അറിയിപ്പ് പ്രകാരം റമദാന് മുന്നോടിയായി അൽ അഖ്സ പള്ളിയുടെ സുരക്ഷ ഇസ്രായേൽ വർധിപ്പിക്കുന്നുണ്ട്. 3,000 പൊലീസുകാരെ ജറുസലേമിലേക്കും അൽ അഖ്സയിലേക്കുമുള്ള പാതയിലെ ചെക്ക് പോയിന്റുകളിൽ ഇസ്രായേൽ വിന്യസിക്കും. അൽ അഖ്സ പള്ളിയിൽ പ്രവേശിക്കാൻ പ്രതിദിനം 10,000 പേർക്ക് മാത്രമേ പെർമിറ്റ് അനുവദിക്കുവെന്ന് ഇസ്രായേൽ അറിയിച്ചു.
55ന് വയസിന് മുകളിലുള്ള സ്ത്രീകൾക്കും പുരുഷൻമാർക്കുമായിരിക്കും പെർമിറ്റ് അനുവദിക്കുന്നതിന് പ്രഥമ പരിഗണന നൽകുക. മുതിർന്നവർക്കൊപ്പം മാത്രമേ കുട്ടികളെ പള്ളികളിൽ പ്രവേശിപ്പിക്കു. അതേസമയം, നിർദേശങ്ങൾ ഇസ്രായേൽ സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.
റമദാനിൽ ഫലസ്തീനികളുടെ അൽ അഖ്സ പള്ളിയിലേക്കുള്ള പ്രവേശനം ഇസ്രായേൽ നിയന്ത്രിക്കാറുണ്ട്. ഇത് സംഘർഷങ്ങൾക്കും കാരണമാകാറുണ്ട്. മുസ്‍ലിംകളുടെ മൂന്നാമത്തെ വിശുദ്ധസ്ഥലമാണ് അൽ അഖ്സ പള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.