ന്യൂയോർക്ക്: ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാനുള്ള 'ആരോ' വിഭാഗത്തിൽപെട്ട മിസൈലുകൾ ഇസ്രായേലിന്‍റെ ശേഖരത്തിൽ തീർന്നുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ. യു.എസ് അധികൃതരെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മിസൈലുകളുടെ കുറവ് ഇറാനിൽ നിന്നുള്ള ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കുന്നതിൽ ഇസ്രായേലിന് തിരിച്ചടിയാകും.
ആരോ മിസൈലുകൾ ഇസ്രായേലിന്‍റെ പക്കൽ കുറവാണെന്ന കാര്യം യു.എസിന് അറിയാമെന്ന് പേരുവെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണലിന്‍റെ റിപ്പോർട്ടിൽ പറയുന്നു. ആവശ്യമായ രീതിയിൽ ഇസ്രായേലിന്‍റെ വ്യോമപ്രതിരോധം ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് യു.എസ്.
യു.എസിൽ നിന്നാണ് ഇസ്രായേലിന് പ്രധാനമായും ആയുധങ്ങൾ ലഭിക്കുന്നത്. യു.എസ് കൂടുതൽ മിസൈലുകൾ നൽകിയില്ലെങ്കിൽ 10ഓ 12ഓ ദിവസം കൂടിയേ ഇറാന്‍റെ മിസൈലുകളെ കൃത്യമായി പ്രതിരോധിക്കാൻ ഇസ്രായേലിന് സാധിക്കൂ.
അയൺ ഡോം, ആരോ മിസൈൽ സംവിധാനം, ഡേവിഡ്സ് സ്ലിംഗ്, ചെലവേറിയ പാട്രിയറ്റ്, താഡ് തുടങ്ങിയവയാണ് ഇസ്രായേലിന്‍റെ വ്യോമപ്രതിരോധ മിസൈൽ സംവിധാനങ്ങൾ. ഇതിൽ, അയൺ ഡോമിന്‍റെ ഭാഗമായുള്ള തമിർ മിസൈലുകൾക്ക് ഷോർട്ട് റേഞ്ച് മിസൈലുകളെ പ്രതിരോധിക്കുന്നതിലാണ് ശേഷി കൂടുതൽ. വേഗതയും ശേഷിയുമേറിയ ബാലിസ്റ്റിക് മിസൈലുകളെ ഫലപ്രദമായി പ്രതിരോധിക്കാൻ ഉപയോഗിക്കുന്നത് ആരോ മിസൈലുകളാണ്.
ഇറാൻ നിരന്തരം തുടരുന്ന ബാലിസ്റ്റിക് മിസൈൽ ആക്രമണം തടയാൻ ബദൽ മാർഗം തേടുകയാണ് ഇസ്രായേൽ. പ്രതിസന്ധി മറികടക്കാൻ ഇറാന്റെ മിസൈൽ വിക്ഷേപണ സംവിധാനം തകർക്കാൻ ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
വിവിധതലങ്ങളിൽ വിന്യസിച്ചിരിക്കുന്ന ഇസ്രായേലിന്റെ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ പരിപാലിക്കുന്നതിനുള്ള ചെലവും നിർണായക ആശങ്കയായി മാറുകയാണത്രെ. ഇസ്രായേലി സാമ്പത്തിക ദിനപത്രമായ ദി മാർക്കർ രാത്രിയിലെ മിസൈൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് 1 ബില്യൺ ഷെക്കൽ (285 മില്യൺ ഡോളർ) വരെ ചിലവാകുമെന്ന് കണക്കാക്കുന്നു. ഒരു ആരോ മിസൈൽ തൊടുക്കുന്നതിന് 30 ലക്ഷം യുഎസ് ഡോളറാണു (26 കോടി രൂപ) ചെലവ്. ഓരോ രാത്രിയിലും മിസൈൽ പ്രതിരോധത്തിനായി മാത്രം 28.5 കോടി യു.എസ് ഡോളറാണ് (2463 കോടി രൂപ) ഇസ്രയേൽ ചെലവാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.