ഇസ്രായേൽ തടവറയിൽനിന്ന് വർഷങ്ങൾക്ക് ശേഷം മോചിതരായ ഫലസ്തീനി സ്ത്രീകൾക്കും കുട്ടികൾക്കും നൽകിയ സ്വീകരണം
റാമല്ല: വെള്ളിയാഴ്ച പുലർച്ചെ വരെ വെടിയൊച്ചകൾ മുഴങ്ങിയ, കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം പിടഞ്ഞു മരിച്ച ഫലസ്തീൻ ആയിരുന്നില്ല വെള്ളിയാഴ്ച രാത്രിയിലേത്. മരണത്തിനും വേദനയ്ക്കും പകരം സന്തോഷവും ആഹ്ലാദവുമായിരുന്നു ഓരോ ഫലസ്തീനിയുടെ മുഖത്തും. ഇസ്രായേൽ സയണിസ്റ്റ് രാഷ്ട്രം പത്തും ഇരുപതും വർഷങ്ങളായി അകാരണമായി തടവിലിട്ട തങ്ങളുടെ പ്രിയപ്പെട്ട ഉമ്മമാരും സഹോദരിമാരും പെൺമക്കളും കുട്ടികളുമടക്കമുള്ള 39 പേർ തിരിച്ചെത്തുമ്പോൾ അവർ ആഹ്ലാദിക്കാതിരിക്കുന്നതെങ്ങനെ?
ഇസ്രായേൽ തടവറയിൽനിന്ന് എട്ടുവർഷത്തിന് ശേഷം മോചിതയായി വീട്ടിലെത്തിയ മലക് സൽമ മാതാവിനെ കണ്ടുമുട്ടിയപ്പോൾ
ഇസ്രായേൽ പോർവിമാനങ്ങളുടെ ബോംബുവർഷമേൽക്കാതെ ബാക്കിയായ വാഹനങ്ങളിൽ അവർ നഗരങ്ങളിൽ ഫലസ്തീൻ പതാകയുമായി ഒത്തുകൂടി. വർഷങ്ങളായി പുറംലോകം കാണാത്ത തങ്ങളുടെ പ്രിയ സഹോദരികൾ റെഡ്ക്രോസിന്റെ വാഹനത്തിൽനിന്ന് ഇറങ്ങി വരുമ്പോൾ, ദൈവത്തെ പ്രകീർത്തിക്കുന്ന മുദ്രാവാക്യങ്ങളാൽ അന്തരീക്ഷം പ്രകമ്പനം കൊണ്ടു.
എട്ടുവർഷത്തെ ഇസ്രായേൽ തടവറയിലെ നരക ജീവിതത്തിന് ശേഷം മോചിതയായി വീട്ടിലെത്തിയ മലക് സൽമയെന്ന യുവതി തന്റെ മാതാവിനെ കണ്ടുമുട്ടിയ വൈകാരിക നിമിഷം അവർണനീയമായിരുന്നു. ഉമ്മയെ വാരിപ്പുണർന്ന് ഉമ്മവെക്കുന്ന സൽമയെ കണ്ടുനിന്നവർ സന്തോഷക്കണ്ണീർ വാർത്തു.
മോചിതയായ സാറ അബ്ദുല്ലയെന്ന യുവതി, റെഡ്ക്രോസ് വാഹനത്തിൽനിന്നിറങ്ങിയ ഉടൻ ദൈവത്തിന് നന്ദിചൊല്ലി ഫലസ്തീന്റെ മണ്ണിൽ സുജൂദ് ചെയ്തു.
വെടിനിർത്തലിന്റെ ഏറ്റവും വലിയ സന്തോഷം ഗസ്സയിലായിരുന്നെങ്കിൽ ഇപ്പുറത്ത് പങ്കുപറ്റി വെസ്റ്റ് ബാങ്കും കിഴക്കൻ ജറൂസലമും ഉണ്ടായിരുന്നു. ഓഫർ ജയിലിലെത്തിച്ച് പുറത്തുവിടുന്ന ഫലസ്തീൻ തടവുകാരുടെ ആദ്യസംഘം ഈ രണ്ടു നാട്ടുകാരാണെന്നത് തന്നെയായിരുന്നു അവരെ ഇരട്ടി സന്തോഷത്തിലാഴ്ത്തിയത്. വിവരമറിഞ്ഞ് ജയിലിന് പുറത്ത് മാധ്യമപ്പട നിലയുറപ്പിച്ചപ്പോൾ അൽപം ദൂരെ മലമുകളിൽ കാഴ്ചകൾ കാണാമെന്ന പ്രതീക്ഷയിൽ നൂറുകണക്കിന് പേരായിരുന്നു തടിച്ചുകൂടിയത്.
39 പേരെയാണ് ഇസ്രായേൽ വിട്ടയച്ചത്. കിഴക്കൻ ജറൂസലം, വെസ്റ്റ് ബാങ്കിലെ നാബുൽസ്, റാമല്ല എന്നിവിടങ്ങളിൽനിന്നായി 24 സ്ത്രീകളും 15 കൗമാരക്കാരുമാണ് ഇസ്രായേൽ ജയിലുകളിൽനിന്നും പുറത്തെത്തിയ ഫലസ്തീനികൾ.
ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലാണ് ഗസ്സയിൽ താൽകാലിക വെടിനിർത്തലിന് കളമൊരുങ്ങിയത്. നാല് ദിവസത്തെ വെടിനിർത്തലിനാണ് ധാരണയിലായത്. 150 ഫലസ്തീൻ തടവുകാർക്കു പകരം ഹമാസ് പിടിയിലുള്ള ബന്ദികളിൽ 50 സ്ത്രീകളെയും കുട്ടികളെയും കൈമാറാനാണ് വ്യവസ്ഥ.
വെടിനിർത്തൽ കരാർ പ്രകാരം 13 ഇസ്രായേലികളെയും 11 തായ്‍ലൻഡ് പൗരന്മാരെയും ഒരു ഫിലിപ്പിനോയേയുമാണ് ഹമാസ് വിട്ടയച്ചത്. ഇവരെ റെഡ് ക്രോസ് ഏറ്റുവാങ്ങി ഈജിപ്തിലെ റഫ അതിർത്തിവഴി ഇസ്രായേലിന് കൈമാറി. രഹസ്യാന്വേഷണ വിഭാഗമായ ഷിൻ ബെത്തിലെ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനു ശേഷം ഇവരെ നാട്ടിലേക്ക് കൊണ്ടുപോകും. വിട്ടയക്കപ്പെട്ടവർ നല്ല ആരോഗ്യനിലയിലാണെന്ന് റെഡ് ക്രോസ് പ്രതിനിധി സംഘം പറഞ്ഞതായി ഇസ്രായേൽ നാഷണൽ എമർജൻസി സർവീസ് ഡയറക്ടർ ജനറൽ എലി ബിൻ പറഞ്ഞു. വെടിനിർത്തൽ കരാറിന്‍റെ ഭാഗമായല്ലാതെയാണ് ഹമാസ് തായ്‍ലൻഡ് പൗരന്മാരെ വിട്ടയച്ചത്. തായ് ബന്ദികളെ വിട്ടയച്ചതായി സുരക്ഷാ വിഭാഗവും വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചെന്ന് തായ്‍ലൻഡ് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
നാല് ദിവസത്തെ താൽകാലി വെടിനിർത്തലിന് പിന്നാലെ സഹായ ഹസ്തവുമായി ഈജിപ്ത് ട്രക്കുകൾ ഗസ്സയിലേക്ക് പ്രവേശിച്ചു തുടങ്ങി. റഫ അതിർത്തി കടന്ന ട്രക്കുകൾ ഗസ്സയിലേക്ക് പ്രവേശിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. രണ്ട് സംഘടനകളെ പ്രതിനിധീകരിച്ച് രണ്ടുട്രക്കുകളാണ് ഗസ്സയിലേക്ക് നീങ്ങിയത്. ഗസ്സക്ക് പ്രതിദിനം 1,30,000 ലിറ്റർ ഡീസൽ നൽകുമെന്ന് ഈജിപ്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമേ നാല് ട്രക്ക് ഗ്യാസുമുൾപ്പെടെ ദിവസേന 200 ട്രക്ക് സഹായങ്ങൾ ഗസ്സയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.