ഗസ്സ സിറ്റി: തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിന്റെ മധ്യ, ദക്ഷിണ മേഖലകളിൽനിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് ഇസ്രായേൽ സൈന്യം. നഗരത്തിന്റെ 20 ശതമാനത്തോളം വരുന്ന പ്രദേശത്തുനിന്ന് ഒഴിയണമെന്നാണ് നിർദേശം. അതിനിടെ, ഗസ്സയിൽ വൻതോതിൽ മാനുഷിക സഹായമെത്തിക്കണമെങ്കിൽ സാഹചര്യം മെച്ചപ്പെടണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടരസ് പറഞ്ഞു.
ആശുപത്രികൾ മരണകേന്ദ്രങ്ങളായി
രൂക്ഷമായ യുദ്ധക്കെടുതി നേരിടുന്ന വടക്കൻ ഗസ്സയിലെ ആശുപത്രികൾ ആളുകൾ മരിക്കാൻ കാത്തിരിക്കുന്ന കേന്ദ്രങ്ങളായി മാറിയെന്ന് ലോകാരോഗ്യ സംഘടന ടീം ലീഡർ സീൻ കാസെ പറഞ്ഞു. ശസ്ത്രക്രിയക്ക് സൗകര്യമുള്ള ഒരു ഹോസ്പിറ്റലും ഇപ്പോൾ ഇവിടെയില്ല. അതിനാൽ, മുറിവുകളിൽ അണുബാധയുണ്ടായി ആളുകൾ മരിക്കുമെന്ന സ്ഥിതിയിലാണ്. ഭക്ഷണവും വെള്ളവും കിട്ടാതെ ജനം വലയുകയാണെന്നും അടുത്തിടെ പ്രദേശം സന്ദർശിച്ച അദ്ദേഹം പറഞ്ഞു. ആളുകൾ മരുന്നിനുവേണ്ടിയല്ല, വെള്ളത്തിനുവേണ്ടിയാണ് അപേക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ രോഗികളെ ഈജിപ്തിലേക്കോ മറ്റ് രാജ്യങ്ങളിലേക്കോ ചികിത്സക്ക് കൊണ്ടുപോകണമെന്ന് ഡബ്ല്യു.എച്ച്.ഒ പ്രതിനിധി ഡോ. റിച്ചാർഡ് പീപെർകോൺ പറഞ്ഞു. വടക്കൻ ഗസ്സയിൽ നിലവിൽ പ്രവർത്തനക്ഷമമായ ആശുപത്രികൾ ഒന്നുമില്ല. അൽ അഹ്ലി ഹോസ്പിറ്റലാണ് പ്രവർത്തിച്ചിരുന്ന അവസാന ആശുപത്രി. അതും ഇപ്പോൾ പേരിന് മാത്രമായെന്ന് ഡോ. റിച്ചാർഡ് പീപെർകോൺ പറഞ്ഞു.
അതിനിടെ, ഗസ്സയിൽ കൂടുതൽ തുരങ്ക ശൃംഖലകൾ കണ്ടെത്തിയതായി ഇസ്രായേൽ സൈന്യം പറഞ്ഞു. ഹമാസിന്റെ മുതിർന്ന നേതാക്കളുടെ വീടുകളെ ബന്ധിപ്പിക്കുന്നതാണ് ഈ ടണലുകളെന്നും സൈന്യം പറഞ്ഞു. അതേസമയം, സൈന്യത്തിന്റ അവകാശവാദത്തെക്കുറിച്ച് ഹമാസ് പ്രതികരിച്ചിട്ടില്ല.
ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയുടെ ആംബുലൻസ് സെന്റർ രണ്ട് ദിവസമായി ഉപരോധത്തിന് കീഴിലാണെന്ന് മീഡിയ കമ്യൂണിക്കേഷൻസ് ഓഫിസർ നെബൽ ഫർസാഖ് പറഞ്ഞു. ബുധനാഴ്ചമുതൽ ഇസ്രായേൽ സൈന്യം പ്രദേശത്ത് ഷെൽ ആക്രമണവും വെടിവെപ്പും നടത്തുകയാണെന്നും അവർ കൂട്ടിച്ചേർത്തു. സെന്ററിൽനിന്ന് പുറത്തുപോകാൻ ഒരു മാർഗവുമില്ലെന്നും അവർ പറഞ്ഞു. പാരാമെഡിക്കൽ ജീവനക്കാർ, സന്നദ്ധപ്രവർത്തകർ, അവരുടെ കുടുംബാംഗങ്ങൾ, പരിക്കേറ്റ 22 പേർ എന്നിവരുൾപ്പെടെ 127 പേരാണ് സെന്ററിലുള്ളത്.
തുരങ്ക ശൃംഖല കണ്ടെത്തിയെന്ന് ഇസ്രായേൽ
ഭൂമിക്കടിയിൽ 500 കിലോമീറ്ററോളം നീളുന്നതാണ് തുരങ്ക ശൃംഖലകളെന്ന് സൈന്യം പറയുന്നു. ഉപരിതലത്തിൽനിന്ന് 80 മീറ്റർ അടിയിലുള്ള തുരങ്കങ്ങളിലേക്ക് തുറക്കുന്ന വാതിലുകൾ വീടുകളുടെയും സർക്കാർ കെട്ടിടങ്ങളുടെയും അടിത്തറയിലുണ്ട്. ഇസ്രായേലിനെതിരെ ആക്രമണം ആസൂത്രണം ചെയ്യുന്നതിന് ഹമാസ് നേതാക്കൾ ഒളിത്താവളമാക്കിയത് ഈ തുരങ്കങ്ങളാണെന്നും സൈന്യം പറഞ്ഞു. ഒക്ടോബർ ഏഴിലെ ആക്രമണം നടത്താൻ അതിർത്തികടന്നുള്ള തുരങ്കം ഹമാസ് ഉപയോഗിച്ചിരിക്കാമെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ.
2005ൽ ഇസ്രായേൽ പ്രദേശത്തുനിന്ന് സൈന്യത്തെയും കുടിയേറ്റക്കാരെയും പിൻവലിക്കുന്നതിന് മുമ്പുതന്നെ തുരങ്കങ്ങളുടെ നിർമാണം തുടങ്ങിയെന്നും കരുതുന്നു.
ചെങ്കടലിലെ സുരക്ഷ ഉറപ്പാക്കണമെന്ന് ഈജിപ്ത്
ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾക്കുനേരെ യെമനിലെ ഹൂതി വിമതർ ആക്രമണം ശക്തമാക്കിയിരിക്കെ, ചെങ്കടലിന്റെ സുരക്ഷ അയൽരാജ്യങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രി സമേഹ് ഷൗക്രി പറഞ്ഞു. ചെങ്കടലിലൂടെയുള്ള ചരക്ക് കടത്തിന് സംരക്ഷണം നൽകുന്ന കാര്യത്തിൽ പങ്കാളി രാജ്യങ്ങളുമായി ചർച്ച നടത്തിവരികയാണെന്നും കയ്റോയിൽ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറിനൊപ്പം നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ചെങ്കടലിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് സംരക്ഷണമൊരുക്കാനുള്ള ‘പ്രോസ്പെരിറ്റി ഗാർഡിയനി’ൽ പങ്കാളിയാകുമെന്ന് ഗ്രീസ് അറിയിച്ചു. ഇതിനായി യുദ്ധക്കപ്പൽ അയക്കുമെന്ന് പ്രതിരോധ മന്ത്രി നികോസ് ദെൻഡിയാസ് പറഞ്ഞു. ഹൂതി വിമതരുടെ ആക്രമണം നേരിടാൻ പുതിയ അന്താരാഷ്ട്ര സേന രൂപവത്കരിച്ച കാര്യം ചൊവ്വാഴ്ചയാണ് അമേരിക്ക പ്രഖ്യാപിച്ചത്.
ഹൂതി ആക്രമണങ്ങളെത്തുടർന്ന് ഇസ്രായേലിലെ എലിയാത്ത് തുറമുഖം വഴിയുള്ള ചരക്ക് നീക്കത്തിൽ 85 ശതമാനം കുറവ് വന്നതായി പോർട്ട് ചീഫ് എക്സിക്യൂട്ടീവ് പറഞ്ഞു. പ്രധാനമായും കാർ ഇറക്കുമതിയും ചാവുകടലിൽനിന്നുള്ള പൊട്ടാഷ് കയറ്റുമതിയുമാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്.
സൈന്യത്തെ പിൻവലിക്കുന്നതിനെതിരെ തീവ്ര വലതുപക്ഷ മന്ത്രി
ഹമാസിനെ പരാജയപ്പെടുത്തുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്യുന്നതിന് മുമ്പ് സൈന്യത്തെ പിൻവലിക്കുന്നതിനെതിരെ ഇസ്രായേൽ യുദ്ധ മന്ത്രിസഭയിലെ തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ ഗവിർ മുന്നറിയിപ്പ് നൽകി. ഗസ്സയിൽ സൈനിക നടപടി നിർത്തിവെക്കുന്നത് ബിന്യമിൻ നെതന്യാഹുവിന്റെ യുദ്ധ മന്ത്രിസഭയുടെ പരാജയമായിരിക്കുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. യുദ്ധമന്ത്രിസഭ പിരിച്ചുവിട്ട് പൂർണതോതിലുള്ള മന്ത്രിസഭക്ക് ചുമതല കൈമാറണമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, യുദ്ധത്തിൽ ഹമാസ് പരാജയപ്പെട്ടാൽ ഗസ്സയുടെ ഭരണം ഫലസ്തീൻ അതോറിറ്റി ഏറ്റെടുക്കുന്നതിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്ന് ബിന്യമിൻ നെതന്യാഹുവിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാക്കി ഹനേഗ്ബി പറഞ്ഞു. ലണ്ടൻ ആസ്ഥാനമായ അറബിക് ഭാഷാ പത്രത്തിൽ എഴുതിയ കോളത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഗസ്സയുടെ പുനർനിർമാണത്തിന് പ്രാദേശിക, അന്താരാഷ്ട്ര സേനകളുടെ കൂട്ടായ പ്രവർത്തനം ആവശ്യമാണ്. ഗസ്സയുടെ ഭരണകാര്യത്തിൽ ഇടപെടാൻ ഇസ്രായേലിന് താൽപര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷുജൈയ്യയിൽ കെട്ടിടങ്ങൾ ഇടിച്ചുനിരത്തി
ഗസ്സ സിറ്റി: ഗസ്സയിലെ ഷുജൈയ്യ മേഖലയിലെ കെട്ടിടങ്ങൾ ഇടിച്ചുനിരത്തി ഇസ്രായേൽ സേന. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വ്യോമാക്രമണത്തിൽ തകർന്ന 56 കെട്ടിടങ്ങൾ പൂർണമായും ഇടിച്ചുനിരത്തിയതുവഴി പ്രദേശം തന്നെ തുടച്ചുനീക്കിയിരിക്കുകയാണ്. സൈന്യം കെട്ടിടങ്ങൾ തകർക്കുന്നതിന്റെ വിഡിയോ ബുധനാഴ്ച പുറത്തുവന്നു. ചൊവ്വാഴ്ച അൽ ഖസം ബ്രിഗേഡ് ഷുജൈയ്യയിൽ നടത്തിയ ആക്രമണത്തിൽ ഒമ്പത് ഇസ്രായേൽ സൈനികർ മരിച്ചിരുന്നു. ഇസ്രായേൽ സേനയുടെ ’മരണക്കെണി’ എന്ന വിളിപ്പേരും ഇതോടെ പ്രദേശത്തിന് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.