പിന്മാറില്ലെന്ന് നെതന്യാഹു; വെടിനിർത്തൽ പ്രഖ്യാപനത്തിനിടയിലും ലബനാനിൽ ആശങ്കയൊഴിയുന്നില്ല

ബെെറൂത്ത്: മാസങ്ങൾ നീണ്ട ചോരപ്പുഴക്കും നാശനഷ്ടങ്ങൾക്കും താൽക്കാലിക ആശ്വാസമായി ഇസ്രയേലും ലബനാനും തമ്മിലുള്ള പത്ത് ദിവസത്തെ വെടിനിർത്തൽ നിലവിൽ വന്നു. യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ രൂപപ്പെട്ട കരാർ പ്രകാരം വെള്ളിയാഴ്ച അർദ്ധരാത്രി മുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. എന്നാൽ സമാധാന ശ്രമങ്ങൾക്കിടയിലും പ്രകോപനപരമായ പ്രസ്താവനയുമായി ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു രംഗത്തു വന്നു.

വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ദക്ഷിണ ലബനാനിലെ സുരക്ഷാ മേഖലയിൽ നിന്ന് ഇസ്രയേൽ സൈന്യം പിന്മാറില്ലെന്ന് നെതന്യാഹു വ്യക്തമാക്കി. ലബനാൻ അതിർത്തിക്കുള്ളിൽ പത്ത് കിലോമീറ്റർ ചുറ്റളവിൽ ഇസ്രയേൽ സൈന്യം നിലയുറപ്പിക്കും. "ഞങ്ങൾ ഇവിടേക്ക് വന്നിരിക്കുന്നത് മാറാനല്ല, ഇവിടെത്തന്നെ തുടരും," എന്നായിരുന്നു നെതന്യാഹുവിന്റെ വാക്കുകൾ. മിസൈൽ ആക്രമണങ്ങളും നുഴഞ്ഞുകയറ്റവും തടയാൻ സൈനിക സാന്നിധ്യം അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഇസ്രയേൽ അധിനിവേശത്തെ ചെറുക്കാൻ ലബനാന് അവകാശമുണ്ടെന്ന് ഹിസ്ബുല്ല പ്രതികരിച്ചു. ഏകദേശം 2,200 പേരാണ് ലബനാനിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 

സമാധാന ചർച്ചകൾക്കായി നെതന്യാഹുവിനെയും ലബനീസ് പ്രസിഡന്റ് ജോസഫ് ഔനിനെയും ട്രംപ് വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ ഇസ്രയേൽ പ്രധാനമന്ത്രിയുമായി നേരിട്ട് സംസാരിക്കാൻ ജോസഫ് ഔൻ വിസമ്മതിച്ചതായാണ് റിപ്പോർട്ടുകൾ.

ഗസ്സയിലെ വെടിനിർത്തൽ കരാർ തുടരെ ലംഘിച്ച ചരിത്രമുള്ള ഇസ്രായേൽ ലബനാനിലെ കരാർ പാലിക്കുമോ എന്ന ആശങ്ക നിലവിലുണ്ട്. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷവും ഗസ്സയിലെ ജനവാസ മേഖലകളിലും അഭയാർത്ഥി ക്യാമ്പുകളിലും ആക്രമണം തുടരുന്ന ഇസ്രയേൽ നടപടി അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ലബനാനിലെ 10 ദിവസത്തെ സമാധാന കരാറും സമാനമായ രീതിയിൽ ലംഘിക്കപ്പെടുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ. 

Tags:    
News Summary - Not Leaving,' Says Netanyahu as 10-Day Israel-Lebanon Ceasefire Begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.