തെക്കൻ ലബനാനിൽ ഇസ്രായേൽ പിടിച്ചെടുത്ത ബ്യൂഫോർട്ട് കോട്ട
ബൈറൂത്: ലബനാനിൽ ഹിസ്ബുല്ലയുടെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക, ഇസ്രായേൽ പൗരന്മാർക്ക് നേരെയുള്ള ഭീഷണികൾ ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഏതാനും ദിവസം മുമ്പ് ബ്യൂഫോർട്ട് റിഡ്ജിലും സുലൂക്കി താഴ്വരയിലും ഓപറേഷൻ ആരംഭിച്ചതായി ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. ആവശ്യമെങ്കിൽ സൈനിക നടപടി കൂടുതൽ വ്യാപിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി.
അടുത്ത ദിവസങ്ങളിലായി ഇസ്രായേൽ ലബനാനിലെ സൈനിക നടപടികൾ വർധിപ്പിച്ചിട്ടുണ്ട്. ലിതാനി നദി മുതൽ സഹ്റാനി നദി വരെയുള്ള പ്രദേശം യുദ്ധമേഖലയായി ഇസ്രായേൽ പ്രഖ്യാപിച്ചു.
കടുത്ത വ്യോമാക്രമണങ്ങളെ തുടർന്ന് ചിലർ ഇതിനകം പ്രദേശം വിട്ടുപോയെങ്കിലും പല നഗരങ്ങളിലും ഇപ്പോഴും ജനങ്ങൾ താമസിക്കുന്നുണ്ട്. അതേസമയം, ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് ഹിസ്ബുല്ലയോ ലബനാൻ സർക്കാറോ പ്രതികരിച്ചിട്ടില്ല.
അതിനിടെ, തെക്കൻ ലബനാൻ നഗരമായ ടയറിലെ ഹീറാം ആശുപത്രിക്ക് സമീപമുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ 13 ആശുപത്രി ജീവനക്കാർക്ക് പരിക്കേറ്റു. ഇറാൻ യുദ്ധത്തിന് പിന്നാലെ ആരംഭിച്ച ഇസ്രായേൽ അധിനിവേശത്തിൽ ലബനാനിൽ ഇതുവരെ 3350 പേർ കൊല്ലപ്പെടുകയും 10 ലക്ഷത്തിലധികം പേർ ഭവനരഹിതരാകുകയും ചെയ്തു.
ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ കണക്കനുസരിച്ച്, തെക്കൻ ലബനാനിലോ അതിനടുത്തോ കുറഞ്ഞത് 25 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.