ഗസ്സ സിറ്റി: ഗസ്സയിൽ നരനായാട്ട് തുടർന്ന് ഇസ്രായേൽ. സഹായകേന്ദ്രങ്ങളിൽ ഭക്ഷണം കാത്തുനിൽക്കുന്നവർ ഉൾപ്പെടെ 72 പേരെ ഇസ്രായേൽ സൈന്യം വെടിവെച്ച് കൊലപ്പെടുത്തി. ഗസ്സ സിറ്റിയിൽ മാത്രം 47 പേരെ കൊലപ്പെടുത്തി.
ഗസ്സ സിറ്റിയിലെ അൽ-അഹ്ലി ആശുപത്രി പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. മതിയായ ചികിത്സാ സൗകര്യങ്ങളോ ആവശ്യത്തിന് ബെഡുകളോ ഇവിടെയില്ല. പരിക്കേറ്റ കുട്ടികൾ ഉൾപ്പെടെ ആശുപത്രിയിൽ നിലത്ത് കിടക്കുകയാണ്.
ഗസ്സ സിറ്റിയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇസ്രായേൽ സൈന്യം. തെക്കൻ ഭാഗങ്ങളിലേക്ക് നീങ്ങാനാണ് നിർദേശം. ഇതിന് പിന്നാലെയാണ് ജനങ്ങൾക്ക് നേരെ വ്യാപക ആക്രമണമുണ്ടായത്.
ഞായറാഴ്ച സമൂഹ മാധ്യമം വഴിയാണ് വടക്കൻ ഗസ്സയിൽനിന്നും മധ്യ ഗസ്സയിൽനിന്നും വീടുവിട്ടുപോകാൻ ഫലസ്തീനികൾക്ക് അന്ത്യശാസനം നൽകിയത്. പതിനായിരങ്ങൾ കഴിയുന്ന ജബാലിയ അഭയാർഥി ക്യാമ്പ് സമ്പൂർണമായി ഒഴിയണം. ഗസ്സ സിറ്റിയിലെ മിക്ക ഭാഗങ്ങളും വിടണം. ഇരു മേഖലകളിലും സൈനിക നീക്കം ശക്തമാക്കുകയാണെന്നും എല്ലാവരും തെക്കൻ ഗസ്സയിലെ അൽമവാസിയിലേക്ക് നാടുവിടണമെന്നുമാണ് അന്ത്യശാസനം.
ഒരു ഘട്ടത്തിൽ പൂർണമായി ഒഴിപ്പിക്കപ്പെട്ട ശേഷം ഈ വർഷാദ്യം നിലവിൽവന്ന വെടിനിർത്തലിനെ തുടർന്ന് ലക്ഷക്കണക്കിന് ഫലസ്തീനികൾ വടക്കൻ ഗസ്സയിൽ തിരിച്ചെത്തിയിരുന്നു. ഇവരെയാണ് സൈനിക നീക്കം പറഞ്ഞ് കൂട്ടമായി കുടിയൊഴിപ്പിക്കുന്നത്. വടക്ക് ജബാലിയയിൽ നാലുപേരടക്കം ഗസ്സയിൽ ഞായറാഴ്ച നടന്ന ആക്രമണങ്ങളിൽ 21 പേർ കൊല്ലപ്പെട്ടിരുന്നു. ഒഴിഞ്ഞുപോകാൻ നിർദേശിച്ച അൽമവാസിയിലെ തമ്പിനു മേൽ നടന്ന ആക്രമണത്തിൽ അഞ്ചുപേരും കൊല്ലപ്പെട്ടു. 56,000 പിന്നിട്ട മരണസംഖ്യ പിന്നെയും കുത്തനെ ഉയരുന്നതിനിടെയാണ് ഇസ്രായേൽ സൈന്യത്തിന്റെ പുതിയ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.