വാഷിങ്ടൺ ഡി.സി: ഇസ്രായേൽ ഇറാനെ ആക്രമിക്കില്ലെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇസ്രായേലിന്‍റെ സൈനിക വിമാനങ്ങൾ തിരിച്ചുവരുമെന്നും ട്രംപ് തന്‍റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു. വെടിനിർത്തൽ ലംഘിച്ച ഇസ്രായേലിന്‍റെ നടപടിയെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് ട്രംപിന്‍റെ പോസ്റ്റ്.
'ഇസ്രായേൽ ഇറാനെ ആക്രമിക്കില്ല. എല്ലാ വിമാനങ്ങളും പിന്തിരിഞ്ഞ് ഇസ്രായേലിലേക്ക് മടങ്ങും. സൗഹാർദപരമായി ഇറാനോട് 'പ്ലെയിൻ വേവ്' നടത്തും. ആരും ആക്രമിക്കപ്പെടില്ല. വെടിനിർത്തൽ നിലവിലുണ്ടാകും' -ട്രംപ് പറഞ്ഞു. തകർത്ത ആണവ കേന്ദ്രങ്ങൾ ഇറാൻ പുനർനിർമിക്കില്ലെന്നും ട്രംപ് അവകാശപ്പെട്ടു.
ഇറാനെ ആക്രമിക്കരുതെന്നാവശ്യപ്പെട്ട് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ വിളിച്ചതായും റിപ്പോർട്ടുകളുണ്ട്. ആക്രമണം തടയാൻ തനിക്ക് സാധിക്കുന്ന സാഹചര്യമായിരുന്നില്ലെന്ന് നെതന്യാഹു ട്രംപിനെ അറിയിച്ചതായി അമേരിക്കൻ വാർത്താപോർട്ടലായ ആക്സിയോസ് റിപ്പോർട്ട് ചെയ്തു. ഇറാൻ വെടിനിർത്തൽ ലംഘിച്ചതിനാലാണ് ആക്രമിച്ചതെന്നും നെതന്യാഹു വിശദീകരിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
ഇസ്രായേലും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ധാരണ ഇരുരാജ്യങ്ങളും ലംഘിച്ചെന്ന് ഡോണൾഡ് ട്രംപ് വിമർശിച്ചിരുന്നു. ധാരണക്ക് ശേഷവും വൻതോതിൽ ആക്രമണം നടത്തിയ ഇസ്രായേലിന്‍റെ നടപടിയെ ട്രംപ് രൂക്ഷമായി വിമർശിച്ചു. 'നിങ്ങൾക്ക് 12 മണിക്കൂർ ഉണ്ടെന്ന് (വെടിനിർത്താൻ) ഞാൻ പറയുമ്പോൾ, നിങ്ങൾ ആദ്യത്തെ മണിക്കൂറിൽ തന്നെ നിങ്ങളുടെ കയ്യിലുള്ളതെല്ലാം അവരുടെ മേൽ ഇടുകയല്ല വേണ്ടത്. ഞാൻ ഇതുവരെ കാണാത്ത രീതിയിൽ ലോഡ് കണക്കിന് ബോംബുകളാണ് ഇസ്രായേൽ ഇട്ടത്. രണ്ട് രാജ്യങ്ങളും അടിസ്ഥാനപരമായി, എന്താണ് ചെയ്യുന്നതെന്ന് അറിയാത്ത വിധം വളരെക്കാലമായി കഠിനമായി പോരാടുകയാണ്' - ഹേഗിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്ക് പുറപ്പെടുന്നതിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.