ഇസ്രായേൽ ആക്രമണത്തിൽ തകർന്ന ഗസ്സയിലെ കെട്ടിടങ്ങൾ
ഗസ്സ സിറ്റി: വംശഹത്യയെന്ന് ഐക്യരാഷ്ട്ര സഭയുടെ സ്ഥിരീകരണത്തിനുപിന്നാലെ ഗസ്സ സിറ്റിയിൽ തുടക്കമിട്ട കരയാക്രമണം കൂടുതൽ കടുപ്പിച്ച് ഇസ്രായേൽ. ആയിരക്കണക്കിന് സൈനികരും നിരവധി ടാങ്കുകളും നഗരത്തിലുടനീളം ഭീകരത തുടരുകയാണ്. ഇന്റർനെറ്റ്, ഫോൺ സേവനങ്ങൾ നിർത്തി പുറംലോകവുമായി ബന്ധം മുറിച്ചുകളഞ്ഞാണ് കര, വ്യോമ മാർഗങ്ങൾ ഉപയോഗിച്ച് സമാനതകളില്ലാത്ത ഉന്മൂലനം നടത്തുന്നത്.
10 ലക്ഷത്തോളം പേർ കഴിഞ്ഞ ഗസ്സ സിറ്റിയിലെ നൂറുകണക്കിന് കെട്ടിടങ്ങൾ ദിവസങ്ങൾക്കിടെ തകർക്കപ്പെട്ടു. ലക്ഷങ്ങൾ ഇതിനകം നാടുവിട്ട പട്ടണത്തിൽനിന്ന് ഇപ്പോഴും കൂട്ടപ്പലായനം തുടരുകയാണ്. ഇവിടേക്ക് ഇന്ധനമെത്തിക്കുന്നതടക്കം പ്രവർത്തനങ്ങൾ ഇസ്രായേൽ മുടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
ഗസ്സ സിറ്റിയിൽ ബുധനാഴ്ച 38 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഷാതി അഭയാർഥി ക്യാമ്പിലെ ബോംബിങ്ങിൽ മാതാവും കുഞ്ഞും നുസൈറാത്ത് ക്യാമ്പിലെ ആക്രമണത്തിൽ ഗർഭിണിയടക്കം മൂന്നുപേരും കൊല്ലപ്പെട്ടു. ഗസ്സയിലുടനീളം മരണം 51 ആണ്. പട്ടണത്തിലുള്ളവർക്ക് നാടുവിടാൻ 48 മണിക്കൂർ നേരം താൽക്കാലിക വഴി അനുവദിച്ചതായി ഇസ്രായേൽ അറിയിച്ചു.
അതിനിടെ, ഗസ്സ നഗരത്തിലുള്ളവർക്ക് സുരക്ഷിത താവളമായി നിശ്ചയിച്ച മവാസിയിലെ തമ്പിൽ ഇസ്രായേൽ സേന നടത്തിയ ബോംബിങ്ങിൽ അഞ്ചുപേർ കൊല്ലപ്പെട്ടു.
ഗസ്സ പൂർണമായി പിടിയിലൊതുക്കുകയെന്ന ലക്ഷ്യത്തോടെയാണ് അവശേഷിക്കുന്ന ഏക പട്ടണമായ ഗസ്സ സിറ്റിയിലും കഴിഞ്ഞ ദിവസം കരയാക്രമണം ആരംഭിച്ചത്. യുദ്ധവിമാനങ്ങൾ, ക്വാഡ്കോപ്ടറുകൾ എന്നിവ ഉപയോഗിച്ചും സ്ഫോടക വസ്തുക്കൾ നിറച്ച കവചിത വാഹനങ്ങൾ അയച്ചും നഗരത്തിലുടനീളം വൻനാശം തീർത്ത ഇസ്രായേൽ ഇപ്പോഴും ബോംബിങ് തുടരുകയാണ്.
ഗസ്സയിൽ ലക്ഷങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ മാർപാപ്പ രംഗത്തുവന്നിട്ടുണ്ട്. ഗസ്സയിലെ വംശഹത്യയിൽ 65,165 പേർ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്. 146 കുരുന്നുകളടക്കം 428 പേരാണ് പട്ടിണിയിൽ മരിച്ചത്.
അതിനിടെ, ഇസ്രായേലുമായി വ്യാപാര കരാറിലെ ചില ഭാഗങ്ങൾ താൽക്കാലികമായി നിർത്താൻ യൂറോപ്യൻ യൂനിയൻ നീക്കം. കരാർ പുനഃപരിശോധിക്കണമെന്ന് അയർലൻഡ്, സ്പെയിൻ രാജ്യത്തലവന്മാർ ആവശ്യപ്പെട്ട് 18 മാസത്തിനു ശേഷമാണ് നടപടിയിലേക്ക് നീങ്ങുന്നത്.
ഗസ്സ നഗരത്തിൽ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാൻ ലോക സമൂഹം അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഗസ്സയിൽ സഹായമെത്തിക്കുന്ന 20 അന്താരാഷ്ട്ര സംഘടനകൾ ആവശ്യപ്പെട്ടു. ‘‘ഗസ്സയിൽ നാം സാക്ഷിയാകുന്നത് സമാനതകളില്ലാത്ത മാനുഷിക ദുരന്തം മാത്രമല്ല, അവിടെ അരങ്ങേറുന്നത് വംശഹത്യയാണെന്ന് യു.എൻ കമീഷൻ കണ്ടെത്തുകയും ചെയ്തതാണ്.
രാഷ്ട്രീയ, സാമ്പത്തിക, നിയമ മാർഗങ്ങളുപയോഗിച്ച് ഇടപെടാൻ രാജ്യങ്ങൾ തയാറാകണം. നടപടി ഉടനുണ്ടാകണം’’- സംഘടനകൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.