തെക്കൻ ലബനാനിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ സൈന്യം. ചൊവ്വാഴ്ച നടത്തിയ അതിശക്തമായ വ്യോമാക്രമണങ്ങളിൽ 31 പേർ കൊല്ലപ്പെടുകയും 40 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലബനാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രദേശത്ത് അധിനിവേശം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തെക്കൻ-കിഴക്കൻ ലബനാനിലെ ഡസൻകണക്കിന് ഗ്രാമങ്ങളിലും നഗരങ്ങളിലും ഉള്ളവരോട് ഉടനടി ഒഴിഞ്ഞുപോപോകാൻ ഇസ്രായേൽ സൈന്യം നിർബന്ധിത ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇസ്രായേൽ കരസേന ലബനാൻ അതിർത്തിക്കുള്ളിലേക്ക് കൂടുതൽ ആഴത്തിൽ അധിനിവേശം നടത്തുന്നതിനൊപ്പം ബോംബാക്രമണവും കടുപ്പിച്ചതോടെ തെക്കൻ ലബനാൻ പൂർണ്ണമായും ഭീതിയിലാണ്. ജീവനും കൊണ്ട് സുരക്ഷിത കേന്ദ്രങ്ങൾ തേടി പതിനായിരക്കണക്കിന് ജനങ്ങളാണ് കൂട്ടത്തോടെ പലായനം ചെയ്യുന്നത്. പ്രദേശത്ത് അതീവ ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്.
ഇതിനിടെ ലബനാൻ തലസ്ഥാനമായ ബൈറൂത്തിനെ തകർക്കുമെന്ന ഭീഷണിയുമായി ഇസ്രായേൽ തീവ്രവലതുപക്ഷ ധനമന്ത്രി ബെസാലെൽ സ്മോട്രിച്ച് രംഗത്തുവന്നു. ഹിസ്ബുല്ല നടത്തുന്ന ആക്രമണങ്ങൾക്ക് ബൈറൂത്തിന് മേൽ ശക്തമായ തിരിച്ചടി നൽകണമെന്നാണ് സ്മോട്രിച്ച് ആവശ്യപ്പെട്ടിരിക്കുന്നത്.
ഹിസ്ബുല്ല നടത്തുന്ന ഓരോ ഡ്രോൺ ആക്രമണത്തിനും പകരമായി ബൈറൂത്തിലെ പത്ത് കെട്ടിടങ്ങൾ വീതം ബോംബിട്ട് തകർക്കണമെന്നാണ് ഇസ്രായേൽ മന്ത്രിയുടെ വിവാദ പ്രസ്താവന. ലബനാന് മേൽ കടുത്ത സൈനിക ആക്രമണം അഴിച്ചുവിടണമെന്ന ഇസ്രായേൽ ഭരണകൂടത്തിലെ തീവ്രവാദ നിലപാടുകാരുടെ സമ്മർദ്ദമാണ് ധനമന്ത്രിയുടെ ഈ പ്രസ്താവനയിലൂടെ പുറത്തുവരുന്നത്. നിലവിൽ തെക്കൻ ലബനാനിലെ വിവിധ മേഖലകളിൽ ഇസ്രായേൽ സൈന്യം കരയുദ്ധവും വ്യോമാക്രമണങ്ങളും ശക്തമായി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.