ഇറാൻ-യു.എസ് വെടിനിർത്തൽ കരാറിനിടെ ലെബനനിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു

ഇറാനും അമേരിക്കയും തമ്മിൽ പാകിസ്താന്റെ നേതൃത്വത്തിൽ രൂപീകരിച്ച താൽക്കാലിക വെടിനിർത്തൽ കരാർ നിലനിൽക്കെ തന്നെ പശ്ചിമേഷ്യൻ സംഘർഷം പുതിയ തലങ്ങളിലേക്ക്. ലെബനനിൽ ഇസ്രായേൽ നടത്തുന്ന അതിരൂക്ഷമായ ബോംബാക്രമണങ്ങളിൽ പ്രതിഷേധിച്ച് തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു. ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഈ ജലപാത ഉടനടി തുറക്കണമെന്ന് ഡോണാൾഡ് ട്രംപ് ഇറാനോട് കർശനമായി ആവശ്യപ്പെട്ടിരിക്കുകയാണ്.

ഗൾഫ് രാജ്യങ്ങളിൽ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ തുടരുന്നതിനിടയിലും ഈ വെടിനിർത്തൽ വലിയ നേട്ടമായാണ് യു.എസും ഇറാനും വിശേഷിപ്പിച്ചത്. എന്നാൽ, ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം കടുപ്പിച്ചത് സ്ഥിതിഗതികൾ സങ്കീർണ്ണമാക്കി.

ബുധനാഴ്ച ഉച്ചക്ക് ശേഷം ബെയ്‌റൂട്ടിലെ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തിയ അഞ്ച് വൻ സ്ഫോടനങ്ങൾ യുദ്ധത്തിലെ ഏറ്റവും വലിയ ഏകോപിത ആക്രമണങ്ങളിലൊന്നായി മാറി. വെറും പത്ത് മിനിറ്റിനുള്ളിൽ ബെയ്‌റൂട്ട്, ബെക്കാ താഴ്‌വര, തെക്കൻ ലെബനൻ എന്നിവിടങ്ങളിലെ നൂറിലധികം ഹിസ്ബുള്ള കമാൻഡ് സെന്ററുകൾ തകർത്തതായി ഇസ്രായേൽ അവകാശപ്പെട്ടു.

സിവിൽ ഡിഫൻസ് സർവീസിന്റെ കണക്കുകൾ പ്രകാരം ഈ ആക്രമണങ്ങളിൽ 254 പേർ കൊല്ലപ്പെടുകയും 1100ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ 91 മരണങ്ങളും റിപ്പോർട്ട് ചെയ്തത് തലസ്ഥാനമായ ബെയ്‌റൂട്ടിലാണ്. ഹിസ്ബുള്ള സിവിലിയൻ മേഖലകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ഇസ്രായേൽ ആരോപിക്കുമ്പോഴും, യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് പാർപ്പിടങ്ങൾ ആക്രമിക്കപ്പെട്ടതെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ കുറ്റപ്പെടുത്തുന്നു.

ദക്ഷിണ ലെബനനിലെ ലിറ്റാനി നദിക്ക് താഴെയുള്ള പ്രദേശങ്ങൾ തങ്ങൾ നിയന്ത്രണത്തിലാക്കിയെന്നും അവിടെ ഒരു 'ബഫർ സോൺ' സ്ഥാപിക്കുമെന്നുമാണ് ഇസ്രായേൽ സൈന്യം പ്രഖ്യാപിച്ചിരിക്കുന്നത്. ലെബനൻ ഭൂപ്രദേശത്തിന്റെ 15 ശതമാനത്തോളം വരുന്ന മേഖലകളിൽ നിന്ന് ആളുകളോട് ഒഴിഞ്ഞുപോകുവാൻ ഇസ്രായേൽ ഉത്തരവിട്ടു. ഇതുവരെ 1.2 ദശലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തതായാണ് കണക്ക്. ഈ മേഖലയിലെ ആശുപത്രികളും വൈദ്യുതി നിലയങ്ങളും തകർന്നതോടെ അവശേഷിക്കുന്ന ജനങ്ങൾ ഭക്ഷണത്തിനും മരുന്നിനും വകയില്ലാതെ കടുത്ത പ്രതിസന്ധിയിലാണ്. ഈ പുതിയ നീക്കങ്ങൾ ഇറാനുമായുള്ള ദുർബലമായ വെടിനിർത്തൽ കരാറിനെ തകർക്കുമെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് മുന്നറിയിപ്പ് നൽകി.

വെടിനിർത്തൽ കരാറിൽ ലെബനനും ഉൾപ്പെടുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അവകാശപ്പെടുമ്പോഴും, ട്രംപും നെതന്യാഹുവും ഇത് അംഗീകരിക്കുന്നില്ല. കരാർ ലെബനന് ബാധകമല്ലെന്നാണ് ഇരുവരുടെയും നിലപാട്. ഇതിനിടെ, ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്താനുള്ള ഇറാന്റെ നീക്കം അംഗീകരിക്കാനാവില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

കരാറിനെക്കുറിച്ച് ഇസ്രായേലിനെ മുൻകൂട്ടി അറിയിച്ചില്ലെന്ന പരാതി നിലനിൽക്കെ തന്നെ, ട്രംപ് അവസാന നിമിഷം നെതന്യാഹുവിനെ വിളിച്ച് സമ്മതം വാങ്ങുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാന്റെ സൈനിക ഭീഷണി അവസാനിച്ചതായി യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അവകാശപ്പെടുമ്പോഴും, തങ്ങളുടെ വ്യവസ്ഥകൾക്ക് മുന്നിൽ അമേരിക്കക്ക് കീഴടങ്ങേണ്ടി വന്നു എന്നാണ് ഇറാന്റെ പക്ഷം.

Tags:    
News Summary - Israel intensifies attacks in Lebanon amid Iran-US ceasefire deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.