വടക്കൻ ഗസ്സയിലെ 10 ലക്ഷം പേർ ഒഴിഞ്ഞുപോകണമെന്ന് അന്ത്യശാസനം; ഇസ്രായേൽ കരയുദ്ധത്തിന്?

ജറൂസലം: കരയുദ്ധത്തിനെന്ന സൂചന നൽകി ഗസ്സയുടെ വടക്കൻ മേഖലയിലുള്ള 10 ലക്ഷത്തിലധികം ജനങ്ങളോട് 24 മണിക്കൂറിനകം ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേലിന്‍റെ അന്ത്യശാസനം. യു.എസ് സ്റ്റാഫ് ഉൾപ്പെടെയുള്ളവരോട് തെക്കൻ മേഖലയിലേക്ക് മാറാനാണ് ഇസ്രായേൽ ആവശ്യപ്പെട്ടിരിക്കുന്നത്.

റിസർവ് സൈനികർ ഉൾപ്പെടെ ഗസ്സ അതിർത്തിയിൽ ഇസ്രായേൽ മൂന്നര ലക്ഷം സൈനികരെയും യുദ്ധ ടാങ്കുകളും മറ്റു ആയുധങ്ങളും വിന്യസിച്ചിട്ടുണ്ട്. ഗസ്സയെ വിജനദ്വീപാക്കി മാറ്റുമെന്നാണ് കഴിഞ്ഞദിവസം ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രഖ്യാപിച്ചത്. വ്യോമാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള നൂറുകണക്കിന് ആളുകൾ ഉൾപ്പെട്ടെ 10 ലക്ഷം പേരെ 24 മണിക്കൂറിനകം വടക്കൻ മേഖലയിൽനിന്ന് ഒഴിപ്പിക്കുന്നത് ചിന്തിക്കാൻ പോലും കഴിയില്ലെന്ന് യു.എൻ അധികൃതർ പറഞ്ഞു.

ഗസ്സയിലെ ജനസംഖ്യയുടെ പകുതിയിലധികവും വടക്കൻ മേഖലയിലാണ് താമസിക്കുന്നത്. ഇസ്രായേൽ നിർദേശം വലിയ മാനുഷിക ദുരന്തത്തിലേക്ക് നയിക്കുമെന്നും ഉത്തരവ് പിൻവലിക്കണമെന്നും യു.എൻ വക്താവ് സ്റ്റെഫാൻ ദുജാറിക് പറഞ്ഞു. യു.എൻ പ്രതിനിധികളോടും സ്കൂൾ, ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ യു.എൻ അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നവരോടും വടക്കൻ ഗസ്സ വിട്ടുപോകാനാണ് അന്ത്യശാസനം.

ആറു ദിവസമായി ഇടതടവില്ലാതെ തുടരുന്ന ഇസ്രായേൽ വ്യോമാക്രമണത്തിൽ 1500ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ആരോഗ്യ സംവിധാനങ്ങളെയും അഭയാർഥി ക്യാമ്പുകളെയും ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം. അതേസമയം, വടക്കൻ ഗസ്സയിലെ ജനങ്ങളോട് തെക്ക് ഭാഗത്തേക്ക് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ പറഞ്ഞുവെന്ന യു.എൻ പ്രസ്താവന വ്യാജ പ്രചരണത്തിന്‍റെ ഭാഗമാണെന്നും ഫലസ്തീനികൾ അതിൽ വീഴരുതെന്നും ഹമാസ് പറഞ്ഞു.

അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ മുന്നറിയിപ്പുകൾ തള്ളിയാണ് ഇസ്രായേൽ കനത്ത വ്യോമാക്രമണം തുടരുകയാണ്. മരണസംഖ്യ ഉയരുന്നതോടൊപ്പം, പരിക്കേറ്റവരെ കൊണ്ട് ആശുപത്രികളും നിറഞ്ഞു. വൈദ്യുതിക്കു പുറമെ, മരുന്നു ഉൾപ്പെടെയുള്ള അടിയന്തര വസ്തുക്കളുടെ ക്ഷാമവും ആശുപത്രികളുടെ പ്രവർത്തനം അവതാളത്തിലാക്കി.

Tags:    
News Summary - Israel-Hamas live: Israel tells UN 1 million should move from northern Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.