ഇറാനുമായുള്ള 12 ദിന യുദ്ധത്തിൽ ഇസ്രായേലിന് നഷ്ടം 1200 കോടി ഡോളർ; കണക്കുകൾ പുറത്തുവിട്ട് ഇസ്രായേൽ

ടെൽ അവീവ്: ഇറാനുമായുള്ള 12 ദിവസത്തെ യുദ്ധത്തിലൂടെ ഇസ്രായേലിന് 12 ബില്യൺ ഡോളറിന്റെ (1.67 ലക്ഷം കോടി) നേരിട്ടുള്ള നഷ്ടം സംഭവിച്ചതായി ഇസ്രായേൽ. സൈനിക ചെലവുകൾ, മിസൈൽ ആക്രമണങ്ങൾ മൂലമുണ്ടായ നാശനഷ്ടങ്ങൾ, യുദ്ധം ബാധിച്ച വ്യക്തികൾക്കും ബിസിനസുകൾക്കുമുള്ള നഷ്ടപരിഹാരം, അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, താൽക്കാലിക ഹോട്ടൽ താമസസൗകര്യങ്ങൾ, കുടിയിറക്കപ്പെട്ട താമസക്കാർക്കുള്ള ബദൽ ഭവനങ്ങൾ തുടങ്ങിയവക്കുവേണ്ടി വരുന്ന ചെലവുകൾ ഈ കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടില്ല.

തെരുവുകളും കെട്ടിടങ്ങളും തകർന്നതിനാൽ പലരുടെയും ഉപജീവനം പ്രതിസന്ധിയിലായി.  മാത്രമല്ല, ഇറാനെതിരായ ആക്രമണങ്ങൾക്കും തെഹ്‌റാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തടയുന്നതിനുള്ള പ്രതിരോധ നടപടികൾക്കുമായി മന്ത്രിസഭ ഏതാണ്ട് 500 കോടി ഡോളർ ചെലവഴിച്ചതായി ഇസ്രായേലി ബിസിനസ് ദിനപത്രമായ കാൽക്കലിസ്റ്റ് റിപ്പോർട്ട് ചെയ്തു. 

ഇസ്രയേലി പത്രമായ യെദിയോത്ത് അഹ്‌റോനോത്തിന്റെ റിപ്പോർട്ട് പ്രകാരം സർക്കാർ ട്രഷറിക്ക് ഇതിനകം 6.46 ബില്യൺ ഡോളറിന്റെ നാശനഷ്ടമുണ്ടായി. ഇറാന്റെ ആക്രമണങ്ങളിൽ ഏകദേശം 40,000ത്തിലധികം വീടുകളും ബിസിനസുകളും തകർന്നെന്നാണ് കണക്ക്. 10,600ലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു.

യുദ്ധം മൂലമുണ്ടായ സാമ്പത്തിക അടച്ചുപൂട്ടൽ ഇസ്രായേൽ സമ്പദ്‌വ്യവസ്ഥക്ക് പ്രതിദിനം ഏകദേശം 294 മില്യൺ ഡോളർ നഷ്ടമുണ്ടാക്കിയെന്ന് ഇസ്രായേലിന്റെ ഹിസ്റ്റാഡ്രട്ട് ലേബർ ഫെഡറേഷന്റെ ഡെപ്യൂട്ടി സാമ്പത്തിക ഡയറക്ടർ ആദം ബ്ലൂംബെർഗ് ഇസ്രായേലി വാർത്താ സൈറ്റായ മാരിവിനോട് പറഞ്ഞു. അതായത് 12 ദിവസത്തെ സംഘർഷത്തിൽ ബിസിനസുകൾക്ക് 3.5 ബില്യൺ ഡോളറിലധികം നഷ്ടമുണ്ടായി.

യുദ്ധച്ചെലവ് നികത്താൻ ഗസ്സക്കെതിരായ യുദ്ധകാലത്ത് ഇതിനകം വർധിച്ച ദേശീയ ബജറ്റ് കമ്മി ഇസ്രായേൽ ആറ് ശതമാനമായി വർധിപ്പിക്കുമെന്ന് കരുതുന്നു. ഇത് കുറഞ്ഞത് 0.2 ശതമാനം സാമ്പത്തിക വളർച്ചാ ഇടിവിനിടയാക്കുമെന്നും കരുതുന്നു.

Tags:    
News Summary - Israel faces $12 billion in losses after 12-day war with Iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.