യു.എസ് ഭീകരവിരുദ്ധ ഏജൻസി മേധാവി ജോ കെന്റ്
‘ഇസ്രായേൽ യുദ്ധത്തിലേക്ക് ഞങ്ങളെ വലിച്ചിഴച്ചു, ഇറാൻ യു.എസിന് ഭീഷണി ഉയർത്തുന്ന രാജ്യമല്ല’; ട്രംപിന് കനത്ത തിരിച്ചടിയായി യു.എസ് ഭീകരവിരുദ്ധ ഏജൻസി ഡയറക്ടർ രാജിവെച്ചു
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കനത്ത തിരിച്ചടി നൽകി യു.എസ് ഭീകരവിരുദ്ധ ഏജൻസി മേധാവി ജോ കെന്റ് രാജിവെച്ചു. ഇറാനുമായി അമേരിക്ക നടത്തുന്ന യുദ്ധം അനാവശ്യമാണെന്നും ഇസ്രായേലിന്റെയും യുദ്ധക്കൊതിയന്മാരായ അമേരിക്കൻ ലോബികളുടെയും കടുത്ത സമ്മർദത്തിന് വഴങ്ങിയാണ് രാജ്യം ഇത്തരമൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. എക്സിലൂടെ കെന്റ് തന്റെ രാജി വിവരം പുറത്തുവിട്ടു. തന്റെ മനഃസാക്ഷിയെ വഞ്ചിച്ച് ഈ യുദ്ധത്തെ പിന്തുണക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ട്രംപിന്റെ വിശ്വസ്തനായിരുന്ന കെന്റ് പടിയിറങ്ങിയത്. നീണ്ടുനിൽക്കുന്ന മിഡിലീസ്റ്റ് യുദ്ധങ്ങളെ എതിർത്തിരുന്ന ഭരണകൂടം, മറ്റൊരു വലിയ സൈനിക നീക്കത്തിലേക്ക് ചുവടുവെക്കുന്നതിലുള്ള തന്റെ കടുത്ത നിരാശ ട്രംപിന് അയച്ച രാജിയിൽ കെന്റ് രേഖപ്പെടുത്തി.
ഇറാൻ അമേരിക്കക്ക് യാതൊരുവിധത്തിലുള്ള ഭീഷണിയും ഉയർത്തുന്നില്ലെന്ന് കെന്റ് തന്റെ രാജിക്കത്തിൽ അക്കമിട്ട് നിരത്തുന്നു. മുമ്പ് 'അവസാനിക്കാത്ത യുദ്ധങ്ങളെ' എതിർത്തിരുന്ന ട്രംപ് ഭരണകൂടം, ഇപ്പോൾ തെറ്റായ വിവരങ്ങളുടെയും യുദ്ധലോബികളുടെയും പ്രചാരണത്തിൽ വീണുപോയിരിക്കുകയാണ്. ഇറാഖ് യുദ്ധകാലത്ത് അമേരിക്കക്ക് സംഭവിച്ച അതേ തന്ത്രപരമായ പിഴവുകൾ ഇവിടെയും ആവർത്തിക്കുകയാണെന്നും ഇത് രാജ്യത്തിന് വൻ സൈനിക-സാമ്പത്തിക ആഘാതം സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഒരു യുദ്ധവീരൻ കൂടിയായ ജോ കെന്റ്, അമേരിക്കൻ സൈനികരുടെ ജീവൻ രാജ്യതാൽപര്യമില്ലാത്ത ഇത്തരം സംഘർഷങ്ങളിൽ ബലികൊടുക്കുന്നതിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ഇസ്രായേലിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ അമേരിക്കൻ യുവതയെ യുദ്ധത്തിലേക്ക് തള്ളിവിടുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. വരാനിരിക്കുന്ന വലിയ വിപത്തുകൾ ഒഴിവാക്കാൻ ട്രംപ് തന്റെ വിദേശനയം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണകൂടത്തിനുള്ളിലെ ഈ പൊട്ടിത്തെറി വരുംദിവസങ്ങളിൽ ട്രംപിന് വലിയ രാഷ്ട്രീയ വെല്ലുവിളിയാകുമെന്നുറപ്പാണെന്നും ജോ കെന്റ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.