ഇസ്രായേൽ കാറ്റ്സ്

ഹമാസിനെ പൂര്‍ണമായും നശിപ്പിക്കുന്നത് വരെ ഗസ്സയില്‍ ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി

തെൽഅവീവ്: ഹമാസിനെ പൂര്‍ണമായും നശിപ്പിക്കുന്നത് വരെ ഗസ്സയില്‍ ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്. ഗസ്സയിൽ ഇസ്രായേൽ നിയന്ത്രണത്തിലുള്ള മേഖലയിൽ ഹമാസ് നിർമിച്ച തുരങ്കങ്ങൾ പൂർണമായി നശിപ്പിക്കുമെന്നും അതിന് പരിമിതികള്‍ നോക്കില്ലെന്നും കാറ്റ്‌സ് കൂട്ടിച്ചേര്‍ത്തു.

ഗസ്സ മുനമ്പിൽ ഇസ്രായേൽ അധിനിവേശ മേഖലയിൽ കുടുങ്ങിക്കിടക്കുന്ന ഹമാസ് പ്രവർത്തകരെ സുരക്ഷിതരായി തിരിച്ചയക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകൾക്കിടെയാണ് കാറ്റ്സിന്റെ പ്രതികരണം. റഫ മേഖലയിലുള്ള തുരങ്കങ്ങളിൽ 200ഓളം സായുധ ഹമാസ് അംഗങ്ങൾ ഒളിഞ്ഞിരിക്കുന്നുവെന്നാണ് ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗത്തി​ന്റെ കണക്കുകൂട്ടൽ. ഒളിഞ്ഞിരിക്കുന്ന ഭീകരരര്‍ക്ക് സുരക്ഷിതമായി മടങ്ങാന്‍ ആകില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരത്തെ അറിയിച്ചിരുന്നു.

ഇസ്രയേലിന്റെ നിയന്ത്രണമുളള, മഞ്ഞ വരയ്ക്കുളളില്‍ ആക്രമണം തുടരും. ഹമാസിന്റെ ടണലുകള്‍ തകര്‍ക്കുകയും ഭീകരരെ ഇല്ലാതാക്കുമെന്നാണ് ഇസ്രയേല്‍ കാറ്റ്‌സിന്റെ മുന്നറിയിപ്പ്. എല്ലാ ബന്ദികളെയും തിരിച്ചെത്തിക്കുന്നതോടൊപ്പം ഹമാസിനെ നീരായുധികരിക്കുക എന്നതാണ് ഇസ്രയേല്‍ ലക്ഷ്യമെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, ഹമാസ് വിട്ടുനൽകിയ മൂന്ന് മൃതദേഹങ്ങൾ 2023 ഒക്ടോബർ ഏഴിനുണ്ടായ ആക്രമണത്തിൽ കൊല്ല​പ്പെട്ട സൈനികരുടേതാണെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു. തെക്കൻ ഗസ്സയിൽ നടന്ന ആക്രമണത്തിലാണ് സൈനികർ കൊല്ലപ്പെട്ടത്. പിന്നീട്, ഇവരുടെ മൃതദേഹങ്ങൾ ഗസ്സയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അമേരിക്കൻ -ഇസ്രായേലി സൈനികൻ ക്യാപ്റ്റൻ ഒമർ ന്യൂട്ര, സ്റ്റാഫ് സെർജന്റ് ഒസ് ഡാനിയൽ, കേണൽ അസഫ് ഹമാമി എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചതെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവി​ന്റെ ഓഫീസ് സ്ഥിരീകരിച്ചു.

കഴിഞ്ഞമാസം 10ന് വെടിനിർത്തൽ നിലവിൽ വന്നശേഷം 20 ബന്ദികളുടെ മൃതദേഹങ്ങളാണ് വിട്ടുനൽകിയത്. എട്ടുപേരുടെ മൃതദേഹങ്ങൾ ഇനിയും ലഭിക്കാനുണ്ട്. അതേസമയം, 45 ഫലസ്തീനികളുടെ മൃതദേഹങ്ങൾ ഇസ്രായേൽ കൈമാറിയതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

Tags:    
News Summary - israel defense minister says attacks on gaza will continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.