മീ ടൂ ആരോപണം വ്യാജം: ഇസ്‌ലാമിക പണ്ഡിതൻ താരിഖ് റമദാന് 1.38 കോടി നഷ്ടപരിഹാരം നൽകണമെന്ന് സ്വിസ് കോടതി

ജനീവ: മീടൂ ആരോപണത്തെ തുടർന്ന് ബലാത്സംഗക്കേസിൽ പ്രതിചേർക്കപ്പെട്ട പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി മുൻ പ്രഫസറുമായ താരിഖ് റമദാനെ നിരപരാധിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്വിസ് കോടതി വെറുതെവിട്ടു. അദ്ദേഹം നേരിട്ട അപകീർത്തിക്ക് ജനീവ ഭരണകൂടം 1,38,13,989 രൂപ (151000 സ്വിസ് ഫ്രാങ്ക്) നഷ്ടപരിഹാരമായി നൽകണമെന്നും കോടതി ഉത്തരവിട്ടു. അതേസമയം, വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ പറഞ്ഞു.

57കാരിയായ സ്വിസ് പൗരയാണ് താരിഖിനെതിരെ പരാതി നൽകിയത്. 2008ൽ ജനീവയിലെ ഒരു ഹോട്ടലിൽ വെച്ച് തന്നെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതി. 10 വർഷത്തിന് ശേഷം 2018ലാണ് ഇവർ കേസ് കൊടുത്തത്. വിധി പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഇവർ കോടതി മുറിയിൽനിന്ന് ഇറങ്ങിപ്പോയതായി അൽജസീറ റിപ്പോർട്ട് ചെയ്തു.

ഈജിപ്തിലെ മുസ്‍ലിം ബ്രദർഹുഡ് സ്ഥാപകനായ ഹസനുൽ ബന്നയുടെ ചെറുമകനായ താരിഖ് റമദാൻ, 2017 നവംബർ വരെ ഓക്‌സ്‌ഫോർഡ് സർവകലാശാല ഇസ്‍ലാമിക് സ്റ്റഡീസിൽ പ്രഫസറായിരുന്നു. ഖത്തറിലെയും മൊറോക്കോയിലെയും സർവകലാശാലകളിൽ വിസിറ്റിങ് പ്രഫസറായും പ്രവർത്തിച്ചിട്ടുണ്ട്.

ഇദ്ദേഹത്തിനെതിരെ 2018 ൽ മീടൂ ആരോപണങ്ങളുമായി ഫ്രാൻസിൽ ഏതാനും സ്ത്രീകൾ രംഗത്തുവന്നിരുന്നു. 2009 നും 2016 നും ഇടയിൽ തങ്ങളെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു പരാതി. ഇതേതുടർന്ന് ജോലിയിൽനിന്ന് 2018മുതൽ നിർബന്ധിത അവധിയിൽ പ്രവേശിച്ചു. മീടൂ കേസിൽ 2018ൽ ഫ്രാൻസിൽ അറസ്റ്റിലായ താരിഖ് 10 മാസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. ഈ കേസുകളിൽ വിചാരണ നടന്നു​കൊണ്ടിരിക്കുകയാണ്. താൻ നിരപരാധിയാണെന്നും കെണിയിൽ അകപ്പെടുത്തുകയായിരുന്നുവെന്നും താരിഖ് റമദാൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Islamic scholar Tariq Ramadan cleared in Swiss rape trial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.