മാലിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ഇമാം-പ്രഭാഷകശിൽപശാലയിൽ പങ്കെടുത്തവർ ഫോട്ടോ സെഷനിൽ
മാലി: ഭീകരവാദം ഒരു പ്രത്യയശാസ്ത്ര രോഗമാണെന്നും അതിനു മതവുമായല്ല ബന്ധമെന്നും ഇസ്ലാമിക അധ്യാപനങ്ങൾ പകർന്നു നൽകുന്നതിലൂടെ അതിനെ ചെറുക്കാൻ കഴിയുമെന്നും മാലിദ്വീപ് തലസ്ഥാനത്ത് ചേർന്ന ഭീകരതയെ നേരിടാനുള്ള ഇസ്ലാമിക സൈനികസഖ്യം (ഇസ്ലാമിക് മിലിട്ടറി കൗണ്ടർ ടെററിസം കൊയലീഷൻ-ഐ.എം.സി.ടി.സി) സംഘടിപ്പിച്ച ഇമാം-പ്രഭാഷക അന്താരാഷ്ട്ര ശിൽപശാല വിലയിരുത്തി.
ഭീകരവാദത്തെ നേരിടാൻ അന്താരാഷ്ട്രതലത്തിൽ ബൗദ്ധിക, മാധ്യമ, സാമ്പത്തിക,സൈനികസജ്ജീകരണം അത്യാവശ്യമാണെന്ന് പരിശീലനത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ച മേജർ ജനറൽ മുഹമ്മദ് ബിൻ സഈദ് അൽ മഗ്ദി (സൗദി അറേബ്യ) ചൂണ്ടിക്കാട്ടി. ഭീകരതവിരുദ്ധ നീക്കം സൈനികനടപടികളിൽ മാത്രം ഒതുങ്ങുന്നതല്ല. ഭീകരതക്കുള്ള സാമ്പത്തികസഹായം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിൽ സമുദായനേതാക്കളെ ബോധ്യപ്പെടുത്തുകയും ഇമാമുമാർക്കുംപ്രഭാഷകർക്കും ആധുനികസങ്കേതങ്ങളും ശേഷികളും ഉപയോഗിച്ച് തീവ്രവാദ പ്രത്യയശാസ്ത്രങ്ങളെ നേരിടാൻ പ്രാപ്തി നൽകുകയും ചെയ്യുന്നതിനാണ് സൗദി അറേബ്യയുടെ മുൻകൈയിലുള്ള അന്താരഷ്ട്ര സൈനികസഖ്യം ഇത്തരം പരിപാടികൾ നടത്തുന്നതെന്ന് മാലിദ്വീപ് ഇസ്ലാമികകാര്യ മന്ത്രി മുഹമ്മദ് ശഹീം അലി സഈദ്, കായികമന്ത്രി അബ്ദുല്ല റഫീഅ് എന്നിവർ വ്യക്തമാക്കി. സഖ്യത്തിലെ അംഗരാജ്യങ്ങളിൽ 90 പരിശീലനപരിപാടികളും 20 ബോധവത്കരണമിഷനുകളും നടത്തുമെന്ന് സംഘാടകർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.