മുഹമ്മദ് ലുബ്ബാദ്
ഗസ്സ സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ തകർക്കപ്പെട്ട കുടുംബത്തിൽ നിന്ന് ബാക്കിയായെന്ന് വിശ്വസിക്കുന്ന തന്റെ മകനെ കണ്ടെത്താൻ മുഹമ്മദ് ലുബ്ബാദ് എന്ന ഗസ്സ സ്വദേശി നടത്തുന്ന പോരാട്ടം നൊമ്പരമാകുന്നു. 2023 ഒക്ടോബറിൽ നടന്ന വ്യോമാക്രമണത്തിൽ ലുബ്ബാദിന്റെ മാതാവും സഹോദരനും മകളും കൊല്ലപ്പെട്ടിരുന്നു. എട്ടുമാസം ഗർഭിണിയായിരുന്ന ഭാര്യ അമലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. എന്നാൽ മരണത്തിന് മുൻപ് അമൽ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയെന്നും ആ കുഞ്ഞ് ജീവിച്ചിരിപ്പുണ്ടെന്നും ആശുപത്രി അധികൃതർ ലുബ്ബാദിനെ അറിയിച്ചിരുന്നു. യുദ്ധം രൂക്ഷമായതോടെ ഗസ്സ ആശുപത്രികളിൽ നിന്ന് ചികിൽസയ്ക്കായി ഈജിപ്തിലേക്ക് കൊണ്ടുപോയ കുട്ടികളുടെ കൂട്ടത്തിൽ തന്റെ മകനുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം.
രണ്ടു വർഷത്തിന് ശേഷം ഈജിപ്തിൽ നിന്ന് മടങ്ങിയെത്തിയ കുട്ടികളിൽ ഒരാൾ തന്റെ മകനാണെന്ന് ലുബ്ബാദ് അവകാശപ്പെടുന്നുണ്ടെങ്കിലും മറ്റൊരു കുടുംബവും ഈ കുട്ടിക്കായി രംഗത്തുണ്ട്. യുദ്ധസാഹചര്യത്തിൽ ആശുപത്രി രേഖകൾ നഷ്ടപ്പെട്ടതാണ് പിതൃത്വം തെളിയിക്കുന്നതിന് തടസ്സമാകുന്നത്. ഡി.എൻ.എ പരിശോധനയിലൂടെ മാത്രമേ ഈ അനിശ്ചിതത്വം പരിഹരിക്കാൻ കഴിയൂ.
എന്നാൽ ഗസ്സ ലാബുകളെല്ലാം തകർക്കപ്പെട്ടതിനാൽ പരിശോധന നടത്താൻ അന്താരാഷ്ട്ര ഏജൻസികൾ ഇടപെടണമെന്നാണ് ലുബ്ബാദിന്റെ ആവശ്യം. തന്റെ മകനാണോ അല്ലയോ എന്ന് ഉറപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥ തന്നെ മാനസികമായി തകർക്കുന്നുവെന്നും സത്യമറിയാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറയുന്നു. നാല് വയസ്സുകാരിയായ മകൾ ജാന മാത്രമാണ് നിലവിൽ ലുബ്ബാദിനൊപ്പമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.