വെടിനിർത്തൽ ചർച്ചകളിൽ അമേരിക്കയുടെ മറുപടി ലഭിച്ചെന്ന് ഇറാൻ; നയതന്ത്ര നീക്കങ്ങൾ സജീവമെന്ന് റിപ്പോർട്ട്

 തെഹ്റാൻ: പശ്ചിമേഷ്യയിലെ വെടിനിർത്തൽ കരാർ പുനരുജ്ജീവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയുടെ ഔദ്യോഗിക മറുപടി ലഭിച്ചതായി ഇറാൻ. കഴിഞ്ഞ ഏഴ് മാസമായി തുടരുന്ന യു.എസ്-ഇസ്രായേൽ യുദ്ധത്തിനിടയിലാണ് സംഘർഷത്തിന് അയവുവരുത്താൻ ലക്ഷ്യമിട്ട് ഇറാൻ പുതിയ നിർദേശം മുന്നോട്ടുവെച്ചത്.

ഇറാനിലെ തുറമുഖങ്ങളുടെ ഉപരോധം അമേരിക്ക പിൻവലിക്കുകയും, പകരം തടസ്സപ്പെട്ട ഹുർമുസ് കടലിടുക്ക് ഏഴ് ദിവസത്തിനകം തുറന്നു നൽകുകയും ചെയ്യുക എന്നതായിരുന്നു പദ്ധതി. എന്നാൽ ഈ നിർദേശം തള്ളിക്കളഞ്ഞതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.പക്ഷേ, കരാർ തള്ളിയതുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ഔദ്യോഗികമായി നിഷേധം ലഭിച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പ്രതികരിച്ചിരുന്നു. തുടർന്ന് മധ്യസ്ഥരുടെ ഇടപെടലിനെത്തുടർന്ന് യു.എസ് മറുപടി ലഭിച്ചതായി ഇറാൻ സ്ഥിരീകരിച്ചു.

ദോഹ സന്ദർശനവേളയിലാണ് ഖത്തർ അധികൃതർ അമേരിക്കയുടെ മറുപടി ഇറാൻ വിദേശകാര്യ മന്ത്രിയെ അറിയിച്ചത്. ഇരുരാജ്യങ്ങളും നടപടിക്രമങ്ങളുടെ കാര്യത്തിൽ ഏതാണ്ട് ധാരണയിലെത്തിയെങ്കിലും, ഏത് നടപടി ആദ്യം നടപ്പിലാക്കണം എന്ന കാര്യത്തിൽ ഇപ്പോഴും അഭിപ്രായവ്യത്യാസം നിലനിൽക്കുന്നുണ്ട്.

കഴിഞ്ഞയാഴ്ച യു.എൻ പൊതുസഭയിൽ വെച്ച് യു.എസ്, ഇറാൻ പ്രതിനിധികൾ തമ്മിൽ മധ്യസ്ഥർ വഴി ചർച്ചകൾ നടത്തിയിരുന്നു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ ഹീർമുസ് കടലിടുക്കിന്റെ നിയന്ത്രണം സ്വന്തമാക്കാനാണ് ഇറാൻ ലക്ഷ്യമിടുന്നത്. ഇതിനിടയിലാണ് ബ്രിട്ടന്റെ മാരിടൈം സെക്യൂരിറ്റി ബോഡി കഴിഞ്ഞ ദിവസം രണ്ട് കപ്പലുകൾക്ക് നേരെ പ്രൊജക്ടൈൽ ആക്രമണങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്തത്.

അതേസമയം, അയൽരാജ്യമായ ഇറാഖിൽ നിന്ന് അമേരിക്കൻ സൈന്യം പൂർണമായി പിന്മാറിയത് തങ്ങളുടെ 'പ്രതിരോധ അച്ചുതണ്ടിന്റെ' ചരിത്രപരമായ വിജയമായാണ് ഇറാനും സഖ്യകക്ഷികളും ആഘോഷിക്കുന്നത്. 2003ൽ സദ്ദാം ഹുസൈന്റെ പതനത്തിനുശേഷം രണ്ട് പതിറ്റാണ്ടോളം ഇറാഖിൽ യു.എസ് സൈനികരെ വിന്യസിച്ചിരുന്നു. മേഖലയിലെ സംഘർഷങ്ങൾ തുടരുമ്പോഴും അമേരിക്കൻ സൈന്യത്തിന്റെ ഇറാഖ് പിന്മാറ്റം രാഷ്ട്രീയമായി വലിയ ചർച്ചയായിട്ടുണ്ട്. പശ്ചിമേഷ്യയിലെ യു.എസ് ഇടപെടലുകൾക്ക് തിരിച്ചടിയായാണ് വിദഗ്ധർ ഇതിനെ കാണുന്നത്.

അതേസമയം, യുദ്ധം മൂലം ആഗോള തലത്തിലുണ്ടായ ഇന്ധനവില വർധനവും സാമ്പത്തിക പ്രതിസന്ധിയും യു.എസിലെ ട്രംപ് ഭരണകൂടത്തിന് വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്. എങ്കിലും ഇറാൻ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അവർ വൈകാതെ കീഴടങ്ങുമെന്നുമാണ് ട്രംപിന്റെ നിലപാട്.

Tags:    
News Summary - Iran says it receives US response to latest proposal as Washington pulls out of Iraq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.