റാഞ്ചൽ ഭീതി: ദുബൈ - തെൽ അവീവ് വിമാനത്തെ പിന്തുടർന്ന് ഇസ്രായേൽ യുദ്ധവിമാനങ്ങൾ

തെൽ അവീവ്: ദുബൈയിൽ നിന്ന് തെൽ അവീവിലേക്ക് പുറപ്പെട്ട വിമാനത്തിലുണ്ടായ അപ്രതീക്ഷിത സംഭവവികാസത്തിന് പിന്നാലെ വിമാനത്തെ പിന്തുടർന്ന് ഇസ്രായേൽ യുദ്ധവിമാനങ്ങൾ. യാത്രാമധ്യേ വിമാനം അന്താരാഷ്ട്ര അടിയന്തര കോഡ് പുറപ്പെടുവിച്ചതിനെ തുടർന്നാണ്  ഇസ്രായേലി യുദ്ധവിമാനങ്ങൾ വിന്യസിച്ചത്. ഫ്ലൈറ്റ് റഡാറിൽ നിന്ന് അൽപനേരത്തേക്ക് അപ്രത്യക്ഷമായ വിമാനം പിന്നീട് സൗദിയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങി.

ഏകദേശം 180 യാത്രക്കാരുമായി സഞ്ചരിച്ച ബോയിങ് 737 മാക്സ് 8 വിഭാഗത്തിലുള്ള വിമാനം ആദ്യം പൊതുവായ അടിയന്തര സാഹചര്യത്തിനുള്ള ​‘7700’ കോഡും, പിന്നാലെ വിമാനം റാഞ്ചപ്പെട്ടേക്കാമെന്നോ അനധികൃത ഇടപെടൽ ഉണ്ടായെന്നോ സൂചിപ്പിക്കുന്ന ‘7500’ എന്ന അതീവ ഗൗരവമുള്ള കോഡും നൽകുകയായിരുന്നു. ഈ മുന്നറിയിപ്പിനെ തുടർന്ന്, വിമാനം റാഞ്ചപ്പെട്ടതാകാം എന്ന പ്രാഥമിക ആശങ്കയിൽ ഇസ്രായേൽ വ്യോമസേന ഉടൻ തന്നെ തങ്ങളുടെ യുദ്ധവിമാനങ്ങളെ ആകാശത്തേക്ക് അയക്കുകയും അതിർത്തിക്കടുത്തേക്ക് ജാഗ്രതയോടെ വിന്യസിക്കുകയും ചെയ്തു.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും അടിയന്തര സുരക്ഷാ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. വ്യോമസേനാ തലവനും മറ്റ് സുരക്ഷാ മേധാവികളും പങ്കെടുത്ത യോഗത്തിൽ അതീവ ജാഗ്രതാ നിർദേശമാണ് നൽകിയത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ശത്രുരാജ്യങ്ങളിൽ നിന്ന് ആക്രമണങ്ങൾ ഉണ്ടായേക്കാവുന്ന സൂചനകളുണ്ടെന്ന് നെതന്യാഹു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

തുടർന്ന് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ഇറക്കുകയായിരുന്നു. എന്നാൽ, ഇത് യഥാർത്ഥ ഹൈജാക്ക് ശ്രമമായിരുന്നില്ലെന്നും, മറിച്ച് പൈലറ്റും കോ-പൈലറ്റും തമ്മിൽ കോക്ക്പിറ്റിലുണ്ടായ വാക്കുതർക്കവും കയ്യാങ്കളിയുമാണ് അടിയന്തര കോഡുകൾ നൽകാൻ കാരണമെന്ന് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - Fighter jets scrambled after incident on flight from Dubai to Tel Aviv

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.