‘പൈലറ്റുമാരിൽ ഒരാൾ നടത്തിയ ഭീകരാക്രമണ ശ്രമമാവാം’; ഫ്ലൈദുബൈ വിമാനത്തിലെ സംഭവത്തിൽ ഇസ്രായേൽ അധികൃതർ

ജറൂസലം: യു.എ.ഇയിൽ നിന്ന് ഇസ്രായേലിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനത്തിലെ സംഭവത്തിന് പിന്നിൽ പൈലറ്റിലൊരാളുടെ നേതൃത്വത്തിലുള്ള ഭീകരാക്രമണ ശ്രമമാകാമെന്ന് ഇസ്രായേൽ. സംഭവം ഹൈജാക്കിങ് അല്ലെന്നും പൈലറ്റുമാർ തമ്മിലുണ്ടായ ശാരീരിക ഏറ്റുമുട്ടലിനെ തുടർന്നാണ് അടിയന്തരസന്ദേശങ്ങൾ അയച്ചതെന്നുമായിരുന്നു പ്രാഥമിക വിവരം. എന്നാൽ, നിലവിലെ വിലയിരുത്തലിൽ സംഭവം ‘ഭീകരാക്രമണശ്രമം’ ആയിരിക്കാമെന്നാണ് അധികൃതർ വ്യക്തമാക്കിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ഇസ്രായേലിൽ ദേശീയ സുരക്ഷാ തലത്തിൽ ഇപ്പോൾ കൂടിയാലോചനകൾ നടക്കുകയാണ്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ഇസ്രായേൽ യാത്രക്കാരെ രാജ്യത്തേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. സംഭവത്തെ തുടർന്ന് പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി.

ദുബൈയിൽ നിന്ന് തെൽ അവീവിലേക്കുള്ള ഫ്ലൈദുബൈയുടെ FZ1073 വിമാനമാണ് അടിയന്തിരമായി സൗദിയിലേക്ക് ഇറക്കിയത്. ആദ്യം പൊതു അടിയന്തരസന്ദേശവും പിന്നീട് നിയമവിരുദ്ധ ഇടപെടൽ ഉണ്ടായിരിക്കാമെന്ന തരത്തിലുള്ള ഹൈജാക്കിങ് സന്ദേശവുമായിരുന്നു ലഭിച്ചിരുന്നത്. വിമാനത്തിന്റെ സഹപൈലറ്റ് ക്യാപ്റ്റനെ കുത്തിയതിനെ തുടർന്ന് അക്രമിയെ വകവരുത്തി യാത്രക്കാരായ രണ്ട് പൈലറ്റുമാർ വിമാനത്തിന്റെ നിയന്ത്രണത്തിലാക്കിയാണ് വിമാനം സുരക്ഷിതമാക്കി ഇറക്കിയത്. വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിലാണ് ഇറക്കിയത്. 180 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് ആണ് വിവരം.

ആദ്യ അടിയന്തരസന്ദേശം അയയ്ക്കുന്നതിന് തൊട്ടുമുമ്പ് വിമാനം 30 സെക്കൻഡിനുള്ളിൽ ഏകദേശം 14,000 അടി താഴേക്ക് അതിവേഗം ഇടിഞ്ഞതായി പുറത്തുവിട്ട ഡാറ്റ വെളിപ്പെടുത്തുന്നു.

വിമാനം സുരക്ഷിതമായി ഇറങ്ങിയ തബൂക്ക് വിമാനത്താവളം ഇരുപൈലറ്റുമാരെയും പരിക്കുകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അറിയിച്ചു. ആക്രമണം നടത്തിയതാരാണെന്ന് വിമാനത്താവള അധികൃതരോ യാത്രക്കാരനോ വ്യക്തമാക്കിയിട്ടില്ല.

അതേസമയം, സംഭവത്തിൽ യു.എ.ഇ ഇതുവരെ പ്രതികരിച്ചിട്ടില്ല. ദുബൈ ഉടമസ്ഥതയിലുള്ള ഫ്ലൈദുബൈ, വിമാനത്തിന് ‘സംഭവം’ നേരിട്ടതിനെ തുടർന്ന് തബൂക്കിലേക്ക് വഴിതിരിച്ചുവിട്ടെന്നും വിമാനം സുരക്ഷിതമായി ഇറങ്ങിയെന്നും മാത്രമാണ് അറിയിച്ചത്. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും വിമാനക്കമ്പനി വ്യക്തമാക്കി.

Tags:    
News Summary - Israeli Officials Suspects Terror Attempt After Flydubai incident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.