ദുബൈ-ഇസ്രായേൽ വിമാനം ഇടിച്ചിറക്കാൻ ഒരു പൈലറ്റ് ശ്രമിച്ചതായി റിപ്പോർട്ട്; രണ്ടുമിനിറ്റിൽ 17,400 അടി കുത്തനെ താഴ്ത്തി

തെൽഅവീവ്: ദുബൈയിൽ നിന്ന് ഇസ്രായേലിലെ തെൽഅവീവിലേക്ക് പോവുകയായിരുന്ന ഫ്ലൈദുബൈ വിമാനം സൗദിയിൽ അടിയന്തരമായി ലാൻഡ് ചെയ്തതിന് പിന്നിൽ പൈലറ്റുമാർ തമ്മിലുള്ള സംഘർഷമെന്ന് റിപ്പോർട്ട്. വിമാനത്തിലുണ്ടായിരുന്ന രണ്ട് ​പൈലറ്റുമാർക്കിടയിൽ അക്രമാസക്തമായ പെരുമാറ്റം ഉണ്ടായതായാണ് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

വിമാനം ഇടിച്ചിറക്കാൻ ഒരു പൈലറ്റ് ശ്രമിച്ചതായും സഹപൈലറ്റ് യാത്രക്കാരുടെ സഹായത്തോടെ ഈ നീക്കം തടഞ്ഞതായും പറയുന്നു. രക്തംപുരണ്ട നിലയിൽ ഒരു യാത്രക്കാരന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് ഈ വിമാനത്തിലേത് ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

ഫ്ലൈറ്റ് ട്രാക്കിങ് വിവരങ്ങൾ പ്രകാരം പുലർച്ചെ 1:20-ഓടെ വിമാനം രണ്ട് മിനിറ്റ് കൊണ്ട് 17,400 അടി കുത്തനെ താഴ്ത്തിയിട്ടുണ്ട്. വിമാനം റാഞ്ചാനുള്ള ശ്രമമല്ലെന്നും സുരക്ഷിതമായി ഇറങ്ങിയെന്നും ഇസ്രായേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. വിമാനത്തിൽ ഇസ്രായേലിലേക്കുള്ള ഏകദേശം 180 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

സംഭവത്തെത്തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സുരക്ഷാ അവലോകന യോഗം ചേർന്നു. അടിയന്തര സന്ദേശം ലഭിച്ചതിനെത്തുടർന്ന് ഇസ്രായേലി യുദ്ധവിമാനങ്ങൾ വിന്യസിച്ചതായി ഇസ്രായേൽ സൈനിക വക്താവ് പറഞ്ഞു.


പ്രാദേശിക സമയം പുലർച്ചെ 1:20-ഓടെ ഫ്ലൈദുബായ് വിമാനം രണ്ട് മിനിറ്റിനുള്ളിൽ 34,000 അടിയിൽ നിന്ന് ഏകദേശം 16,600 അടിയിലേക്കാണ് താഴ്ത്തിയത്. വിമാനത്തിന്റെ വേഗതയിലും വലിയ കുറവുണ്ടായി. ഉയരത്തിലും വേഗതയിലുമുള്ള പെട്ടെന്നുള്ള മാറ്റം ഫ്ലൈറ്റ് ട്രാക്കറിൽ വ്യക്തമായി കാണാം.

അതിനിടെ, സൗദി അറേബ്യയിൽ കുടുങ്ങിയ യാത്രക്കാരെ തെൽഅവീവിലേക്ക് എത്തിക്കാൻ ഫ്ലൈദുബായ് മറ്റൊരു വിമാനം ഏർപ്പാടാക്കി. യാത്രക്കാരെ ഇസ്രായേലിലെത്തിക്കുന്നതിനായി തബൂക്ക് വിമാനത്താവളത്തിലേക്കാണ് വിമാനം അയക്കുന്നത്.

ദുബൈയിൽ നിന്ന് ഇസ്രായേൽ തലസ്ഥാനമായ തെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം ആദ്യം അന്താരാഷ്ട്ര ‘അടിയന്തര കോഡാ’യ 7700 സിഗ്നൽ നൽകിയിരുന്നു. പിന്നാലെ 7500 എന്ന കോഡ് നൽകി. അനധികൃത ഇടപെടലോ ഹൈജാക്കി​ങോ അടക്കമുളള സാഹചര്യം സൂചിപ്പിക്കുന്ന കോഡാണിത്. ഇതിനെ തുടർന്ന് വിമാനത്തിന്റെ ഗതി നിരീക്ഷിച്ചിരുന്ന ഇസ്രായേൽ വ്യോമസേന യുദ്ധവിമാനങ്ങളെ വിമാനത്തിന് സമീപത്തേക്ക് അയച്ചതായി ഇസ്രയേൽ മാധ്യമങ്ങൾ റി​പ്പോർട്ട് ചെയ്തു. ഇത് വലിയ പരിഭ്രാന്തിക്ക് കാരണമായിരുന്നു.

സംഭവത്തെ തുടർന്ന് ഐ.ഡി.എഫ് മേധാവി ലെഫ്റ്റനന്റ് ജനറൽ എയൽ സാമിർ മുതിർന്ന സൈനിക ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. വ്യോമസേനാ മേധാവി മേജർ ജനറൽ ഒമർ ടിഷ്‌ലർ, ഓപറേഷൻസ് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ ഇറ്റ്സിക് കോഹൻ, ഇന്റലിജൻസ് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ ഷ്ലോമി ബിൻഡർ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.