തെൽ അവിവിൽ ഇന്നലെ ഇറാൻ നടത്തിയ മിസൈലാക്രമണത്തെ തുടർന്ന് തീപടർന്നപ്പോൾ 

അതേനാണയത്തിൽ തിരിച്ചടിക്കുമെന്ന് ഇറാൻ; തെൽ അവിവിൽ നിന്ന് ജനം ഒഴിഞ്ഞുപോകണമെന്ന് മുന്നറിയിപ്പ്

തെഹ്റാൻ: തെഹ്റാനിലെ ഡിസ്ട്രിക്ട് 3യിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് അതേനാണയത്തിൽ മറുപടി നൽകുമെന്ന് ഇറാൻ. ഇസ്രായേൽ നൽകിയ അതേ മാതൃകയിൽ, തെൽ അവിവിൽ നിന്ന് ജനം ഒഴിഞ്ഞുപോകണമെന്ന് ഇറാന്‍റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി. സുരക്ഷ മുൻനിർത്തി എത്രയും വേഗം മേഖലയിൽ നിന്ന് ഒഴിയാനാണ് മുന്നറിയിപ്പ്.

നേരത്തെ, തെഹ്റാനിലെ ഡിസ്ട്രിക്ട് 3യിൽ നിന്ന് ജനം ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ വ്യാപക ആക്രമണമാണ് തെഹ്റാനിലെ ഡിസ്ട്രിക്ട് 3യുണ്ടായത്. തെഹ്റാനിലെ തന്ത്രപ്രധാന കേന്ദ്രമാണിത്. ഇറാൻ സ്റ്റേറ്റ് ടി.വി ആസ്ഥാനത്തും ഇസ്രായേൽ ബോംബിട്ടിരിക്കുകയാണ്.

ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം പൂർണയുദ്ധത്തിലേക്ക് നീങ്ങുമോയെന്ന ആശങ്കയാണ് ഉയരുന്നത്. നേരത്തെ, നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടിട്ടും സിവിലിയൻ മേഖലയിലല്ല തങ്ങൾ ആക്രമണം നടത്തിയത് എന്ന വാദത്തിലായിരുന്നു ഇസ്രായേൽ. എന്നാൽ, ഇപ്പോൾ സിവിലിയൻ മേഖല മുന്നറിയിപ്പ് നൽകി ആക്രമിക്കുന്ന സാഹചര്യത്തിലെത്തിയിരിക്കുകയാണ്. ഇതിന്, അതേനാണയത്തിൽ മറുപടി നൽകാനാണ് ഇറാന്‍റെ നീക്കം. 

അമേരിക്കൻ പടക്കപ്പൽ യു.എസ്.എസ് നിമിറ്റ്സ് പശ്ചിമേഷ്യയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ

ഇസ്രായേൽ-ഇറാൻ സംഘർഷം അതിരൂക്ഷമാകുന്നതിനിടെ യു.എസ് പടക്കപ്പൽ പശ്ചിമേഷ്യ ലക്ഷ്യമിട്ട് നീങ്ങുന്നതായി റിപ്പോർട്ടുകൾ. യു.എസിന്‍റെ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് നിമിറ്റ്സ് വിയറ്റ്നാമിൽ ഡോക്ക് ചെയ്യാനുള്ള മുൻതീരുമാനം റദ്ദാക്കി പശ്ചിമേഷ്യയെ ലക്ഷ്യമാക്കി നീങ്ങുന്നതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.

വൈകീട്ട് 7.15ലെ ഷിപ് ട്രാക്കിങ് വിവരമനുസരിച്ച് യു.എസ്.എസ് നിമിറ്റ്സ് മലാക്ക കടലിടുക്കിലൂടെ ഇന്ത്യൻ സമുദ്രത്തിലേക്ക് നീങ്ങുകയാണ്.

ജൂൺ 20ന് യു.എസ്.എസ് നിമിറ്റ്സിന് വിയറ്റ്നാമിൽ സ്വീകരണം നൽകേണ്ടതായിരുന്നു. ജൂൺ 19 മുതൽ 23 വരെ വിയറ്റ്നാമിലെ ഡാനാങിൽ ഡോക് ചെയ്യേണ്ടതായിരുന്നു കപ്പൽ. എന്നാൽ, സ്വീകരണം റദ്ദാക്കിയതായി വിയറ്റ്നാമീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു. 'അടിയന്തര ആവശ്യം' വന്നതിനാൽ കപ്പലിനുള്ള സ്വീകരണം ഒഴിവാക്കാൻ അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്‍റഗണിൽ നിന്ന് അറിയിപ്പ് ലഭിക്കുകയായിരുന്നു.

ലോകത്തെ വൻകിട യുദ്ധക്കപ്പലുകളിലൊന്നാണ് യു.എസ്.എസ് നിമിറ്റ്സ്. 90 യുദ്ധവിമാനങ്ങളെ വഹിക്കാൻ ശേഷിയുണ്ട് ഇതിന്. മേഖലയിലെ യു.എസ് കേന്ദ്രങ്ങളെ ഇറാൻ ലക്ഷ്യമിടുമോയെന്ന ആശങ്കയുടെ പുറത്താണ് യുദ്ധക്കപ്പൽ പശ്ചിമേഷ്യയിലേക്ക് അയക്കുന്നതെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. 

Tags:    
News Summary - IRGC issues tit-for-tat evacuation warning for Tel Aviv residents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.