സമുദ്രത്തിൽ തീപാറി തുടങ്ങി; അമേരിക്കൻ കപ്പലുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

തെഹ്‌റാൻ: ആഗോള ഊർജ്ജ വിപണിയുടെ സിരാകേന്ദ്രമായ ഹുർമുസ് കടലിടുക്കിൽ അമേരിക്കയും ഇറാനും നേർക്കുനേർ. ഇറാനിയൻ ചരക്കുകപ്പലിനെ അമേരിക്കൻ സൈന്യം വെടിവെച്ച് പിടിച്ചെടുത്തതിന് പിന്നാലെ യു.എസ് യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. ഇതോടെ മേഖലയിൽ പൂർണ്ണതോതിലുള്ള യുദ്ധത്തിനുള്ള സാധ്യതയേറി. ഏപ്രിൽ എട്ടിന് പ്രഖ്യാപിച്ച വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടതോടെ ഒമാൻ കടലിലും അറബിക്കടലിലും യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്.

ഒമാൻ കടലിൽ വെച്ച് ഇറാനിയൻ ചരക്കുകപ്പലായ തൂസ്ക അമേരിക്കൻ നാവികസേന തടഞ്ഞതാണ് സംഘർഷങ്ങളുടെ തുടക്കം. യു.എസ് ഏർപ്പെടുത്തിയ നാവിക ഉപരോധം ലംഘിച്ചു എന്നാരോപിച്ച് യു.എസ് യുദ്ധക്കപ്പലായ യു.എസ്.എസ് സ്പ്രൂവൻസ്' തൂസ്കയുടെ എൻജിൻ റൂമിലേക്ക് വെടിയുതിർക്കുകയും കപ്പൽ പിടിച്ചെടുക്കുകയും ചെയ്തു.

ഇതിന് മറുപടിയായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ഒമാൻ കടലിൽ നിലയുറപ്പിച്ചിരുന്ന അമേരിക്കൻ കപ്പലുകൾക്ക് നേരെ ഡ്രോണുകൾ വിക്ഷേപിച്ചു. ഇറാന്റെ അതിവേഗ നാവിക യൂണിറ്റുകൾ രംഗത്തെത്തിയതോടെ അമേരിക്കൻ സൈന്യത്തിന് ചില മേഖലകളിൽ നിന്ന് പിൻവാങ്ങേണ്ടി വന്നതായും റിപ്പോർട്ടുകളുണ്ട്.

ഇതോടെ യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ അപ്രസക്തമായി. ഇറാൻ കപ്പലിന് നേരെയുള്ള അമേരിക്കയുടെ നടപടി 'സായുധ കടൽക്കൊള്ള'യാണെന്ന് ഇറാന്റെ ഹസ്രത്ത് ഖാത്തം അൽ-അൻബിയ സൈനിക ആസ്ഥാനം വിശേഷിപ്പിച്ചു. അമേരിക്കൻ കടൽക്കൊള്ളക്ക് ഉടൻ തന്നെ ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ ഹുർമുസ് കടലിടുക്ക് വഴി കടന്നുപോയ ബോട്സ്വാന, അംഗോള എന്നീ രാജ്യങ്ങളുടെ എണ്ണക്കപ്പലുകൾ ഇറാൻ സൈന്യം തടയുകയും തിരിച്ചയക്കുകയും ചെയ്തു. 

കടലിടുക്കിൽ സംഘർഷം രൂക്ഷമായതോടെ എണ്ണ വില കുതിച്ചുയരുകയാണ്. ഇറാനിയൻ തുറമുഖങ്ങൾക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം പിൻവലിക്കാതെ കടലിടുക്ക് തുറക്കില്ലെന്ന് ഐ.ആർ.ജി.സി വ്യക്തമാക്കി.

വെടിനിർത്തൽ നിലനിൽക്കെ ഉണ്ടായ ഈ സൈനിക നീക്കം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. ഹുർമുസ് പാത അടഞ്ഞതോടെ ആഗോള ഇന്ധന വിതരണം തടസ്സപ്പെടുമെന്നും ഇത് ലോക സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അമേരിക്കൻ പ്രതിരോധ മന്ത്രാലയം സംഭവത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ലെങ്കിലും, മേഖലയിൽ യു.എസ് സൈന്യം അതീവ ജാഗ്രതയിലാണ്

Tags:    
News Summary - IRGC forces US troops to retreat from Strait of Hormuz after attack on Iranian ship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.