തെഹ്റാൻ: അധിനിവേശ ഇസ്രായേൽ ഭരണകൂടത്തിനും അതിന്റെ പാശ്ചാത്യ സഖ്യകക്ഷികൾക്കുമെതിരെ ഏകോപിച്ചുള്ള പോരാട്ടത്തിന് ആഹ്വാനം ചെയ്ത് ഇറാനിലെ 1,300ലധികം സുന്നി പണ്ഡിതൻമാരും ബുദ്ധിജീവികളും.
മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെയും 12 ദിന യുദ്ധത്തിൽ ഇസ്രായേൽ ഭരണകൂടത്തിനെതിരെ ഇറാൻ നേടിയ വിജയത്തെയും തുടർന്ന് മുസ്‍ലിം രാജ്യങ്ങളിലെ നേതാക്കളെയും യുവാക്കളെയും അഭിസംബോധന ചെയ്ത് സുന്നി പണ്ഡിതർ പ്രസ്താവന പുറത്തിറക്കി.
ശത്രുക്കളെ ചെറുക്കുകയും ഇസ്‍ലാമിക മുന്നണിയെ പിന്തുണക്കുകയും ചെയ്യേണ്ടത് ‘മതപരമായ കടമയും ദൈവിക ബാധ്യതയും’ ആണെന്ന് അവർ പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായേൽ ഭരണകൂടത്തിന്റെ നിയമവിരുദ്ധമായ അടിത്തറ ബ്രിട്ടന്റെയും അമേരിക്കയുടെയും ദുഷ്ട നയങ്ങളിലും അക്രമത്തിലും അധിഷ്ഠിതമാണെന്നും അത് കൂട്ടിച്ചേർത്തു. അധിനിവേശ ശക്തികൾ മുസ്‍ലിം രാജ്യങ്ങളുടെ ശരീരത്തിലെ ഒരു കാൻസർ ആണെന്നും അവർ ഊന്നിപ്പറഞ്ഞു.
ഇറാനെതിരായ ഇസ്രായേലി-അമേരിക്കൻ ആക്രമണങ്ങൾ മുന്നണിയിലെ അവരുടെ പരാജയത്തെ തുറന്നുകാട്ടിയതായും യുദ്ധം മറ്റ് മുസ്‍ലിം രാജ്യങ്ങളിലേക്കും വ്യാപിക്കുന്നതിനെതിരായ മുന്നറിയിപ്പായെന്നും സുന്നി പണ്ഡിതന്മാർ പറഞ്ഞു.
ജൂൺ 13ന് ഇസ്രായേൽ ഭരണകൂടം ഇറാനിയൻ മണ്ണിൽ ഏകപക്ഷീയമായ ആക്രമണം അഴിച്ചുവിട്ടു. വിവിധ സൈനിക, ആണവ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഉന്നത സൈനിക കമാൻഡർമാരെയും ആണവ ശാസ്ത്രജ്ഞരെയും സാധാരണ സിവിലിയന്മാരെയും വധിച്ചു. മറുപടിയായി ഇറാൻ സായുധ സേന ഇസ്രായേലിന്റെ സൈനിക-വ്യാവസായിക അടിസ്ഥാന സൗകര്യങ്ങളെ ആക്രമിച്ചു. നിശ്ചിത ലക്ഷ്യങ്ങളിലേക്ക് കൃത്യതയോടെ തൊടുത്ത പുതിയ തലമുറ മിസൈലുകൾ ഉപയോഗിച്ചു.
12 ദിവസങ്ങൾക്കുശേഷം ഇറാനിയൻ മിസൈലുകളിൽ നിന്നുള്ള കൂടുതൽ പ്രഹരങ്ങൾ തടയാൻ വാഷിങ്ടൺ നിർദേശിച്ച കരാറിൽ ഇസ്രായേൽ ഭരണകൂടം വെടിനിർത്തൽ പ്രഖ്യാപിക്കാൻ നിർബന്ധിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.