കറാക്കസ്: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി ലാറ്റിനമേരിക്കൻ പര്യടനത്തിെന്റ ഭാഗമായി വെനിസ്വേലയിൽ സന്ദർശനം നടത്തി. പ്രസിഡന്റ് നിക്കോളാസ് മദൂറോയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം, ഇരു രാജ്യങ്ങൾക്കും പൊതുവായ ശത്രുവാണുള്ളതെന്ന് അമേരിക്കയെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് പറഞ്ഞു. ഒരു വർഷം മുമ്പ് മദൂറോ ഇറാനിലെത്തി ഇബ്രാഹിം റൈസിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അമേരിക്കയുടെ സാമ്പത്തിക ഉപരോധം നേരിടുന്നവയാണ് രണ്ട് രാജ്യങ്ങളും.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇനിയും സാധാരണ നിലയിലായിട്ടില്ലെങ്കിലും തന്ത്രപരമായ പങ്കാളിത്തമാണ് നിലനിൽക്കുന്നതെന്ന് ഇബ്രാഹിം റൈസി പറഞ്ഞു. രണ്ട് രാജ്യങ്ങൾക്കും പൊതുവായ താൽപര്യങ്ങളും പൊതുവായ ശത്രുക്കളുമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനും വെനിസ്വേലയും സ്വതന്ത്ര രാജ്യങ്ങളാകാൻ അവർ ആഗ്രഹിക്കുന്നില്ലെന്ന് അമേരിക്കയെ സൂചിപ്പിച്ചുകൊണ്ട് റൈസി പറഞ്ഞു. ജോ ബൈഡെന്റ നേതൃത്വത്തിലുള്ള അമേരിക്കൻ ഭരണകൂടവുമായി ഏറ്റുമുട്ടൽ ശക്തമാകുന്നതിനിടെയാണ് വെനിസ്വേല, ക്യൂബ, നികരാഗ്വ എന്നിവിടങ്ങളിലേക്കുള്ള റൈസിയുടെ സന്ദർശനം.
സന്ദർശനത്തോടനുബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിൽ വിവിധ കരാറുകളും ഒപ്പുവെച്ചു. വെനിസ്വേലയിൽനിന്നുള്ള വിദ്യാർഥികൾക്ക് സ്കോളർഷിപ്, ഇറാനിലേക്ക് കന്നുകാലികളെ ഇറക്കുമതി ചെയ്യൽ തുടങ്ങിയവ കരാറുകളിൽ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം മദൂറോ നടത്തിയ ഇറാൻ സന്ദർശനത്തിൽ എണ്ണ, പെട്രോകെമിക്കൽ വ്യവസായങ്ങളിലും സൈനിക, സാമ്പത്തിക മേഖലകളിലും സഹകരണത്തിന് കരാർ ഒപ്പുവെച്ചിരുന്നു. എന്നാൽ, ഇതിൽ ചില കരാറുകൾ മാത്രമാണ് യാഥാർഥ്യമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.