തെഹ്റാൻ: ഇസ്രായേൽ ചാരന്മാരെയും അവർക്ക് സഹായം നൽകുന്നവരെയും പിടികൂടാൻ ഇറാൻ തീവ്രപരിശ്രമത്തിൽ. സൈന്യത്തലവന്മാരെയും ആണവശാസ്ത്രജ്ഞരെയും രഹസ്യാന്വേഷണ വകുപ്പ് മേധാവികളെയും വധിക്കാൻ ഇസ്രായേലിന് കഴിഞ്ഞത് ഇറാനിലുള്ള ചാരന്മാരുടെ സഹായത്താലാണ്.
വെള്ളിയാഴ്ച പുലർച്ച വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇറാനകത്തുനിന്ന് ഡ്രോൺ ഉപയോഗിച്ച് തകർത്തശേഷമാണ് നൂറിലേറെ കേന്ദ്രങ്ങൾ ആക്രമിച്ചത്. വർഷങ്ങളുടെ ആസൂത്രണത്തിൽ ഡ്രോൺ ഭാഗങ്ങൾ വാഹനത്തിൽ കടത്തി കൂട്ടിയോജിപ്പിച്ചാണ് ലോഞ്ചറുകൾ തകർത്തതെന്നാണ് മൊസാദ് അവകാശവാദം. ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ തെഹ്റാനിൽ കൊല്ലപ്പെട്ടതിന് പിന്നിലും ചാരന്മാരുടെ സഹായം ഉണ്ടായിരുന്നു. ഹനിയ്യയുടെ മുറി കൃത്യമായി ആക്രമിക്കാൻ ഇസ്രായേലിന് കഴിഞ്ഞു. ഇതിന് ശേഷമെങ്കിലും ചാരശൃംഖലയുടെ വേരറുക്കാൻ ഇറാന് കഴിയാതിരുന്നതിന് അവർ വലിയ വില നൽകേണ്ടിവന്നു.
പതിറ്റാണ്ടുകളായി മൊസാദ് ചാരന്മാർ ഇറാനിൽ പ്രവർത്തിക്കുന്നതായാണ് വിലയിരുത്തൽ. തന്ത്രപ്രധാന സ്ഥാനങ്ങളിലും ഉന്നതതലത്തിലും വരെ നുഴഞ്ഞുകയറാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. ഇസ്രായേൽ ചാരന്മാർ എന്നാരോപിച്ച് ഏഴുപേരെ ഈയിടെ ഇറാൻ അറസ്റ്റ് ചെയ്തിരുന്നു. ചിലരെ കഴിഞ്ഞ ദിവസം തൂക്കിലേറ്റുകയും ചെയ്തു. ചാരന്മാരുടെയും സഹായികളുടെയും വിചാരണ വേഗത്തിൽ തീർക്കുമെന്ന് ഇറാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഗുലാം ഹുസൈൻ മുഹ്സിനി ഇജെയി വ്യക്തമാക്കി. രാജ്യം യുദ്ധമുഖത്താണുള്ളതെന്നും യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ ഇത്തരം കേസുകൾ തീർപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെൽ അവിവ്: ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ലാ ഖാംനഈയെ വധിച്ചാൽ യുദ്ധം അവസാനിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു. യു.എസ് ചാനലായ എ.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിനിടെയാണ് നെതന്യാഹുവിന്‍റെ പ്രസ്താവന. ഇസ്രായേൽ ഇറാനിൽ നടത്തുന്ന ആക്രമണത്തെ ന്യായീകരിച്ച നെതന്യാഹു, ഖാംനഈയെ 'ആധുനിക ഹിറ്റ്ലർ' എന്നാണ് വിളിച്ചത്.
ഖാംനഈയെ കൊല്ലാനുള്ള പദ്ധതിയെ യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വീറ്റോ ചെയ്തെന്ന റിപ്പോർട്ടുകളെ നെതന്യാഹു നിഷേധിക്കുകയാണുണ്ടായത്. 'അത് (ഖാംനഈ വധം) സംഘർഷം വർധിപ്പിക്കുകയല്ല, അവസാനിപ്പിക്കുകയാണ് ചെയ്യുക' -നെതന്യാഹു പറഞ്ഞു.
ഇറാനാണ് ഇസ്രായേലിനെ യുദ്ധത്തിലേക്ക് തള്ളിവിടുന്നത് എന്നാണ് നെതന്യാഹുവിന്‍റെ വാദം. എക്കാലവും യുദ്ധമാണ് ഇറാൻ ആഗ്രഹിക്കുന്നത്. ആണവയുദ്ധത്തിന്‍റെ വക്കിലേക്ക് ഞങ്ങളെ എത്തിക്കുകയാണ്. ഇസ്രായേൽ ഇത് പ്രതിരോധിക്കുകയാണ് ചെയ്യുന്നത്. തിന്മയുടെ ശക്തികളെ ചെറുത്തുനിന്നുകൊണ്ട് മാത്രമേ അത് ചെയ്യാൻ കഴിയൂ -നെതന്യാഹു പറഞ്ഞു.
ഇസ്രായേൽ-ഇറാൻ സംഘർഷം പൂർണ യുദ്ധത്തിലേക്ക് നീങ്ങുകയാണോയെന്ന ആശങ്കയിലാണ് ലോകം. ഇന്നലെ തുടർച്ചയായ നാലാംരാത്രിയിലും ഇരുഭാഗത്തുനിന്നും ആക്രമണമുണ്ടായി. ഇറാൻ തലസ്ഥാനമായ തെഹ്റാനിലെ ഡിസ്ട്രിക്ട് 3യിൽ ഉൾപ്പെടെ നിരവധിയിടങ്ങളിൽ ഇസ്രായേൽ വ്യാപക ആക്രമണം നടത്തി. ഇറാൻ സ്റ്റേറ്റ് ടി.വി ആസ്ഥാനത്തും ഇസ്രായേൽ ബോംബിട്ടു. നിരവധി മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായാണ് വിവരം. ഇറാൻ സർക്കാർ ഉടമസ്ഥതയിലുള്ള വാർത്താ ഏജൻസിയായ സ്റ്റേറ്റ് ടിവിയിൽ തൽസമയ വാർത്ത സംപ്രേഷണം നടന്നുകൊണ്ടിരിക്കെയാണ് ആക്രമണമുണ്ടായത്. വലിയ സ്ഫോടനം നടക്കുന്നതും വാർത്ത അവതാരക ഇറങ്ങിയോടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇസ്രായേൽ മുന്നറിയിപ്പ് നൽകിയതിന് സമാനമായി തെൽ അവിവിലെ ജനങ്ങൾക്ക് ഇറാനും മുന്നറിയിപ്പ് നൽകിയിരുന്നു. ജനങ്ങൾ എത്രയും വേഗം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറണമെന്നായിരുന്നു മുന്നറിയിപ്പ്. ഇതിന് പിന്നാലെ ഇസ്രായേൽ കേന്ദ്രങ്ങളിലേക്ക് ഇറാൻ മിസൈലുകൾ തൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.