പശ്ചിമേഷ്യയിലെ യു.എസ് താവളങ്ങളിൽനിന്ന് സൈനികരെ മാറ്റുന്നു; വീണ്ടും യുദ്ധഭീതി?

വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സുപ്രധാന യു.എസ് വ്യോമതാവളങ്ങളിൽ നിന്ന് സൈനികരെ പിൻവലിക്കുന്നു. മുൻകരുതലുകളുടെ ഭാഗമായാണ് സൈനിക പിന്മാറ്റമെന്ന് മുതിർന്ന യു.എസ് ഉദ്യോഗസ്ഥൻ വാർത്ത ഏജൻസിയായ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തി.

ഇറാനിൽ യു.എസ് ആക്രമണമുണ്ടാകുന്ന പക്ഷം അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നൽകിയ മുന്നറിയിപ്പിന് സമാനമായി സൗദി അറേബ്യ, യു.എ.ഇ, തുർക്കിയ രാജ്യങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പിന്നാലെയാണ് മേഖലയിലെ വ്യോമ താവളങ്ങളിൽനിന്ന് സൈനികരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നത്. സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ വധിക്കാൻ തുനിഞ്ഞാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ഇറാന് യു.എസ് പ്രസിഡന്‍റ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

പശ്ചിമേഷ്യയിലെ യു.എസിന്‍റെ ഏറ്റവും വലിയ സൈനിക ആസ്ഥാനം ഖത്തറിലെ അൽ ഉദൈദാണ്. 10,000 ഓളം സൈനികരുള്ള മേഖലയിലെ ഏറ്റവും വലിയ യു.എസ് താവളമാണ് ഉദൈദ്. കഴിഞ്ഞവർഷം ഇറാൻ ആക്രമണത്തിന് മുമ്പും ഇവിടെനിന്ന് സൈനികരെ വൻതോതിൽ മാറ്റിയിരുന്നു. ഇറാനിലെ ആണവ നിലയങ്ങൾ ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഉദൈദിൽ ഇറാൻ പ്രത്യാക്രമണം നടത്തിയിരുന്നു.

ബുധനാഴ്ച വൈകീട്ടോടു കൂടി അൽ ഉദൈദ് താവളം വിട്ടുപോകാൻ പല സൈനികർക്കും നിർദേശം നൽകിയതായാണ് വിവരം. യു.എസ് ഇറാനെ ആക്രമിച്ചേക്കുമെന്ന ആശങ്ക മേഖലയിൽ വീണ്ടും യുദ്ധഭീതി പരത്തുകയാണ്. അതേസമയം, ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ യു.എസ് ഇടപെടൽ അംഗീകരിക്കാനാകി​ല്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉടൻ ആക്രമിക്കാനുള്ള ട്രംപ് ഭരണകൂട നീക്കം തൽക്കാലം നിർത്തിവെക്കണ​മെന്ന് അറബ് രാജ്യങ്ങളും ഇസ്രായേലും യു.എസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇറാനിയൻ ഉദ്യോഗസ്ഥരുമായുള്ള എല്ലാ കൂടിക്കാഴ്ചകളും റദ്ദാക്കിയതായി ട്രംപ് നേരത്തെ അറിയിച്ചിരുന്നു. ഇറാനികൾക്കുള്ള സഹായം വന്നുകൊണ്ടിരിക്കുകയാണെന്നും ട്രംപ് അദ്ദേഹത്തിന്‍റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

‘പ്രതിഷേധക്കാരുടെ വിവേകശൂന്യമായ കൊലപാതകങ്ങൾ അവസാനിക്കുന്നതുവരെ ഇറാനിയൻ ഉദ്യോഗസ്ഥരുമായുള്ള എല്ലാ കൂടിക്കാഴ്ചകളും ഞാൻ റദ്ദാക്കിയിരിക്കുന്നു. ഇറാനിയൻ ദേശസ്നേഹികളേ, പ്രതിഷേധിക്കുന്നത് തുടരൂ - നിങ്ങളുടെ സ്ഥാപനങ്ങളെല്ലാം ഏറ്റെടുക്കൂ... കൊലയാളികളുടെയും ദുരുപയോഗം ചെയ്തവരുടെയും പേരുകൾ സൂക്ഷിക്കുക. അവർ വലിയ വില നൽകേണ്ടിവരും’ -ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു.

അതിനിടെ, ഇറാനി​ലുള്ള ഇന്ത്യക്കാർ അടിയന്തരമായി രാജ്യം വിടണമെന്ന് തെഹ്റാനിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. കരുതിയിരിക്കണമെന്നും പ്രക്ഷോഭ സ്ഥലങ്ങളിൽ എത്തരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. മറ്റു രാജ്യങ്ങളും സമാനമായി ഒഴിപ്പിക്കൽ നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. 

Tags:    
News Summary - US withdrawing some troops from key Middle East bases as precaution, US official says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.