ന്യൂയോർക്ക്: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകളും അദ്ദേഹത്തിന്റെ ഒന്നാം ഭരണകാലത്തെ മുഖ്യ ഉപദേശകയുമായിരുന്ന ഇവാങ്ക ട്രംപിനെ വധിക്കാൻ ഇറാൻ്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) പരിശീലനം നൽകിയ ഭീകരൻ ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ട്. യുഎസ് മാധ്യമമായ 'ന്യൂയോർക്ക് പോസ്റ്റ്' ആണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്.
മേയ് 15-ന് തുർക്കിയിൽ വെച്ച് പിടിയിലാവുകയും പിന്നീട് യു.എസിലേക്ക് നാടുകടത്തപ്പെടുകയും ചെയ്ത മുഹമ്മദ് ബാക്കർ സാദ് ദാവൂദ് അൽ-സാദിയാണ് ഇവാങ്കയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്. ഫ്ലോറിഡയിലുള്ള ഇവാങ്കയുടെ വസതിയുടെ കൃത്യമായ രൂപരേഖ ഇയാളുടെ പക്കൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
ആറ് വർഷം മുമ്പ് ബാഗ്ദാദിൽ വെച്ച് യു.എസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ സൈനിക മേധാവി ഖാസിം സുലൈമാനിയുടെ മരണത്തിന് പ്രതികാരം ചെയ്യാനായിരുന്നു ഈ നീക്കം. ട്രംപിന്റെ നേതൃത്വത്തിലായിരുന്നു സുലൈമാനിയെ യു.എസ് വധിച്ചത്. "ട്രംപ് നമ്മുടെ വീട് തകർത്തതുപോലെ, ഇവാങ്കയുടെ വീടും കത്തിക്കാൻ നമുക്ക് അവളെ കൊല്ലണം" എന്ന് അൽ-സാദി പറഞ്ഞിരുന്നതായി വാഷിങ്ടണിലെ ഇറാഖി എംബസി മുൻ ഡെപ്യൂട്ടി മിലിട്ടറി അറ്റാഷെ എന്റിഫാദ് ഖാൻബർ വെളിപ്പെടുത്തി. സംഭവത്തിൽ യു.എസ് സുരക്ഷാ ഏജൻസികൾ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.