ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കുന്നതിന് യു.എസുമായി ജൂൺ അവസാനത്തോടെ കരാറിലെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എന്നിലെ ഇറാൻ അംബാസഡർ അമീർ സയീദ് ഇറവാനി പറഞ്ഞു. ഈ മാസം അവസാനത്തോടെ ധാരണയിലെത്തുമെന്ന് കരുതുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ, "ഞങ്ങൾ അങ്ങനെ പ്രതീക്ഷിക്കുന്നു. ഞങ്ങൾ അങ്ങനെ പ്രതീക്ഷിക്കുന്നു" എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പാകിസ്താന്റെ മധ്യസ്ഥതയിലുള്ള യുഎസും ഇറാനും "നിർദേശങ്ങൾ വെക്കുകയും കൈമാറുകയും ചെയ്യുന്നുണ്ടെന്ന്" അംബാസഡർ അമീർ സയീദ് ഇറവാനി പറഞ്ഞു. "ഞങ്ങൾക്ക് ഒരു അന്തിമ രേഖ ലഭിച്ചിട്ടില്ല, പക്ഷേ അത് ലഭിക്കാൻ ഞങ്ങൾ ശ്രമിക്കുകയാണ്," തിങ്കളാഴ്ച ന്യൂയോർക്കിൽ നടന്ന യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെടിനിർത്തൽ സമഗ്രമാണെന്നും ലെബനൻ ഉൾപ്പെടെയുള്ള മേഖലയ്ക്ക് ഇത് ബാധകമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
അതേസമയം ലബനാനിലെ ഇസ്രായേലിന്റെ നിർബന്ധിത ഒഴിപ്പിക്കൽ ഉത്തരവുകളുടെ നിയമസാധുതയെ യു.എൻ ചോദ്യം ചെയ്തു. തെക്കൻ, കിഴക്കൻ ലബനാനിലെ ജനങ്ങളെ നിർബന്ധിത ഒഴിപ്പിക്കലിനായി ഇസ്രായേൽ സൈന്യം പുറപ്പെടുവിച്ച നിർദേശങ്ങൾ നിലവിലെ സാഹചര്യങ്ങളിൽ സുരക്ഷിതമായി നടപ്പാക്കാൻ കഴിയില്ലെന്ന് ഒരു യു.എൻ വക്താവ് പറഞ്ഞു. ലബനാൻ അധിനിവേശത്തിനും ബോംബാക്രമണത്തിനും ഇടയിൽ സാധാരണക്കാരെ കൂട്ടത്തോടെ കുടിയിറക്കുന്ന ഇസ്രായേൽ അന്താരാഷ്ട്ര മാനുഷിക നിയമം പാലിക്കുന്നുണ്ടോ എന്നതിൽ.എൻ ഉദ്യോഗസ്ഥൻ ആശങ്ക പ്രകടിപ്പിച്ചതായും അൽജസീറ റിപ്പോർട്ട് ചെയ്തു.
ഇതിനിടെ ഇറാനെ വീണ്ടും ആക്രമിച്ചാൽ ഇസ്രായേൽ ഒറ്റപ്പെടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഏപ്രിലിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം ഉണ്ടായ പുതിയ സായുധ സംഘർഷം താൽക്കാലികമായി നിർത്തുമെന്ന് ഇസ്രായേലും ഇറാനും അറിയിച്ചതിനു പിന്നാലെയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിന് ട്രംപ് താക്കീത് നൽകിയത്. താൻ നെതന്യാഹുവിനെ വിളിച്ച് ആക്രമണങ്ങൾ നിർത്താൻ ആവശ്യപ്പെട്ടതായി ട്രംപ് പറഞ്ഞു. "'ബീബി, നിങ്ങൾ ജാഗ്രത പാലിക്കുന്നതാണ് നല്ലത്, അല്ലെങ്കിൽ നിങ്ങൾ വളരെ വേഗം ഒറ്റപ്പെടും' എന്ന് താൻ നെതന്യാഹുവിനോട് പറഞ്ഞതായി ട്രംപ് വ്യക്തമാക്കി. ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ മാരകമായ ബോംബാക്രമണത്തെ തുടർന്ന് ഞായറാഴ്ച മേഖല വീണ്ടും സംഘർഷത്തിലേക്ക് നീങ്ങിയിരുന്നു. ഇറാൻ വടക്കൻ ഇസ്രായേലിൽ മിസൈൽ ആക്രമണം നടത്തി പ്രതികരിച്ചു. ഇസ്രായേലിൽ ആളപായങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെങ്കിലും ഇറാനിലെ തെഹ്റാനിലും ഇസ്ഫഹാനിലും തബ് റീസിലും ഇസ്രായേൽ ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചു. ഇതോടെ ഇറാൻ വീണ്ടും ഇസ്രായേലിൽ ആക്രമണം നടത്തി. സംഘർഷം താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നുവെന്ന് ഇറാനും ഇസ്രായേലും അറിയിച്ചിരിക്കുകയാണ്.
ഇസ്രായേൽ നീക്കങ്ങൾ ഇറാനുമായി നയതന്ത്ര ചർച്ചകളെ തടസ്സപ്പെടുത്തുകയും യു.എസിൽ നിന്ന് തനിക്ക് കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവരുമെന്ന ആശങ്കയിലുമാണ് ട്രംപിന്റെ ഭീഷണി. യുദ്ധം ആരംഭിച്ച് ഏകദേശം 100 ദിവസം പിന്നിട്ടിട്ടും ഇറാനുമായി ഒരു കരാറിൽ എത്താൻ വൈകുന്നത് കനത്ത വിമർശത്തിന് ഇടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.