ന്യൂയോർക്ക്: ഇറാൻ യുദ്ധത്തെത്തുടർന്നുണ്ടാകുന്ന ഇന്ധന-വളപ്രതിസന്ധികൾ ലോകമെമ്പാടുമുള്ള 3 കോടിയിലധികം ആളുകളെ ദാരിദ്ര്യത്തിലേക്ക് നയിക്കുമെന്ന് യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാം (UNDP) മേധാവി അലക്സാണ്ടർ ഡി ക്രൂ മുന്നറിയിപ്പ് നൽകി. റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ലോകം നേരിടാൻ പോകുന്ന കടുത്ത സാമ്പത്തിക-ഭക്ഷ്യ പ്രത്യാഘാതങ്ങളെക്കുറിച്ച് സംസാരിച്ചത്.
ഹുർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് കപ്പലുകളുടെ ഗതാഗതം തടസ്സപ്പെട്ടതോടെ ആഗോളതലത്തിൽ വളത്തിന്റെ ലഭ്യത കുറഞ്ഞു. ഇത് കാർഷിക ഉൽപ്പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. 2026 അവസാനത്തോടെ വിളവെടുപ്പിൽ വലിയ കുറവുണ്ടാകാൻ ഇത് കാരണമാകും. വരും മാസങ്ങളിൽ ഭക്ഷ്യ അരക്ഷിതാവസ്ഥ അതിന്റെ ഏറ്റവും ഉയർന്ന നിലയിൽ എത്തുമെന്ന് ഡി ക്രൂ പറഞ്ഞു. ‘യുദ്ധം നാളെ അവസാനിച്ചാൽ പോലും, ഇതിനകം ഉണ്ടായ ആഘാതങ്ങൾ മാറ്റാനാവില്ല. ഇത് 3 കോടിയിലധികം ആളുകളെ ദാരിദ്ര്യത്തിലേക്ക് നയിക്കും’ അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 0.5% മുതൽ 0.8% വരെ ഈ പ്രതിസന്ധി മൂലം ഇതിനകം നഷ്ടപ്പെട്ടതായി കണക്കാക്കപ്പെടുന്നു. പതിറ്റാണ്ടുകൾ കൊണ്ട് കെട്ടിപ്പടുത്ത നേട്ടങ്ങൾ നശിപ്പിക്കാൻ വെറും എട്ട് ആഴ്ചത്തെ യുദ്ധം മതിയെന്ന് മുൻ ബെൽജിയം പ്രധാനമന്ത്രി കൂടിയായ ഡി ക്രൂ ഓർമിപ്പിച്ചു.
ലോകത്ത് ഉൽപ്പാദിപ്പിക്കപ്പെടുന്ന വളത്തിന്റെ വലിയൊരു ഭാഗം മിഡിൽ ഈസ്റ്റിൽ നിന്നാണ് വരുന്നത്. ആഗോള വളം വിതരണത്തിന്റെ മൂന്നിലൊന്ന് ഭാഗവും കടന്നുപോകുന്നത് ഹുർമുസ് കടലിടുക്കിലൂടെയാണ്. ഈ പാതയിലെ തടസ്സങ്ങൾ ആഗോളതലത്തിൽ വിലക്കയറ്റത്തിന് കാരണമാകുമെന്ന് ലോകബാങ്കും ഐ.എം.എഫും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
സുഡാൻ, ഗസ്സ, യുക്രെയ്ൻ എന്നിവിടങ്ങളിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന മാനുഷിക പ്രവർത്തനങ്ങളെയും ഈ യുദ്ധം ബാധിക്കുന്നുണ്ട്. ഫണ്ടിന്റെ കുറവും ആവശ്യക്കാരുടെ എണ്ണത്തിലുണ്ടായ വർധനവും മൂലം പലർക്കും സഹായം എത്തിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. സഹായം കൊണ്ട് മാത്രം ജീവൻ നിലനിർത്തുന്ന ലക്ഷക്കണക്കിന് ആളുകൾ ഇതോടെ കൂടുതൽ ദുർബലമായ അവസ്ഥയിലേക്ക് മാറുമെന്നും യു.എൻ മേധാവി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.