വാഷിങ്ടൺ/തെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം അവസാനിപ്പിക്കാൻ ഇറാന് മുന്നിൽ പതിനഞ്ചിന നിർദേശങ്ങൾ മുന്നോട്ടുവെച്ച് യു.എസ്. ഓപറേഷൻ എപിക് ഫ്യൂരി എന്ന പേരിൽ യു.എസും ഇസ്രായേലും ഇറാനുനേരെ തുടങ്ങിവെച്ച ആക്രമണം 26 ദിവസം പിന്നിടുമ്പോഴാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുദ്ധ വിരാമത്തിനുള്ള നിർദേശങ്ങൾ സമർപ്പിച്ചത്. ട്രംപിന്റെ നിർദേശങ്ങൾ ഇറാന് കൈമാറിയതായി രണ്ടുദിവസമായി മധ്യസ്ഥ ശ്രമം തുടരുന്ന പാകിസ്താന്റെ നയതന്ത്ര പ്രതിനിധികൾ വ്യക്തമാക്കി. വാർത്തകൾക്കുപിന്നാലെ, എണ്ണ വിലയിൽ കുറവുണ്ടായി. എന്നാൽ, വെടിനിർത്തൽ ചർച്ചകൾ ഇറാൻ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. യുദ്ധം ആഭ്യന്തര പ്രതിസന്ധിയിലാഴ്ത്തിയ അമേരിക്ക സ്വന്തം ജനങ്ങളോട് തന്നെയാണ് ചർച്ച നടത്തേണ്ടതെന്ന് ഇറാൻ സൈനിക വക്താവ് ഇബ്രാഹീം ദുൽഫഖ്രി പരിഹസിച്ചു.
അതേസമയം, ട്രംപിന്റെ നിർദേശങ്ങളോട് മൗനം പാലിച്ച ഇസ്രായേൽ ബുധനാഴ്ചയും ഇറാനിലും ലബനാനിലും രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. രണ്ട് രാജ്യങ്ങളിലുമായി ഇന്നലെ 40 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
15 ഇന നിർദേശങ്ങൾ സംബന്ധിച്ച് യു.എസോ പാകിസ്താനോ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. 2025 മേയിൽ ആണവ ചർച്ചയുമായി ബന്ധപ്പെട്ട് ട്രംപ് സമർപ്പിച്ച നിർദേശങ്ങൾ ഭേദഗതികളോടെ അവതരിപ്പിച്ചുവെന്നാണ് സൂചന. ഇറാന്റെ ആണവപദ്ധതിക്കുമേൽ കർശന നിയന്ത്രണം, മിസൈൽ നിയന്ത്രണം തുടങ്ങിയവയായിരുന്നു അതിൽ.
ഹുർമുസ് നിയന്ത്രണം സംബന്ധിച്ച കാര്യങ്ങളായിരിക്കും ട്രംപിന്റെ സമാധാന നിർദേശങ്ങളെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന് പകരമായി, ഇറാനെതിരായ ഉപരോധം എടുത്തുകളയാനും സാധ്യതയുണ്ട്. അതേസമയം, യു.എസുമായി നേരിട്ടുള്ള വെടിനിർത്തൽ ചർച്ച നടന്നിട്ടില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് ഇറാൻ. സ്വന്തം ജനങ്ങൾക്കുമുന്നിൽ പിടിച്ചുനിൽക്കാൻ ട്രംപ് വ്യാജ വാർത്തകൾ ചമക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. എന്നാൽ, തങ്ങളുമായി സൗഹൃദമുള്ള രാജ്യങ്ങളുമായി വിഷയത്തിൽ സംഭാഷണം നടന്നതായി പാകിസ്താനിലെ ഇറാന്റെ അംബാസഡർ റിസ അമീറി വ്യക്തമാക്കി. പാകിസ്താൻ, ഈജിപ്ത്, തുർക്കിയ എന്നീ രാജ്യങ്ങൾ നടത്തുന്ന ഇടപെടലുകളും അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.