ബർലിൻ/തെഹ്റാൻ: ഇറാനുമായുള്ള ആണവ കരാറിലേക്ക് അമേരിക്കയെ തിരികെ കൊണ്ടുവരാൻ ലക്ഷ്യമിട്ട് വൻശക്തി രാജ്യങ്ങളുടെ ചർച്ച ഓസ്ട്രിയൻ തലസ്ഥാന നഗരിയായ വിയനയിൽ ആരംഭിക്കുന്നു. അമേരിക്കയുമായുള്ള ആണവ ഉടമ്പടി ലക്ഷ്യത്തിലെത്താതിരിക്കാൻ റഷ്യ ശ്രമിക്കുന്നുവെന്ന, ഇറാനിയൻ വിദേശകാര്യ മന്ത്രിയുടെ ആരോപണത്തിനിടെയാണ് വിയനയിൽ റഷ്യയടക്കമുള്ളവർ പങ്കെടുക്കുന്ന ചർച്ച അരങ്ങേറുന്നത്. അതേസമയം, ആരോപണത്തോട് റഷ്യ പ്രതികരിച്ചിട്ടില്ല.
ജർമനി, ഫ്രാൻസ്, ചൈന, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും ചർച്ചയിൽ സംബന്ധിക്കുന്നുണ്ട്. ഇറാനിയൻ പ്രതിനിധികളുമായി അനൗപചാരിക സംഭാഷണം നടത്തുകയെന്ന ലക്ഷ്യത്തിൽ അമേരിക്കൻ നയതന്ത്ര പ്രതിനിധികളും വിയനയിലെത്തുന്നുണ്ട്. ഡോണൾഡ് ട്രംപ് പ്രസിഡൻറ് പദവിയിലിരിക്കെ 2018ൽ അമേരിക്ക ഇറാൻ കരാറിൽനിന്ന് ഏകപക്ഷീയമായി പിന്മാറുകയായിരുന്നു. നിലവിലെ പ്രസിഡൻറ് ജോ ബൈഡൻ കരാർ പുനരാരംഭിക്കണമെന്ന പക്ഷക്കാരനാണ്.
ഇതിനിടെ, അമേരിക്കയുമായുള്ള ആണവ കരാർ പുനരാരംഭിക്കുന്ന സാഹചര്യത്തിൽ, യു.എസ് ജയിലിലുള്ള ഇറാൻ പൗരന്മാരെ വിട്ടയക്കണമെന്ന ആവശ്യവുമായി ഇറാൻ രംഗത്തുവന്നു. ഇറാൻ ജയിലുകളിലുള്ള അമേരിക്കൻ പൗരന്മാരെ വിട്ടുതരുന്നതിനു പകരമായി ഇറാൻ പൗരന്മാരെ അമേരിക്കയും വിട്ടുതരണമെന്നാണ് ഇറാെൻറ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.