ലബനാനിലെ തുറമുഖ നഗരമായ സൗറിലെ ബുർജ് അൽ ശമാലി മേഖലയിൽ ബുധനാഴ്ച ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹത്തിനരികെ വിലപിക്കുന്ന സ്ത്രീകൾ
തെഹ്റാൻ: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി യു.എസുമായുള്ള ചർച്ചയിൽനിന്ന് ഇറാൻ ഔദ്യോഗികമായി പിൻവാങ്ങിയെങ്കിലും പ്രതീക്ഷകൾ അവസാനിച്ചിട്ടില്ലെന്നാണ് മേഖലയിൽ നടക്കുന്ന നയതന്ത്ര നീക്കങ്ങൾ സൂചിപ്പിക്കുന്നത്. ലബനാനിൽ ഇസ്രായേൽ ആക്രമണം തുടരുന്നപക്ഷം വെടിനിർത്തൽ ചർച്ച സാധ്യമല്ലെന്ന നിലപാടിലാണ് ഇറാൻ. ഇതോടെ, പാകിസ്താന്റെ മധ്യസ്ഥതയിലുള്ള ചർച്ചാശ്രമങ്ങൾ വഴിമുട്ടിയെങ്കിലും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങൾ യു.എസും ഇറാനും തുടരുകയാണ്. ഇറാൻ വിദേശകാര്യ മന്ത്രാലയവും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്ക് റൂബിയോയും ബുധനാഴ്ച നടത്തിയ പ്രസ്താവനകൾ ഇതാണ് സൂചിപ്പിക്കുന്നത്.
ഇറാന്റെ നയതന്ത്ര നീക്കങ്ങൾക്ക് ഇപ്പോൾ ചുക്കാൻ പിടിക്കുന്നത് വിദേശ കാര്യ മന്ത്രി അബ്ബാസ് അറാഗ്ചി നേരിട്ടാണ്. ബുധനാഴ്ച കുവൈത്തിലും ബഹ്റൈനിലും നടത്തിയ ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെ, വിഷയത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്ന രാജ്യങ്ങളിലെ പ്രതിനിധികളുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു. ഫ്രാൻസ്, തുർക്കിയ, ഖത്തർ, ഈജിപ്ത്, പാകിസ്താൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായാണ് അദ്ദേഹം ചർച്ച നടത്തിയത്. ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പാകിസ്താൻ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ കരസേനാ മേധാവി ജനറൽ ആസിം മുനീറും പങ്കെടുത്തു. തങ്ങൾക്കെതിരെയുള്ള ‘അമേരിക്കൻ അധിനിവേശത്തിന്’ മറുപടിയായാണ് ഈ ആക്രമണങ്ങൾ എന്നാണ് ഇറാന്റെ ഔദ്യോഗിക വിശദീകരണം.
ഈ രാജ്യങ്ങളിൽ തുർക്കിയ, ഈജിപ്ത്, പാകിസ്താൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ മധ്യസ്ഥ ചർച്ചകളിൽ സജീവമായി നേരത്തെതന്നെ ഇടപെടുന്നുണ്ട്. അടുത്തിടെ ഖത്തറും ഈ സഖ്യത്തിന്റെ ഭാഗമായി. ഹുർമുസ് കടലിടുക്കിലെ പ്രതിസന്ധി മുൻനിർത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ യു.എസിന്റെയും ഇറാന്റെയും നേതാക്കളുമായി നിരന്തരം ചർച്ച നടത്തുന്ന നേതാവാണ്. പ്രശ്ന പരിഹാരത്തിനായി കഴിഞ്ഞമാസം ബ്രിട്ടനുമായി ചേർന്ന് പാരിസിൽ 53 രാജ്യങ്ങളുടെ ഉച്ചകോടിയും അദ്ദേഹം സംഘടിപ്പിച്ചിരുന്നു. ആവശ്യമെങ്കിൽ, ഹുർമുസിൽ നാവിക സേനയെ ഇറക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചതാണ്. സമാധാന ചർച്ചയിൽനിന്ന് ലബനാൻ വിഷയം ഉയർത്തിക്കാട്ടി ഇറാൻ പിൻവാങ്ങിയെങ്കിലും അത് തൽക്കാലത്തേക്കു മാത്രമായിരിക്കുമെന്നാണ് ഈ നീക്കങ്ങൾ സൂചിപ്പിക്കുന്നത്.
സമാനമായ വിലയിരുത്തലാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്ക് റൂബിയോയുടെയൂം പ്രസ്താവന വ്യക്തമാക്കുന്നത്. ചർച്ച പുനരാരംഭിക്കുമെന്നും അടുത്ത ഘട്ടത്തിൽ ഇറാന്റെ ആണവപദ്ധതികളും ചർച്ചയിൽ ഉയർന്നുവരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ചർച്ചയുടെ മുന്നോട്ടുപോക്കിന് വിലങ്ങുതടിയായി ഇപ്പോൾ നിൽക്കുന്നത് ഇസ്രായേൽ നിലപാടാണ്. രണ്ട് ദിവസമായി വാഷിങ്ടണിൽ ലബനാൻ-ഇസ്രായേൽ നാലാംഘട്ട വെടിനിർത്തൽ ചർച്ച നടക്കുകയാണ്.
ഇതിനിടയിലും ദക്ഷിണ ലബനാനിലും തലസ്ഥാനമായ ബൈറൂത്തിന്റെ പ്രാന്തപ്രദേശങ്ങളിലും ഇസ്രായേൽ വ്യോമ-ഡ്രോൺ ആക്രമണങ്ങൾ തുടരുകയാണ്. കഴിഞ്ഞ 48 മണിക്കൂറിനിടെ, ഇസ്രായേൽ സൈനികാക്രമണത്തിൽ ചുരുങ്ങിയത് 40 പേരെങ്കിലും ലബനാനിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ലബനാനിലെ സൈനിക നീക്കം അവസാനിപ്പിക്കുക എന്നത് യുദ്ധവിരാമത്തിനുള്ള ഇറാന്റെ പ്രധാന വ്യവസ്ഥകളിലൊന്നാണ്. സഖ്യരാഷ്ട്രങ്ങളിൽ ഒന്നാമതുള്ള യു.എസ് ഇതിന് വഴങ്ങിയെങ്കിലും ആക്രമണവും അധിനിവേശവും തുടരുമെന്ന ഇസ്രായേൽ നിലപാടാണ് ഇപ്പോൾ വിഷയത്തെ സങ്കീർണമാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.