യു.എസ് വീണ്ടും ആക്രമിച്ചാൽ ദീർഘവും വേദനാജനകവുമായ തിരിച്ചടിയെന്ന് ഇറാൻ

തെഹ്റാൻ: അമേരിക്ക ആക്രമണം പുനരാരംഭിച്ചാൽ ഗൾഫ് മേഖലയിലുടനീളമുള്ള യു.എസ് കേന്ദ്രങ്ങളിൽ "ദീർഘവും വേദനാജനകവുമായ ആക്രമണങ്ങൾ" നടത്തുമെന്ന് ഇറാൻ. ഹുർമുസ് കടലിടുക്ക് തുറക്കുന്നതിനായി അമേരിക്ക പുതിയ ആക്രമണത്തിന് തയ്യാറെടുക്കുന്നത എന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇറാൻ നിലപാട് കടുപ്പിച്ച് രംഗത്തെത്തിയത്.

ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധത്തിന് രണ്ട് മാസത്തിന് ശേഷവും ലോകത്തിലെ എണ്ണ, പാചക വാതക വിതരണത്തിന്റെ 20 ശതമാനവും നടക്കുന്ന ഹുർമുസ് കടലിടുക്ക് അടച്ചിട്ടിരിക്കുകയാണ്. ഇത് ആഗോളതലത്തിൽ തന്നെ എണ്ണവില വൻതോതിൽ വർധിക്കാനിടയാക്കിയിരിക്കുകയാണ്. അത് ആഗോള തലത്തിൽ സാമ്പത്തിക മാന്ദ്യത്തിന്റെ അപകടസാധ്യതകളെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നതിനും കാരണമായി.

ഇറാൻ- യു.എസ് സംഘർഷം പരിഹരിക്കുന്നതിന് പാകിസ്താന്റെ നേതൃത്വത്തിൽ ആരംഭിച്ച മധ്യസ്ഥ ശ്രമങ്ങൾ സ്തംഭിച്ചിരിക്കുകയാണ്. ഏപ്രിൽ 8 മുതൽ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും, യു.എസ് ഉപരോധം തുടരുന്നതിനാൽ ഇറാൻ ഹുർമുസ് കടലിടുക്ക് തുറന്നുകൊടുക്കാൻ തയ്യാറായിട്ടില്ല.

എന്നാൽ യു.എസുമായുള്ള ചർച്ചകൾ അവസാനിപ്പിച്ചിട്ടില്ലെന്ന് ഇറാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഗുലാം-ഹുസൈൻ മുഹ്സിനി പറഞ്ഞു. "യുദ്ധത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നില്ല, പക്ഷേ ഞങ്ങൾ അതിനെ ഭയപ്പെടുന്നില്ല," അദ്ദേഹം പറഞ്ഞതായി ഐ.ആർ.ഐ.ബി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. "നമ്മുടെ അന്തസ്സിന് ഭീഷണിയുണ്ടായാൽ, നമ്മുടെ അന്തസ്സിനായി നാം പോരാടും, ഇതാണ് നമ്മുടെ രാജ്യത്തിന്റെ ഉറച്ച നിലപാട്." അദ്ദേഹം പറഞ്ഞു.

ഇറാൻ ചർച്ചകളെ സ്വാഗതം ചെയ്യുന്നുവെന്നും നയതന്ത്രം "യുക്തിയിലും യുക്തിബോധത്തിലും അധിഷ്ഠിതമാണെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു. അടിച്ചേൽപ്പിക്കലിനെ അംഗീകരിക്കുന്നില്ലെന്നും ആക്രമണത്തിലൂടെയും ഭീഷണികളിലൂടെയും നേടിയെടുക്കാത്തത് ചർച്ചയിലൂടെ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കക്കെതിരേ ഇറാൻ നിയമനടപടി സ്വീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇറാൻ-യുഎസ് സമാധാന ചർച്ചയുടെ രണ്ടാംഘട്ടം അവസാന നിമിഷം മാറ്റിവെക്കുകയായിരുന്നു. സമാധാനം പുനഃസ്ഥാപിക്കാൻ ഇറാൻ ആണവ നിരായുധീകരണത്തിന് തയ്യാറാവണമെന്നാണ് യു.എസിന്റെ ആവശ്യം. ഇത് ഇറാൻ അംഗീകരിക്കുന്നില്ല. ചർച്ചക്ക് ഇറാൻ മുന്നോട്ടുവെച്ച മൂന്ന് ആവശ്യങ്ങൾ യു.എസും അംഗീകരിച്ചിട്ടില്ല

Tags:    
News Summary - Iran threatens painful response if US renews attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.