ഫ്ലൈദുബൈ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ പ്രശംസിച്ച് ട്രംപ്, ഹീറോയെന്ന് വിശേഷണം; ‘സഹപൈലറ്റ് ഭീകരവാദിയാകാം’
ന്യൂഡൽഹി: ഫ്ലൈദുബൈ വിമാനത്തിലെ കോക്പിറ്റ് ആക്രമണത്തിനിടെ യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ ഇടപെട്ട ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. സ്മിത് മച്ചാറിനെ ‘ഹീറോ’ എന്ന് വിശേഷിപ്പിച്ച ട്രംപ്, ഗുരുതരമായി പരിക്കേറ്റിട്ടും വിമാനത്തിലെ യാത്രക്കാരെ രക്ഷിക്കാൻ നിർണായകമായി ഇടപെട്ട സ്മിത് മച്ചാറിന്റെ ധൈര്യത്തെ പ്രശംസിച്ചു.
പരിക്കേറ്റ അവസ്ഥയിലും കോക്പിറ്റ് വാതിൽ തുറന്ന് സഹായം തേടാൻ സ്മിത് മച്ചാറിന് സാധിച്ചതിനെ ട്രംപ് പ്രത്യേകം പരാമർശിച്ചു. സഹപൈലറ്റ് ‘ഒരുപക്ഷേ ഭീകരവാദിയാകാം, അല്ലെങ്കിൽ മാനസികമായി പ്രശ്നമുള്ളയാളാകാം’ എന്ന തരത്തിലുള്ള പരാമർശവും ട്രംപ് നടത്തി. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഫ്ലൈദുബൈ സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംഭവത്തെക്കുറിച്ച് വിശദമായി സംസാരിച്ചതായി ട്രംപ് പറഞ്ഞു.
ക്യാപ്റ്റൻ സ്മിത് മച്ചാർ ഗുരുതരമായി പരിക്കേറ്റിരുന്നെങ്കിലും കോക്പിറ്റ് വാതിൽ തുറക്കാൻ സാധിച്ചെന്നും സഹായത്തിനായി വിളിച്ചെന്നും നെതന്യാഹു പറഞ്ഞതായി ട്രംപ് പറഞ്ഞു. ഈ ഇടപെടലാണ് യാത്രക്കാരെയും മറ്റ് ജീവനക്കാരെയും കോക്പിറ്റിലേക്ക് എത്താൻ സഹായിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സ്മിത് മച്ചാർ ഗുരുതരമായ പരിക്കുകളോടെ വളരെ മോശം അവസ്ഥയിലായിരുന്നുവെന്നും എന്നാൽ ആ സാഹചര്യത്തിലും അദ്ദേഹത്തിന് കാര്യങ്ങൾ മനസ്സിലാക്കി പ്രതികരിക്കാനും സഹായം തേടാനും സാധിച്ചുവെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
സെപ്റ്റംബർ 30ന് ദുബൈയിൽ നിന്ന് തെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബൈ FZ1073 വിമാനത്തിലായിരുന്നു സംഭവം. വിമാനത്തിൽ 174 പേരുണ്ടായിരുന്നു. യാത്രക്കിടെ കോക്പിറ്റിൽ ക്യാപ്റ്റനും സഹപൈലറ്റും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. സഹപൈലറ്റ് മച്ചാറിനെ ആക്രമിച്ചതിനെ തുടർന്ന് വിമാനം പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നു. ഫ്ലൈറ്റ് ട്രാക്കിങ് വിവരങ്ങൾ പ്രകാരം ഏകദേശം 34,000 അടി ഉയരത്തിൽ സഞ്ചരിച്ചിരുന്ന വിമാനം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ 14,000 അടിയിലധികം താഴേക്ക് പോയി.
ഗുരുതരമായി പരിക്കേറ്റ മച്ചാർ കോക്പിറ്റ് വാതിൽ തുറന്നതോടെ യാത്രക്കാരും ജീവനക്കാരും അകത്തേക്ക് കടന്നു. ആക്രമണം നടത്തിയതായി ആരോപിക്കപ്പെടുന്ന സഹപൈലറ്റിനെ കീഴടക്കിയ ശേഷം വിമാനത്തിലുണ്ടായിരുന്ന മറ്റൊരു ഫ്ലൈദുബായ് ക്രൂ വിമാനം നിയന്ത്രണത്തിലാക്കി. തുടർന്ന് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി.
സംഭവത്തിൽ പരിക്കേറ്റ ക്യാപ്റ്റൻ സ്മിത് മച്ചാർ തബൂക്കിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും മച്ചാറിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.