ഇറാൻ സ്റ്റേറ്റ് ടിവി ആസ്ഥാനം മിസൈൽ ആക്രമണത്തിൽ തകർന്നു; ലൈവ് അവതരണത്തിനിടെ മിസൈൽ വന്നുവീണു, വീണ്ടും തിരിച്ചെത്തി സംപ്രേഷണം തുടർന്ന് അവതാരക, ആളിക്കത്തുന്ന ഓഫീസിന് മുന്നിൽ മുറിവേറ്റ കൈകളുമായി റിപ്പോർട്ടർ -വിഡിയോ

തെഹ്റാൻ: ഇസ്രായേൽ -ഇറാൻ യുദ്ധം കൂടുതൽ സങ്കീർണതയിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. ഇറാൻ സ്റ്റേറ്റ് ടിവി ആസ്ഥാനം ഇസ്രായേലിന്റെ മിസൈൽ ആക്രമണത്തിൽ തകർന്നു.

ഇറാൻ സർക്കാർ ഉടമസ്ഥതയിലുള്ള വാർത്താ ഏജൻസിയായ സ്റ്റേറ്റ് ടിവിയിൽ തൽസമയ വാർത്ത സംപ്രേഷണം നടന്നുകൊണ്ടിരിക്കെയാണ് ആക്രമണം. വലിയ സ്ഫോടനം നടക്കുന്നതും വാർത്ത അവതാരക ഇറങ്ങിയോടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, വീണ്ടും സംപ്രേഷണം പുനരാരംഭിച്ച് അവതാരക അതേ സീറ്റിൽ വന്നിരുന്ന് വാർത്ത വായിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. 

ടി.വി ചാനൽ കെട്ടിടം മിസൈൽ ആക്രമണത്തിന് ശേഷം ആളികത്തുന്നതും അതിന് മുൻപിൽ നിന്ന് മുറിവേറ്റ് രക്തമൊഴുകുന്ന കൈകളുമായി റിപ്പോർട്ട് ചെയ്യുന്ന റിപ്പോർട്ടറുടെ ദൃശ്യങ്ങളുമാണ് പുറത്തുവന്നത്.  

ഇറാൻ തലസ്ഥാനായ തെഹ്റാൻ നഗരത്തിലെ നിവാസികൾ ഒഴിഞ്ഞു പോകണമെന്ന് ഇസ്രായേലിന്‍റെ മുന്നറിയിപ്പ് വന്നതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ പ്രമുഖ വാർത്ത ചാനലിന് നേർക്ക് ആക്രമണം ഉണ്ടായത്. തെഹ്റാന്‍റെ ആകാശം ഇസ്രായേൽ വ്യോമസേനയുടെ പൂർണ നിയന്ത്രണത്തിലാണെന്നും മധ്യ ഇസ്രായേലിലെ തെൽനോഫ് വ്യോമകേന്ദ്രം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. ഇസ്രായേൽ വിജയത്തിന്‍റെ പാതയിലാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. 


അതേസമയം, ഇസ്രായേലിനുള്ള ഇറാെന്റ മുന്നറിയിപ്പും വന്നിട്ടുണ്ട്. തെൽഅവീവിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞുപോകണമെന്നും ശക്തമായ ആക്രമണത്തിന് ഇറാൻ ഇറങ്ങുകയാണെന്നുമുള്ള മുന്നറിയിപ്പാണ് നൽകിയത്.

യുദ്ധം ആരംഭിച്ച് നാലാം ദിവസവും ഇരു രാജ്യങ്ങളും വിട്ടുവീഴചക്ക് തയാറായിട്ടില്ല. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ കുടുംബവീടിന് നേരെ ആക്രമണമുണ്ടായതും ഇറാൻ റെവലൂഷനറി ഗാർഡ് രഹസ്യാന്വേഷണ വിഭാഗം മേധാവി മുഹമ്മദ് കാസിമിയും രണ്ട് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതുമാണ് തിങ്കളാഴ്ചത്തെ പ്രധാന സംഭവം.

ഇറാനിലെ കെർമൻഷാഹിലെ ഫറാബി ആശുപത്രിക്ക് നേരെയും ഇസ്രായേൽ ആക്രമണമുണ്ടായി. ഇറാൻ ​ആക്രമണത്തിൽ ഇസ്രായേലിൽ എട്ടുപേർ കൂടി കൊല്ലപ്പെട്ടു. ഇതുവരെ 24 പേർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. 400ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതുവരെ 350 മിസൈലുകളും 30 മുതൽ 60 വരെ പ്രൊജക്ടൈലുകളുമാണ് ഇറാൻ തൊടുത്തത്. ഇറാനിൽ 220ലേറെ പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

Tags:    
News Summary - Iran state TV attacked in latest wave of Israeli strikes on Tehran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.