തെഹ്റാൻ: അമേരിക്കയിലേക്ക് പോവുകയായിരുന്ന മാർഷൽ ഐലൻഡിന്റെ പതാകയുള്ള എണ്ണ ടാങ്കർ ഒമാൻ ഉൾക്കടലിൽവെച്ച് ഇറാൻ നാവിക സേന കസ്റ്റഡിയിലെടുത്തു. ഇന്ത്യക്കാരായ 24 ജീവനക്കാരാണ് കപ്പലിലുള്ളത്. അഡ്വാൻഡേജ് സ്വീറ്റ് എന്ന കപ്പലാണ് ഇറാന്റെ കസ്റ്റഡിയിലുള്ളതെന്ന് ബഹ്റൈൻ ആസ്ഥാനമായ യു.എസ് അഞ്ചാം കപ്പൽപ്പട പ്രസ്താവനയിൽ പറഞ്ഞു.
കുവൈത്തിൽനിന്ന് പുറപ്പെട്ട കപ്പൽ ഹൂസ്റ്റണിലേക്കുള്ള യാത്രയിലായിരുന്നു. അന്താരാഷ്ട്ര ജലാതിർത്തിയിലൂടെ സഞ്ചരിക്കുമ്പോൾ ഇറാൻ നാവിക സേന പിടികൂടിയതായി വ്യാഴാഴ്ച ഉച്ചക്ക് 1.15നാണ് കപ്പലിൽനിന്ന് അപകട സന്ദേശം ലഭിച്ചതെന്ന് യു.എസ് നാവികസേന വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇറാന്റെ നടപടിയെന്നും മേഖലയുടെ സുരക്ഷക്കും സുസ്ഥിരതക്കും ഇത് ഭീഷണിയാണെന്നും അഞ്ചാം കപ്പൽപ്പട പ്രസ്താവനയിൽ തുടർന്നു.
ഇറാന്റെ അർധ സൈനിക വിഭാഗമായ റെവല്യൂഷനറി ഗാർഡ് കപ്പൽ പിടികൂടിയെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ, ഇറാൻ നാവിക സേനയാണ് കപ്പൽ കസ്റ്റഡിയിൽ എടുത്തതെന്ന് അമേരിക്കൻ നാവികസേന വിഭാഗം പിന്നീട് സ്ഥിരീകരിച്ചു. പേർഷ്യൻ ഉൾക്കടലിൽ ഒരു അജ്ഞാത കപ്പൽ ഇറാനിയൻ കപ്പലുമായി കൂട്ടിയിടിച്ചതിനെത്തുടർന്നാണ് കപ്പൽ പിടിച്ചെടുത്തതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്ത ഏജൻസിയായ ഇർന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.