പാരിസ്: ഫ്രാൻസിലെ എവിയാൻ-ലെ-ബെയിൻസ് നഗരത്തിൽ ലോകനേതാക്കൾ ജി7 (G7) ഉച്ചകോടിക്കായി ഒത്തുകൂടി. യുക്രെയ്ൻ യുദ്ധം, അമേരിക്ക-ഇറാൻ താൽക്കാലിക സമാധാന കരാർ എന്നിവയാണ് ഇത്തവണത്തെ ഉച്ചകോടിയിലെ പ്രധാന ചർച്ചാവിഷയങ്ങൾ. ജൂൺ 15 മുതൽ 17 വരെയാണ് ഉച്ചകോടി നടക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തെഹ്റാനുമായുള്ള സമാധാന ധാരണയുടെ പശ്ചാത്തലത്തിലാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഈ കരാർ ഈ ആഴ്ച ഔദ്യോഗികമായി ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ, ഇറാന്റെ ആണവപരിപാടി, ബാലിസ്റ്റിക് മിസൈൽ ശേഷി, പ്രാദേശിക സുരക്ഷാ ആശങ്കകൾ എന്നിവയും ഉൾക്കൊള്ളുന്ന കൂടുതൽ സമഗ്രമായ കരാറിനായി യൂറോപ്യൻ നേതാക്കൾ ട്രംപിനോട് സമ്മർദ്ദം ചെലുത്തുമെന്നാണ് വിലയിരുത്തൽ.
ലോക ഊർജവിതരണത്തിന് നിർണായകമായ ഹുർമുസ് കടലിടുക്ക് വീണ്ടും പൂർണമായി തുറക്കുന്നതും ആഗോള ഊർജവിതരണത്തിന്റെ സ്ഥിരത ഉറപ്പാക്കുന്നതും ഉച്ചകോടിയിലെ പ്രധാന അജൻഡകളിൽ ഉൾപ്പെടുന്നു. അതേസമയം, പാശ്ചാത്യ രാജ്യങ്ങളുടെ പ്രതിരോധ പിന്തുണ ഉറപ്പാക്കാൻ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയും ഉച്ചകോടിയിൽ നേരിട്ട് പങ്കെടുക്കുന്നുണ്ട്.
റഷ്യക്കെതിരായ ഉപരോധങ്ങളും കീവിന് സൈനികസഹായവും തുടരണമെന്ന് യൂറോപ്യൻ നേതാക്കൾ ട്രംപിനോട് ആവശ്യപ്പെടും. യൂറോപ്പ്, ഉക്രൈൻ, റഷ്യ, അമേരിക്ക എന്നിവ ഉൾപ്പെടുന്ന വിപുലമായ നയതന്ത്ര ചർച്ചാ ചട്ടക്കൂടും അവർ മുന്നോട്ടുവയ്ക്കും. ഖത്തർ, യു.എ.ഇ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ നേതാക്കളുമായും ഉച്ചകോടിയിൽ പ്രത്യേക ചർച്ചകൾ നടക്കും. ഇന്ത്യ, ബ്രസീൽ, കെനിയ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളും തെരഞ്ഞെടുത്ത സെഷനുകളിൽ പങ്കെടുക്കുന്നുണ്ട്.
ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസിലെത്തിയിട്ടുണ്ട്. 'സഹ നേതാക്കളുമായി ഇടപഴകാനും പ്രധാന അന്താരാഷ്ട്ര വെല്ലുവിളികളെക്കുറിച്ച് കാഴ്ചപ്പാടുകൾ കൈമാറാനും കൂടുതൽ സുസ്ഥിരവും സമൃദ്ധവുമായ ഭാവി കെട്ടിപ്പടുക്കുന്നതിന് ഇന്ത്യ പ്രതിജ്ഞബദ്ധമാണെന്ന്" തിങ്കളാഴ്ച എക്‌സ് പോസ്റ്റിൽ അദ്ദേഹം കുറിച്ചു. സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായകമായ ഉഭയകക്ഷി ചർച്ചകൾ നടത്താൻ നിശ്ചയിച്ചിട്ടുളളതായുളള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.